'ആകെ ബോറടിയാണ്, ജീവിതത്തിൽ നിരാശയും മടുപ്പും മാത്രം, എൻ്റെ കൈവശം ഒരു സബ് മെഷീൻ ഗണ്ണും 500 ബുള്ളറ്റുകളും ഉണ്ട്'; സ്വന്തമായി വ്യാജ അറസ്റ്റ് വാറണ്ട് നോട്ടീസുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; മണിക്കൂറുകൾക്കകം യുവാവ് പിടിയിൽ; ബോറടി മാറ്റാനെന്ന് വിശദീകരണം

Update: 2024-12-03 06:35 GMT

ഷാങ്‌സി: ബോറടിച്ചതിനെ തുടർന്ന് സ്വന്തം ചിത്രം വച്ച് വ്യാജ 'അറസ്റ്റ് വാറണ്ട്' നോട്ടീസ് ഉണ്ടാക്കി പൊലീസിനെ ഞെട്ടിച്ച് യുവാവ്. ചൈനയിലാണ് എലാവരെയും അമ്പരിപ്പിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ വടക്കൻ ചൈനയിൽ നിന്നും യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാങ് എന്ന യുവാവാണ് സ്വന്തമായി വ്യാജ അറസ്റ്റ് വാറണ്ട് നോട്ടീസുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. നവംബർ 11 നാണ് ഒരു വ്യാജ സോഷ്യൽ മീഡിയാ അക്കൗണ്ടുണ്ടാക്കി യുവാവ് തന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നത്. അതിൽ 'വാണ്ടഡ് ഓർഡർ' എന്നും എഴുതിയിരുന്നു.

വാണ്ടഡ് ഓർഡർ ചിത്രത്തോടൊപ്പം, 'ഞാൻ ഷാങ്‌സി പ്രവിശ്യയിലെ ചാങ്‌സി നഗരത്തിലെ ക്വിൻയാൻ കൗണ്ടി സ്വദേശിയാണ്. 2024 നവംബർ 10 ന് ഞാൻ ഒരു കമ്പനിയിൽ നിന്ന് 30 ദശലക്ഷം യുവാൻ (4 മില്ല്യൺ യുഎസ് ഡോളർ) തട്ടിയെടുത്തു' എന്നും പോസ്റ്റിൽ പറയുന്നുണ്ട്.

'എൻ്റെ കൈവശം ഒരു സബ് മെഷീൻ ഗണ്ണും 500 ബുള്ളറ്റുകളും ഉണ്ട്. നിങ്ങൾ എന്നെ കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾക്ക് പാരിതോഷികമായി 30,000 യുവാൻ (യുഎസ് $4,000) നൽകും' എന്നും പോസ്റ്റിൽ പറയുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പോസ്റ്റ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് അന്വേഷണവും ആരംഭിച്ചു. പിന്നാലെ മണിക്കൂറുകൾക്ക് ശേഷം ഇയാളെ അറസ്റ്റിലാവുകയായിരുന്നു.

എന്നാൽ, വിശദമായ പരിശോധനകൾ നടത്തിയിട്ടും വാങിൻ്റെ കൈവശം തോക്കുകളോ വെടിക്കോപ്പുകളോ പോലുള്ള നിയമവിരുദ്ധ വസ്തുക്കളൊന്നും പോലീസിന് കണ്ടെത്താനായില്ല. മാത്രമല്ല ഒരു കമ്പനിയിൽ നിന്നും ഇയാൾ പണം തട്ടിയിട്ടില്ലെന്നും പൊലീസിന് മനസ്സിലായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പൊലിസ് ഞെട്ടിക്കുന്ന വിവരം മനസ്സിലാക്കുന്നത്.

തനിക്ക് ആകെ ബോറടിയാണ്, നിരാശയും മടുപ്പും മാത്രമാണ്, ഈ ജീവിതത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, ആരും ശ്രദ്ധിക്കുന്നില്ല അതിനാലാണ് ഇങ്ങനെ ചെയ്തത് എന്ന് വാങ് വെളിപ്പെടുത്തിയത്. എന്നാൽ, തെറ്റിദ്ധാരണജനകമായ വിവരങ്ങൾ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റങ്ങൾ ഇയാളുടെ മേൽ ചാർത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, യുവാവിന്റെ പോസ്റ്റ് വൈറൽ ആവുകയായിരുന്നു. പൊലീസിന്റെ റിപ്പോർട്ടുകൾ പ്രകാരം 24 മണിക്കൂറിനുള്ളിൽ 350,000 കാഴ്‌ചക്കാരെയാണ് പോസ്റ്റ് ആകർഷിച്ചത്. കൂടാതെ 2,500 ലൈക്കുകളും 80 ഓളം കമന്റുകളും, 1,155 ഷെയറുകളും പോസ്റ്റിന് നേടാനായി.

Tags:    

Similar News