ചായ ഉണ്ടാക്കുന്നതിനിടെ ഗ്യാസ് ലീക്കായത് അപകടകാരണമെന്ന് ആദ്യം കരുതി; നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്; ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് എതിരെ പരാമര്‍ശം; അന്വേഷണവുമായി പൊലീസ്
നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അടുക്കളയിലെ തീപിടിത്തത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുട്ടക്കാട് സ്വദേശി സുനിതകുമാരിയുടെ ആത്മഹത്യാക്കുറിപ്പാണ് പൊലീസിന് ലഭിച്ചത്. ആദ്യഘട്ടത്തില്‍ പാചകത്തിനിടെയുണ്ടായ ഗ്യാസ് ലീക്ക് അപകടമാണ് മരണകാരണമെന്നായിരുന്നു നിഗമനമെങ്കിലും, കണ്ടെത്തിയ കുറിപ്പും വിശദമായ പരിശോധനകളും ഇത് തിരുത്തുകയായിരുന്നു.
ആത്മഹത്യാക്കുറിപ്പില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സുനിത ഉന്നയിച്ചിരിക്കുന്നത്. ജോസ് ഫ്രാങ്ക്‌ളിന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നടക്കമുള്ള വെളിപ്പെടുത്തലുകളാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര സ്വദേശിനിയായ സുനിതയെ പൊള്ളലേറ്റ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ് തയ്യാറെടുക്കുകയാണ്. ഈ കണ്ടെത്തലോടെ കേസ് ഒരു പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്.
വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു സുനിത. വീട്ടില്‍ മക്കളും സുനിതയും മാത്രമാണ് താമസം. മകള്‍ രാവിലെ ടെക്നോപാക്കില്‍ ജോലിക്ക് പോയി. സംഭവസമയം മകന്‍ അഖില്‍ വീട്ടില്‍ ഉണ്ടായിരുന്നു. സുനിതയുടെ നിലവിളികേട്ട് ഓടിയെത്തിയ മകനും സമീപവാസികളും ചേര്‍ന്ന് നെയ്യാറ്റിന്‍കര ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.