കളനാശിനി കുടിപ്പിച്ചു; അഞ്ചുദിവസം തുടര്‍ച്ചയായി ഉറക്കഗുളികകള്‍ നല്‍കി; കൊന്ന് ശ്മശാനത്തില്‍ കുഴിച്ച് മൂടി; ഒളിച്ചോടിയതായി ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു; സുഹൃത്തിന്റെ പരാതിയില്‍ തെളിഞ്ഞത് കൊലപാതകം; ഭര്‍ത്താവും സുഹൃത്തുക്കളും പിടിയില്‍

Update: 2025-08-21 00:51 GMT

ന്യൂഡല്‍ഹി: കാണാതായതായി കരുതിയ 30കാരി ഫാത്തിമയെ ഭര്‍ത്താവ് തന്നെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വെളിപ്പെട്ടു. മെഹ്റൗലി മേഖലയിലാണ് സംഭവം. യുപി സ്വദേശിയും പെയിന്റിംഗ് ജോലിക്കാരനുമായ ശബാദ് അലി (47)യാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പദ്ധതിപൂര്‍വ്വം ഭാര്യയെ കളനാശിനി കുടിപ്പിക്കുകയും അഞ്ചുദിവസം തുടര്‍ച്ചയായി ഉറക്കഗുളികകള്‍ നല്‍കുകയും ചെയ്ത ശേഷമാണ് കൊലപാതകം നടന്നത്.

മരണം സ്ഥിരീകരിച്ചതോടെ സുഹൃത്തുക്കളായ ഷാരൂഖ് ഖാനും തന്‍വീറും ചേര്‍ന്ന് മൃതദേഹം സമീപത്തെ ശ്മശാനത്തില്‍ കുഴിച്ചിട്ടു. വസ്ത്രങ്ങള്‍ കനാലില്‍ ഉപേക്ഷിച്ചു. ഫാത്തിമ ഒളിച്ചോടിയതായി ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിക്കാനായി, ഭാര്യയുടെ ഫോണില്‍ നിന്ന് സ്വന്തം ഫോണിലേക്ക് ''മറ്റൊരാളോടൊപ്പം പോകുന്നു'' എന്ന സന്ദേശം അയച്ചതായും പൊലീസ് പറഞ്ഞു. എന്നാല്‍ ഫാത്തിമയെ കാണാതായതോടെ ഒരു സുഹൃത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി. അബോധാവസ്ഥയിലുള്ള ഫാത്തിമയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതായാണ് ദൃശ്യങ്ങളില്‍ കണ്ടത്.

ശബാദ് അലിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സംഭവവിവരങ്ങള്‍ സമ്മതിച്ചു. ആഗസ്റ്റ് 1-നാണ് കൊലപാതകവും മൃതദേഹം മറവു ചെയ്തത്. ആഗസ്റ്റ് 15-ന് പൊലീസ് ശ്മശാനത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ ശബാദ് അലിയും സഹപ്രവര്‍ത്തകരായ രണ്ട് പേരും അറസ്റ്റിലായിരിക്കുകയാണ്. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്.

Tags:    

Similar News