ഇസ്രായേലിലേക്ക് മനുഷ്യക്കടത്ത്: പ്രതികളായ ദമ്പതിമാര്‍ വിദേശത്തേക്ക് കടക്കാന്‍ നീക്കം നടത്തുന്നുവെന്ന് പരാതി; ഇവരെ കണ്ടെത്താന്‍ ഡിജിപിയുടെ നിര്‍ദേശം

പ്രതികളായ ദമ്പതിമാര്‍ വിദേശത്തേക്ക് കടക്കാന്‍ നീക്കം നടത്തുന്നുവെന്ന് പരാതി

Update: 2024-10-21 12:48 GMT

തൊടുപുഴ: ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് ടൂര്‍ പാക്കേജിന്റെ മറവില്‍ ആളുകളെ കടത്തിയും കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതികളായ ദമ്പതിമാര്‍ വിദേശത്തേക്ക് കടക്കാന്‍ നീക്കം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ കണ്ടെത്താന്‍ സംസ്ഥാന പൊലീസ് മേധാവി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും തൊടുപുഴ ഡിവൈഎസ്പിക്കും നിര്‍ദ്ദേശം നല്‍കി. കാളിയാര്‍ വെട്ടിക്കല്‍ സാന്‍ജോ, ഭാര്യ ആശ എന്നിവരെ കണ്ടെത്താനാണ് നിര്‍ദ്ദേശം.

തൊടുപുഴയില്‍ ഇവര്‍ നടത്തിവന്നിരുന്ന റോസരി ട്രാവല്‍സ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ ആയിരുന്നു തട്ടിപ്പ്. പണം നഷ്ടപ്പെട്ട ചിലര്‍ പരാതി നല്‍കിയതോടെ ഒളിവില്‍ കഴിഞ്ഞിരുന്ന സാന്‍ജോയെ കോട്ടയത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിയുന്ന ഇവര്‍ വ്യാജ പാസ്പോര്‍ട്ടും ആധാറും തരപ്പെടുത്തി വിദേശത്തേക്ക് കടക്കാന്‍ നീക്കം തുടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇരുവരും കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരുന്നതായി പൊലീസിന് സൂചന ലഭിച്ചു. ഇവരെ കണ്ടെത്തുന്നതിന് ഇരു സംസ്ഥാനങ്ങളിലെയും പൊലീസിന്റെ സഹായവും കേരള പൊലീസ് തേടിയിട്ടുണ്ട്.

ഇസ്രായേലിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ടൂര്‍ പാക്കേജ് ഒരുക്കിയാണ് ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്. ഇതിനായി ഒന്നര മുതല്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് ഒരോരുത്തരില്‍ നിന്ന് വാങ്ങുന്നത്. ഇതില്‍ പങ്കെടുക്കുന്നവരില്‍ ഇസ്രായേലില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. ഇവരില്‍ നിന്ന് ആറു മുതല്‍ എട്ട് ലക്ഷം രൂപ വരെ ഇയാള്‍ കൈപ്പറ്റിയിരുന്നു. പണം നല്‍കുന്നവരെ ഗ്രൂപ്പുകളായി ജോര്‍ദാനിലെത്തിച്ച് അവിടെ നിന്ന് ഇസ്രായേലിലേക്ക് കടത്താനായിരുന്നു പദ്ധതി. സാന്‍ജോയുടെ വാക്ക് വിശ്വസിച്ച് ജോര്‍ദാനിലെത്തിയവരെ ഇയാള്‍ തന്ത്രപൂര്‍വം തിരിച്ചയക്കുകയായിരുന്നു.

Tags:    

Similar News