ഉച്ചത്തില്‍ പാട്ടുവച്ച് നഗരത്തില്‍ ആഘോഷ പ്രകടനം; കാറുകളും ബൈക്കുകളുമായി അകമ്പടി; ജാമ്യം ആഘോഷമാക്കി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍; ദൃശ്യങ്ങള്‍ പുറത്ത്

ജാമ്യം ആഘോഷമാക്കി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍; ദൃശ്യങ്ങള്‍ പുറത്ത്

Update: 2025-05-23 09:20 GMT

ബെംഗളൂരു: ഇരുപത്താറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ജാമ്യത്തിലറങ്ങിയ പ്രതികള്‍ ഉച്ചത്തില്‍ പാട്ടുവച്ച് നഗരത്തില്‍ ആഘോഷ പ്രകടനം നടത്തി. ഹാവേരിയിലെ അക്കി ആലൂര്‍ പട്ടണത്തിലാണ് വിജയാഘോഷം നടന്നത്. നഗരത്തിലെ റോഡുകളില്‍ നടന്ന ആഘോഷത്തില്‍ ബൈക്കുകളുടെയും കാറുകളുടെയും സംഘം പ്രതികളെ അനുഗമിച്ചു. പുഞ്ചിരിച്ചും വിജയ ചിഹ്നങ്ങള്‍ കാണിച്ചും ആയിരുന്നു പ്രതികളുടെ ആഘോഷം.

ഒന്നരവര്‍ഷം മുമ്പ് ഹാവേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന ഏഴ് പ്രതികളാണ് കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയത്. എന്നാല്‍, ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കാറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ റോഡില്‍ വിജയാഘോഷം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അഫ്താബ് ചന്ദനക്കട്ടി, മദാര്‍ സാബ്, സമിവുള്ള ലാലന്‍വാര്‍, മുഹമ്മദ് സാദിഖ്, ഷൊയ്ബ് മുല്ല, തൗസിപ് ഛോട്ടി, റിയാസ് സാവികേരി എന്നിവരാണ് കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയ പ്രതികള്‍. 2024 ജനുവരി എട്ടിനായിരുന്നു ഇവരടക്കമുള്ള പ്രതികള്‍ യുവതിയെ കൂട്ടബലാത്സംഗംചെയ്തത്.

ഹാവേരിയിലെ ഹോട്ടലില്‍ മുറിയെടുത്ത വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട യുവതിയെയും യുവാവിനെയും പ്രതികള്‍ ആദ്യം ആക്രമിക്കുകയായിരുന്നു. ഹോട്ടല്‍മുറിയിലേക്ക് അതിക്രമിച്ചുകയറിയ പ്രതികള്‍ ഇരുവരെയും മര്‍ദിച്ചു. പിന്നാലെ യുവതിയെ സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

സദാചാര ഗുണ്ടായിസത്തിനാണ് സംഭവത്തില്‍ പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍, യുവതി മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയതോടെയാണ് ബലാത്സംഗവും പുറത്തറിഞ്ഞത്. ഇതോടെ പ്രതികള്‍ക്കെതിരേ കൂട്ടബലാത്സംഗത്തിനും കേസെടുത്തു.

ആകെ 19 പ്രതികളെയാണ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ 12 പ്രതികള്‍ പത്തുമാസം മുമ്പ് ജാമ്യത്തിലിറങ്ങി. ഇതിനുപിന്നാലെയാണ് ബാക്കി ഏഴ് പ്രതികള്‍ക്കും കേസില്‍ ജാമ്യം ലഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് ആകെ 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ പന്ത്രണ്ട് പേരെ 10 മാസം മുന്‍പ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പ്രധാന പ്രതികളായി കണക്കാക്കപ്പെടുന്ന ബാക്കിയുള്ള ഏഴു പേര്‍ക്കാണ് ഏറ്റവും ഒടുവില്‍ ജാമ്യം ലഭിച്ചത്. പൊലീസ് സ്റ്റേഷനില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ യുവതി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

എന്നാല്‍ കോടതിയില്‍ നടന്ന നടപടിക്രമങ്ങള്‍ക്കിടെ ഇരയ്ക്ക് പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചില്ല. ഇതാണ് പ്രോസിക്യൂഷന്‍ വാദം ദുര്‍ബലമാവുകയും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാവുകയും ചെയ്തത്.

Tags:    

Similar News