ഗുജറാത്തിലെ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ നിന്ന് ഹാക്ക് ചെയ്ത സി.സി.ടി.വി വീഡിയോകള്‍ ടെലിഗ്രാമില്‍ വിറ്റഴിക്കപ്പെടുന്നു; 50,000 സിസി ടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ച് ഇന്റര്‍നെറ്റില്‍ വിറ്റഴിച്ചു; പിന്നില്‍ വലിയ സൈബര്‍ റാക്കറ്റെന്ന് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍

ഗുജറാത്തിലെ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ നിന്ന് ഹാക്ക് ചെയ്ത സി.സി.ടി.വി വീഡിയോകള്‍ ടെലിഗ്രാമില്‍ വിറ്റഴിക്കപ്പെടുന്നു

Update: 2025-11-18 05:20 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ ഒരു ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്ന് ഹാക്ക് ചെയ്ത സി.സി.ടി.വി വീഡിയോകള്‍ ടെലിഗ്രാമില്‍ വിറ്റഴിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. പോലീസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആശുപത്രികളിലെ സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയര്‍ത്തുന്നത്. ഈ വര്‍ഷം ആദ്യമാണ് സംസ്ഥാന പോലീസിന് ഇത് സംബന്ധിച്ച യൂട്യൂബ് വീഡിയോകള്‍ ലഭിച്ചത്.

ആശുപത്രിയില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നതും അവരുടെ ശരീരത്തില്‍ കുത്തിവയ്പ്പുകള്‍ നടത്തുന്നതുമായി വീഡിയോകളായിരുന്നു ഇവ. ചില മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നേരത്തേ നല്‍കിയിരുന്നു. ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വാങ്ങാന്‍ കാഴ്ചക്കാരെ ടെലിഗ്രാം ചാനലുകളിലേക്ക് നയിക്കുന്ന ഒരു ലിങ്ക് ഈ വീഡിയോകളില്‍ ഉണ്ടായിരുന്നു. ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നാണ് ആശുപത്രി ഡയറക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പ്രമുഖ പാശ്ചാത്യ മാധ്യമമായ ബി.ബി.സിയാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്. എന്നാല്‍ ബി.ബി.സി ഈ ആശുപത്രിയുടെ

പേരോ ഏത് നഗരത്തിലാണ് അത് സ്ഥിതി ചെയ്യുന്നതെന്നോ ഉള്ള കാര്യങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല. ഇരകളുടെ സ്വകാര്യത മാനിച്ചാണ് ഇത്തരം ഒരു തീരുമാനം അവര്‍ കൈക്കൊണ്ടത്. ഇത് സംബന്ധിച്ച് ഇതു വരെ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഏതാണ്ട് 50,000 സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ച് ഇന്റര്‍നെറ്റില്‍ വിറ്റഴിച്ച ഒരു വലിയൊരു സൈബര്‍ റാക്കറ്റ് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു.

രാജ്യത്തെ നഗരങ്ങളിലെ സ്ഥാപനങ്ങളില്‍ എല്ലാം തന്നെ സിസിടിവികള്‍ സര്‍വ്വവ്യാപിയായി മാറിയിരിക്കുകയാണ്. മാളുകള്‍, ഓഫീസുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, സ്വകാര്യ അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങള്‍, മുതല്‍ വീടുകള്‍ക്കുള്ളില്‍ പോലും അവ സ്ഥാപിച്ചിട്ടുണ്ട്. സിസിടിവി സുരക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും, മോശമായി ഇന്‍സ്റ്റാള്‍ ചെയ്തതോ കൈകാര്യം ചെയ്യുന്നതോ ആയ സംവിധാനങ്ങള്‍ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പലപ്പോഴും സൈബര്‍ സുരക്ഷാ പരിശീലനം ഇല്ലാത്ത ജീവനക്കാരാണ് ഇത്തരം ക്യാമറകള്‍ കൈകാര്യം ചെയ്യുന്നത്. 2018 ല്‍, ബെംഗളൂരു നഗരത്തിലെ ഒരു ടെക്കി തന്റെ വെബ്ക്യാം ഹാക്ക് ചെയ്യപ്പെട്ടുവെന്നും തന്റെ സ്വകാര്യ വീഡിയോകള്‍ പങ്കിടാതിരിക്കുന്നതിന് പകരമായി ഹാക്കര്‍ പണം ആവശ്യപ്പെട്ടതായും പരാതിപ്പെട്ടിരുന്നു. 2023 ല്‍, സ്വകാര്യ വീഡിയോകള്‍ വൈറലായതിനെത്തുടര്‍ന്ന് തന്റെ വീട്ടിലെ സിസിടിവി ഹാക്ക് ചെയ്യപ്പെട്ടതായി ഒരു യൂട്യൂബര്‍ കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം, സുരക്ഷാ, ഡാറ്റാ ലംഘന ചരിത്രമുള്ള വിതരണക്കാരില്‍ നിന്ന് സിസിടിവികള്‍ വാങ്ങരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സിസിടിവി ക്യാമറകളുടെ സൈബര്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതുപോലുള്ള ഹാക്കിംഗ് സംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നതാണ് വാസ്തവം. ആളുകളുടെ സ്വകാര്യ വീഡിയോകള്‍ പലതും 800 മുതല്‍ രണ്ടായിരം രൂപ വരെ വിലയ്്ക്കാണ് ഇവര്‍ നല്‍കിയത്.

സ്ത്രീ രോഗിയുടെ സ്വകാര്യത ലംഘിക്കല്‍, അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കല്‍, ലൈംഗികച്ചുവയുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍, സൈബര്‍ ഭീകരത എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ടെലിഗ്രാമിലും യൂട്യൂബിലും ബന്ധപ്പെട്ടുവെന്നും വീഡിയോകള്‍ പിന്‍വലിച്ചെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. കേസില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News