ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചു; ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത് തീവ്രവാദ ആശയങ്ങള്‍; മുസ്ലീം യുവാക്കളെ ജിഹാദില്‍ പങ്കെടുക്കാന്‍ റിക്രൂട്ട് ചെയ്യാന്‍ ശ്രമം; ബംഗാള്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ക്ക് മരണംവരെ തടവ് വിധിച്ച് ഗുജറാത്ത് കോടതി
ബംഗാള്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ക്ക് മരണംവരെ തടവ് വിധിച്ച് ഗുജറാത്ത് കോടതി
അഹമ്മദാബാദ്: ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യദ്രോഹ കുറ്റത്തിന് പിടിയിലാവുകയും ചെയ്ത ബംഗാള്‍ സ്വേദേശികളായ മൂന്ന് യുവാക്കളെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഐ.ബി. പത്താനാമണ് തടവ് ശിക്ഷക്കൊപ്പം 10,000 രൂപ വീതം പിഴ ചുമത്തിയത്.
നിരോധിത സംഘടനയായ അല്‍ ഖ്വയ്ദയുടെ ഉപവിഭാഗമായ അന്‍സാര്‍ ഗസ്വത്തുല്‍ ഹിന്ദില്‍ ചേരുന്നതിനായി പ്രതികള്‍ കശ്മീരിലേക്ക് പോകാന്‍ ഗൂഢാലോചന നടത്തിയതായി കോടതി നിരീക്ഷിച്ചു. യുവാക്കളെ ജിഹാദിന് പ്രേരിപ്പിക്കുകയും ചെയ്തു പ്രതികള്‍. ഇന്ത്യയില്‍ ശരിഅത്ത് നിയമം സ്ഥാപിക്കുക, രാജ്‌കോട്ടിലെ മുസ്ലീം യുവാക്കളെ ജിഹാദില്‍ പങ്കെടുക്കാന്‍ റിക്രൂട്ട് ചെയ്യുക എന്നിവയായിരുന്നു ഇവരുടെ ഗൂഢാലോചനയുടെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പ്രതികള്‍ ഒരു പിസ്റ്റളും 10 വെടിയുണ്ടകളും സംഘടിപ്പിച്ചതായി കോടതി വ്യക്തമാക്കി. ഇവരെ നിയന്ത്രിച്ചിരുന്ന മുസമ്മില്‍ എന്നയാള്‍ വാട്സ്ആപ്പില്‍ ഫോട്ടോകള്‍ അയച്ചതിനെ തുടര്‍ന്ന്, ആയുധത്തിനായി ഇവര്‍ 10,000 നല്‍കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ 2023 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് അഹമ്മദാബാദ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്.
റാഹെ ഹിദായത്ത് എന്ന ടെലിഗ്രാം ഗ്രൂപ്പിലും ഇവര്‍ക്ക് പങ്കുണ്ടായിരുന്നു. 2023 ജൂലൈ 31-ന് രാജ്‌കോട്ട് റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ ഓഫീസിനടുത്തുനിന്നാണ് ബര്‍ദ്വാന്‍ ജില്ലക്കാരനായ അബ്ദുള്‍ ഷക്കൂര്‍ അലി ഷെയ്ഖ്(20), ഹൂഗ്ലി ജില്ലക്കാരനായ അമന്‍ സിറാജ് മാലിക് (23) എന്നീ രണ്ട് പ്രതികളെ എടിഎസ് അറസ്റ്റ് ചെയ്തത്. അബ്ദുള്‍ ഷക്കൂറില്‍നിന്ന് ഒരു പിസ്റ്റളും വെടിയുണ്ടകളും ലഭിച്ചു. അമന്‍ മാലിക്കില്‍നിന്ന് ഒരു മൊബൈല്‍ ഫോണും സിം കാര്‍ഡുകളും പിടിച്ചെടുത്തു.
ചോദ്യം ചെയ്യലില്‍, മൂന്നാം പ്രതിയായ ബര്‍ദ്വാന്‍ ജില്ലക്കാരനായ ഷക്നവാസ് ഏക് ഷാഹിദിനെ (23) രാജ്‌കോട്ടിലെ സോണി ബസാറിലെ ഒരു കെട്ടിടത്തില്‍നിന്ന് കണ്ടെത്തി. അതേ വര്‍ഷം മെയില്‍ അഹമ്മദാബാദില്‍ അനധികൃതമായി താമസിച്ചിരുന്ന നാല് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്യുകയും അല്‍ ഖ്വയ്ദ ശൃംഖലയെ തകര്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 121(എ)ക്ക് പുറമേ, ആയുധ നിയമത്തിലെ സെക്ഷന്‍ 25(1ബി)എ, 27 എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് ഏഴ് വര്‍ഷത്തെ കഠിന തടവിനും കോടതി ശിക്ഷിച്ചു. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.