യുവതിയുടെ ശരീരത്തില്‍ പതിമൂന്നോളം പരിക്ക്; ചവിട്ടേറ്റ് കരളിന് ക്ഷതം; തലച്ചോറിനും പരിക്ക്; കൊലപ്പെടുത്തിയത് ചവിട്ടിയും തല നിലത്തടിച്ചും; യുവതിയുടെ കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് അറസ്റ്റില്‍
ഇരിക്കൂര്‍: ഊരത്തൂരില്‍ കശുവണ്ടി പെറുക്കല്‍ ജോലിക്ക് വയനാട്ടില്‍നിന്നെത്തിയ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ (41) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് വയനാട് തലപ്പുഴ പെരിയ ഇരുമനത്തൂര്‍ കാരിമന്തം പണിയ ഉന്നതിയിലെ ആലാറ്റില്‍ രജനിയെ (37) താമസസ്ഥലമായ കശുമാവിന്‍തോട്ടിലെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടത്തിയത്. മൃതദേഹപരിശോധനയില്‍ വയറിനേറ്റ ചവിട്ടും തല നിലത്തടിച്ചതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് കണ്ടെത്തി.
രജനിയുടെ ശരീരത്തില്‍ പതിമൂന്നോളം പരുക്കുണ്ടെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചവിട്ടേറ്റ് കരളിനു ക്ഷതമേറ്റിരുന്നു. തലച്ചോറിനും പരുക്കുണ്ട്. ചവിട്ടിയും തല നിലത്തടിച്ചുമാണു കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കുണ്ടായതായി പ്രതി സമ്മതിച്ചിട്ടുണ്ട്. അതിന് ശേഷം കിടന്നുറങ്ങിയെന്നും രാവിലെ ഭാര്യയെ മരിച്ചനിലയില്‍ കാണുകയായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ബ്ലാത്തൂര്‍ സ്വദേശി ആഷിഖ് പാട്ടത്തിനെടുത്ത തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍ വന്ന ഇവര്‍ ചെങ്കല്ല് കൊത്തി ഒഴിവാക്കിയ ഊരത്തൂരിലെ പണയില്‍ കെട്ടിയ ഷെഡിലായിരുന്നു താമസിച്ചിരുന്നത്.
സമീപത്തെ മുറിയില്‍ താമസിക്കുന്ന ഇവരുടെ ബന്ധുവായ മിനിയാണ് രജനി മരിച്ചുകിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. മിനിയും ഭര്‍ത്താവ് ബാബുവും ഇതേ തോട്ടത്തിലാണ് പണിയെടുക്കുന്നത്. രാത്രിയില്‍ നടന്ന വഴക്കിനെപ്പറ്റി ഇവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയ ബാബു, ഇരിക്കൂര്‍ എസ്എച്ച്ഒ രാജേഷ് ആയോടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷംരജനിയുടെ മൃതദേഹം വയനാട് തലപ്പുഴയിലേക്ക് കൊണ്ടുപോയി.