ഹരികുമാറിന് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്നറിയാന്‍ നേരിട്ട് സംസാരിച്ച് മജിസ്‌ട്രേട്ട്; മാനസിക പ്രശ്‌നമില്ലെന്ന് പ്രാഥമിക വിലയിരുത്തല്‍; സഹോദരിയുടെ രണ്ടു വയസ്സുകാരി മകളെ കൊന്നത് താനല്ലെന്ന് ഹരികുമാര്‍ മൊഴി മാറ്റിയെന്ന് സൂചന; ബാലരാമപുരത്ത് ഇനി ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍; കൊല നടന്ന രാത്രി ആ വീട്ടില്‍ സംഭവിച്ചതെന്ത്? കൊലയില്‍ അമ്മ കുടുങ്ങുമോ?

Update: 2025-02-04 09:44 GMT

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാല്‍കോണത്ത് രണ്ടുവയസ്സുകാരി ദേവനന്ദയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാറിന്റെ മാനസികനില പരിശോധിക്കണമെന്ന് കോടതി. ഹരികുമാറിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടായിരുന്നു നെയ്യാറ്റിന്‍കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം. കൊലപാതകത്തിന്റെ ദുരൂഹതകള്‍ നീക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. അതിനിടെ പ്രതി കുറ്റം നിഷേധിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. കുഞ്ഞിനെ കൊന്നത് താനല്ലെന്നാണ് ഹരികുമാര്‍ പറഞ്ഞുവെന്നാണ് സൂചന. ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതി കുറ്റ നിഷേധം നടത്തിയാല്‍ കേസ് എത് തലത്തിലേക്ക് വേണമെങ്കിലും നീങ്ങും.

രാവിലെയോടെ പ്രതി ഹരികുമാറിനെ കോടതിയില്‍ പൊലീസ് ഹാജരാക്കി. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി 3 ദിവസത്തെ കസ്റ്റഡി അനുവദിച്ചു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്നറിയാന്‍ മജിസ്‌ട്രേറ്റ് ഇയാളുമായി സംസാരിച്ചു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഇല്ലെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്താന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. പ്രതിക്ക് വൈദ്യസഹായം ആവശ്യമാണെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഹരികുമാറിനെ ഉടന്‍ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും.

കൊലചെയ്യുന്നതിന് മുമ്പ് ഹരികുമാര്‍ നടത്തിയ ഫോണ്‍ ചാറ്റുകള്‍, ദേവേന്ദുവിനെ കിണറ്റില്‍ കൊണ്ടിടാനുള്ള കാരണം, മുറിക്കുള്ളില്‍ തീയിട്ടതിന്റെയും വിറക് പുരക്ക് സമീപം കയര്‍കെട്ടിതൂക്കിയതിന്റെയും കാരണം എന്നിവയും അന്വേഷിക്കും. ദേവേന്ദുവിന്റെ കൊലപാകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ബാലരാമപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.

പ്രതിയെ നയിച്ചത് സഹോദരിയോടുള്ള കടുത്ത വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നി. കുഞ്ഞിന്റെ കരച്ചില്‍ പ്രതിക്ക് അരോചകമായി മാറി. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന് വിരോധത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നത്. പ്രതിയെ നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലിലാണടച്ചത്. അതിന് ശേഷമാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹരികുമാറിന്റെ മൊഴിയില്‍ സ്ഥിരതയില്ല. ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ അല്ല പ്രതി പിന്നീട് പറയുന്നത്. മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നതായാണ് പ്രതി പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നാണ് പ്രതി ഹരികുമാര്‍ സമ്മതിച്ചതായും എസ്പി പറഞ്ഞു. പിന്നീട് ഹരികുമാറിന്റെ സഹോദരിയായ ശ്രീതുവിനെ ജോലി തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു വയസ്സുകാരിയുടെ കൊലയില്‍ ശ്രീതുവിനും പങ്കുണ്ടെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ ഹരികുമാര്‍ നല്‍കുന്ന മൊഴി നിര്‍ണ്ണായകമാകും. ഇതിന് ശേഷം ശ്രീതുവിനേയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

അതിന് ശേഷം പ്രതി ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. അതിനിടെ 30 ലക്ഷത്തോളം രൂപ ശ്രീതു തട്ടിയെടുത്തെന്ന് കണ്ടെത്തല്‍. ജ്യോല്‍സന്‍ ദേവീദാസന്‍ പണം തട്ടിയെടുത്തെന്ന പരാതി നല്‍കി പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്ന നിഗമനത്തില്‍ പോലീസ് എത്തിയിട്ടുണ്ട്. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്നതില്‍ അമ്മാവന്‍ ഹരികുമാറിനപ്പുറം മറ്റൊരാളുടെ പങ്കിന് ഇതുവരെ പൊലീസിന്റെ കയ്യില്‍ തെളിവൊന്നുമില്ല. പക്ഷെ ഹരികുമാര്‍ പറയുന്ന കാരണത്തിലും അമ്മ ശ്രീതുവിന്റെ മൊഴികളിലും പൊലീസിന് പൂര്‍ണവിശ്വാസവുമില്ല. അതിനാല്‍ കൂട്ടുപ്രതികളുണ്ടോയെന്നും യഥാര്‍ത്ഥ കാരണവും ഉറപ്പിക്കലാണ് രണ്ടാംഘട്ട അന്വേഷണത്തിന്റെ ലക്ഷ്യം.

രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കേസ് തെളിയിക്കാനാണ് ശ്രമം. ഹരികുമാറിന് ശ്രീതുവിനോടുള്ള പ്രത്യേക താല്‍പര്യം, ഇരുവരും തമ്മിലുള്ള വാട്‌സപ് ചാറ്റുകള്‍, കൊല നടന്ന രാത്രി ആ വീട്ടില്‍ സംഭവിച്ചതെന്ത്? ഈ കാര്യങ്ങള്‍ കേന്ദ്രീകരിച്ചാവും ചോദ്യം ചെയ്യല്‍. ഇതോടെ ശ്രീതുവിനോ മറ്റാര്‍ക്കെങ്കിലുമോ കൊലയില്‍ പങ്കോ അറിവോ ഉണ്ടോയെന്ന് ഉറപ്പിക്കാനാവുമെന്ന് പൊലീസ് കരുതുന്നു. അതിനിടെ ശ്രീതു വന്‍ തട്ടിപ്പുകാരിയെന്ന വിവരമാണ് ഓരോ ദിവസവും പൊലീസിന് ലഭിക്കുന്നത്. കരിക്കകത്തെ ജ്യോല്‍സന്‍ ശംഖുമുഖം ദേവീദാസന്‍ 36 ലക്ഷം തട്ടിയെടുത്തെന്ന ശ്രീതുവിന്റെ പരാജി വ്യാജമെന്നാണ് പൊലീസ് നിഗമനം. പണം കൈമാറിയെന്ന് ശ്രീതു പറഞ്ഞ പൊതുപ്രവര്‍ത്തകനെ കണ്ടെത്താനായിട്ടില്ല.

Tags:    

Similar News