'മറ്റെന്ത് നഷ്ടപ്പെട്ടാലും സ്‌നേഹം നഷ്ടമാകുന്നത്ര വേദനയുണ്ടാകില്ല':യുവ മോഡല്‍ അഞ്ജലി ജീവനൊടുക്കിയത് ഈ വര്‍ഷം വിവാഹം നടക്കാനിരിക്കെ; മരണത്തിന് മുമ്പ് പ്രതിശ്രുത വരനെ ബന്ധപ്പെടാന്‍ ശ്രമിച്ചു; വിശദമായ അന്വേഷണത്തിന് പൊലീസ്

യുവ മോഡല്‍ അഞ്ജലി ജീവനൊടുക്കിയത് ഈ വര്‍ഷം വിവാഹം നടക്കാനിരിക്കെ

Update: 2025-06-10 10:22 GMT

സൂറത്ത്: സൂറത്തിലെ യുവ മോഡല്‍ അഞ്ജലി വര്‍മോറ( 23) ജീവനൊടുക്കിയത് വിവാഹം നടക്കാനിരിക്കെ. ഈ വര്‍ഷം നടത്താനിരുന്ന വിവാഹം പ്രതിശ്രുത വരന്റെ അമ്മയുടെ മരണത്തെ തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. മരണത്തിന് മുമ്പ് അഞ്ജലി പ്രതിശ്രുത വരനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അയാളെ സമയത്തിന് കിട്ടിയില്ല.

സംഭവം നടക്കുമ്പോള്‍ കുടുംബം വീട്ടിലുണ്ടായിരുന്നില്ല. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു.

മരണത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റും ചര്‍ച്ചയായിരുന്നു. ''ഞാന്‍ നിനക്ക് ഒന്നുമല്ലെന്ന് ഇന്ന് തിരിച്ചറിയുന്നു'' എന്നെഴുതിയ റീല്‍ ആണ് അഞ്ജലി പോസ്റ്റ് ചെയ്തത്. ''മറ്റെന്ത് നഷ്ടപ്പെട്ടാലും സ്‌നേഹം നഷ്ടമാകുന്നത്ര വേദനയുണ്ടാകില്ല'' എന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയ മറ്റൊരു റീലും പങ്കുവച്ചിട്ടുണ്ട്.

ഈ പോസ്റ്റുകളില്‍ ഒന്നും ആരുടെയും പേരുകള്‍ പരാമര്‍ശിച്ചിരുന്നില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫ്രീലാന്‍സ് മോഡലായി ജോലി ചെയ്തുവരികയായിരുന്നു അഞ്ജലി. ഫാഷന്‍ ഷൂട്ടുകള്‍ക്ക് പുറമേ ടെക്‌സ്‌റ്റൈല്‍, കൊമേഴ്‌സ്യല്‍ മോഡലിങ് പദ്ധതികളിലും പ്രവര്‍ത്തിച്ചിരുന്നു.

അഞ്ജലി മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകുകയാണെന്ന് തോന്നിയിരുന്നില്ലെന്നാണ് പ്രതിശ്രുത വരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്ന് അന്വേഷിക്കുകയാണെന്നും ഡിസിപി വിജയ് സിങ് ഗുര്‍ജര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന അഞ്ജലിയെ നാല്‍പതിനായിരത്തോളം പേര്‍ അഞ്ജലിയെ ഇന്‍സ്റ്റഗ്രാമില്‍ മാത്രമായി ഫോളോ ചെയ്തിരുന്നു.

Tags:    

Similar News