തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഗുണ്ടാനേതാവ് സീസിങ് രാജയെ വെടിവെച്ച് കൊന്നു; കൊല്ലപ്പെട്ടത് ബിഎസ്പി നേതാവിന്റെ കൊലപാതക കേസില്‍ പ്രതിയായ ക്രിമിനല്‍; അഞ്ച് കൊലപാതകം അടക്കം 33 ക്രിമിനല്‍ കേസുകളിലെ പ്രതി

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഗുണ്ടാനേതാവ് സീസിങ് രാജയെ വെടിവെച്ച് കൊന്നു

Update: 2024-09-23 04:41 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. ഗുണ്ടാനേതാവ് രാജ എന്നറിയപ്പെടുന്ന സീസിങ് രാജയെ പൊലീസ് വെടിവെച്ച് കൊന്നു. തമിഴകത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബി.എസ്.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ. ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെയും പ്രതിയാണ്.

ചെന്നൈ നീലാങ്കരയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ കൊലപാതകം നടന്നത്. അഞ്ച് കൊലപാതകം അടക്കം 33 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സീസിങ് രാജ. ആന്ധ്രാപ്രദേശിലെ കഡപ്പയില്‍ ഒളിവിലായിരുന്ന രാജയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനായി പോസ്റ്റര്‍ പതിച്ചിരുന്നു. ഇന്നലെ രാജയെ കഡപ്പയില്‍ നിന്ന് അറസ്റ്റ് ചെയ്‌തെന്ന വിവരം ഭാര്യ പുറത്തുവിട്ടിരുന്നു.

ചെന്നൈയിലേക്ക് കൊണ്ടുവരും വഴി നീലാങ്കരയില്‍വച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും പ്രാണരക്ഷാര്‍ഥം വെടിവെക്കേണ്ടി വന്നുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. അറസ്റ്റ് ചെയ്ത രാജയെ പോലീസ് വാഹനത്തില്‍ ചെന്നൈയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായാണ് രാജയുമായി സംഘം ചെന്നൈയിലേക്ക് തിരിച്ചത്. ഇതിനിടയില്‍ തോക്കെടുത്ത് പോലീസിന് നേരെ വെടിവെക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് പ്രതിയെ വെടിവെക്കുന്നത്. വയറിലും നെഞ്ചിലും വെടിയേറ്റ രാജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഗുണ്ടാനേതാവായ രാജക്കെതിരേ 33 കേസുകളുണ്ട്.

ആസംട്രോങ്ങിന്റെ കൊലപാതകക്കേസില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് ആര്‍ക്കോട് സുരേഷിന്റെ ഭാര്യ നേരത്തേ പിടിയിലായിരുന്നു. എസ്. പോര്‍ക്കൊടിയെ ഗൂഢാലോചന കുറ്റംചുമത്തിയാണ് അറസ്റ്റുചെയ്തത്. ആരുദ്ര സ്വര്‍ണനിക്ഷേപപദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഗോള്‍ഡ് ട്രേഡിങ് കമ്പനിയെ പിന്തുണച്ച ആര്‍ക്കോട് സുരേഷ് നേരത്തെ കൊല്ലപ്പെട്ടിരുന്നു. എ. അരുണ്‍ ചെന്നൈ കമീഷണര്‍ പദവിയില്‍ എത്തിയതിന് ശേഷം നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണ് സീസിങ് രാജയുടേത്.

ബി.എസ്.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ. ആംസ്രോങ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എ. അരുണ്‍ പുതിയ കമീഷണറായി എത്തുന്നത്. ജൂണ്‍ അഞ്ചിനാണ് ചെന്നൈ പെരമ്പൂരിലെ വസതിക്ക് സമീപത്തുവെച്ച് ബി.എസ്.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ. ആംസ്‌ട്രോങ്ങിനെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നല്‍കാനെത്തിയവരാണ് കൃത്യം നടത്തിയത്.

മൂന്ന് ബൈക്കുകളിലെത്തിയ ആറു പേര്‍ ആംസ്ട്രോങ്ങിനെ വാള്‍ കൊണ്ട് വെട്ടിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെന്നൈ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറായ ആംസ്‌ട്രോങ് തമിഴ്‌നാട്ടിലെ ദലിത് വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.

സ്വര്‍ണനിക്ഷേപപദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 2500 കോടിയോളം രൂപയുടെ തട്ടിപ്പാണ് ആരുദ്ര നിക്ഷേപപദ്ധതിയുടെ മറവില്‍ നടന്നത്. കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആര്‍ക്കോട്ട് സുരേഷ് ആരുദ്ര ഗോള്‍ഡ് ട്രേഡിങ് കമ്പനിയെ പിന്തുണച്ചപ്പോള്‍ പണംനഷ്ടമായ നിക്ഷേപകരെ പിന്തുണച്ച് ആംസ്‌ട്രോങ്ങും സംഘവും എത്തി. ഇതേത്തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് സുരേഷിന്റെയും ആംസ്‌ട്രോങ്ങിന്റെയും കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

Tags:    

Similar News