ഫ്ളാറ്റിലെ ലഹരിഉപയോഗം സമീര്‍ താഹിറിന്റെ അറിവോടെ; സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും കൂട്ടുപ്രതികള്‍; സിനിമ പ്രവര്‍ത്തകര്‍ക്ക് ലഹരി എത്തിച്ചുനല്‍കിയ നവീന്‍ എന്ന ഇടനിലക്കാരനെ കണ്ടെത്താനായില്ല; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു
ഫ്ളാറ്റിലെ ലഹരിഉപയോഗം സമീര്‍ താഹിറിന്റെ അറിവോടെ
കൊച്ചി: മലയാള സിനിമയിലെ യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ, ഛായാഗ്രഹകന്‍ സമീര്‍ താഹിര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സമീര്‍ താഹിറിന്റെ അറിവോടെയാണ് ഫ്ളാറ്റിലെ ലഹരി ഉപയോഗമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
എന്നാല്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ലഹരി എത്തിച്ചുനല്‍കിയ ഇടനിലക്കാരനെ കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിയായ നവീന്‍ എന്ന യുവാവാണ് ലഹരി കൈമാറിയത് എന്നായിരുന്നു പ്രതികള്‍ നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലില്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ചാണ് ഹൈബ്രിഡ് കഞ്ചാവുമായി സിനിമ പ്രവര്‍ത്തകരെ എക്സൈസ് പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. കേസെടുത്ത് ആറുമാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ പരിശോധയിലാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. മൂവരും കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.
ആലപ്പുഴ ജിംഖാന, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. അതേസമയം വില കൂടുതലുള്ള ഹൈബ്രിഡ് കഞ്ചാവിന് മലയാള സിനിമയില്‍ ആളുകള്‍ ഏറെയണ്.
രണ്ട് തരത്തിലാണ് കഞ്ചാവുള്ളത്. സറ്റൈവയും ഇന്‍ഡികയും. ഇവ രണ്ടിനെയും ശാസ്ത്രീയമായി സംയോജിപ്പിച്ച്, തിരഞ്ഞെടുത്ത ശാസ്ത്രീയ പ്രജനനത്തിലൂടെ സൃഷ്ടിക്കപ്പെട്ടതാണ് ഹൈബ്രിഡ്. ഔഷധ നിര്‍മാണത്തിലും ലഹരിയായിട്ടും ഇവ ഉപയോഗിക്കുന്നുണ്ട്. ഹൈബ്രിഡ് ഇനങ്ങളുടെ രൂപം സംയോജനത്തിനായി തിരഞ്ഞെടുക്കുന്ന ചെടികളുടെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും. കിലോഗ്രാമിന് ലക്ഷങ്ങളാണ് വില.
മറ്റൊരു കഞ്ചാവ് വകഭേദമാണ് ഹൈഡ്രോ അഥവാ ഹൈഡ്രോപോണിക്. വളരെ വീര്യം കൂടിയതാണ്. ഫാമുകളിലും ഗ്രീന്‍ഹൗസുകളിലായി നിയന്ത്രിത താപനിലയിലും ഈര്‍പ്പത്തിലും വളര്‍ത്തിയെടുക്കുന്നു. ഇവയുടെ ലഹരി കൂടുന്നസമയത്താണ് ഇത് വെട്ടുന്നത്. സാധാരണ കഞ്ചാവില്‍ നിന്നും വ്യത്യസ്തമാണെങ്കിലും നിയമപ്രകാരം, ഹൈബ്രിഡും ഹൈഡ്രോയും സാധാരണ കഞ്ചാവിന് സമാനമായി കണക്കാക്കുന്നു. തായ്ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇവ ലഭിക്കുന്നത്. സാധാരണ കഞ്ചാവിലുള്ളതിനേക്കാള്‍ ടെട്രാഹൈഡ്രോകനാബിനോള്‍ അളവ് ഇവയില്‍ വളരെ കൂടുതലാണ്. ഹൈഡ്രോ കഞ്ചാവ് അത്യധികം ലഹരിയുള്ളതാണ്.
അമിതമായി കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് ശാരീരികമായി മാത്രമല്ല മാനസികമായും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ശരീരഭാരം ക്രമാതീതമായി കുറയും. എല്ലുകളുടെ ബലം കുറയുകയും പൊടിയുന്നതിനും കാരണമാകും. കഞ്ചാവിന്റെ ഉപയോഗം വേഗത്തില്‍ പ്രായം തോന്നിക്കുകയും ഓര്‍മശക്തി ഇല്ലാതാക്കുകയും ചെയ്യും. തലച്ചോറിന് 2.8 വര്‍ഷം വേഗത്തില്‍ പ്രായം കൂട്ടും. തലച്ചോറിനും പ്രായം കൂടുന്നത് രക്തയോട്ടം കുറച്ച് ഹൃദയാഘാതത്തിന് കാരണമാകും.
