ഐബി ഉദ്യോഗസ്ഥയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ആണ്‍സുഹൃത്ത് സുകാന്തിന് എതിരെ ഗുരുതര ആരോപണവുമായി കുടുംബം; തെളിവുകള്‍ പൊലീസിന് കൈമാറി; മലപ്പുറം സ്വദേശി മൂന്നരലക്ഷം യുവതിയുടെ പക്കല്‍ നിന്ന് തട്ടിയെടുത്തെന്നും ആരോപണം; സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഐബി ഉദ്യോഗസ്ഥ ആണ്‍സുഹൃത്ത് സുകാന്തിന്റെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കുടുംബം

Update: 2025-04-01 17:16 GMT

തിരുവനന്തപുരം: ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥ ആണ്‍സുഹൃത്ത് സുകാന്തിന്റെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കുടുംബം. മലപ്പുറം സ്വദേശിയായ സുകാന്തിന് എതിരെയെയാണ് പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചത്.

ലൈംഗിക അതിക്രമം നേരിട്ടതിന്റെയടക്കം തെളിവുകള്‍ കുടുംബം പൊലീസിന് കൈമാറി. സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിക്കുന്നു. സുകാന്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഐബി ഉദ്യോഗസ്ഥയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒളിവില്‍ കഴിയുന്ന സുകാന്തിനെ പിടികൂടാന്‍ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

മാര്‍ച്ച് 24 ന് രാവിലെ 10ന് ആയിരുന്നു സംഭവം. തിരുവനന്തപുരം പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കിലാണു മൃതദേഹം കണ്ടത്. നൈറ്റ്ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതി യൂണിഫോമില്‍ നേരെ ഇവിടെയെത്തിയെന്നാണു നിഗമനം. യുവതി ട്രെയിനിന് മുന്നിലേക്കു ചാടുന്നത് ലോക്കോ പൈലറ്റ് കണ്ടതായി പേട്ടയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്.

കൊച്ചി വിമാനത്താവളത്തില്‍ ഐബി ഉദ്യോഗസ്ഥനാണ് മലപ്പുറം സ്വദേശിയായ സുകാന്ത്. ഐബി പരിശീലന കാലത്താണ് ഇരുവരും അടുപ്പത്തിലായത്. പിന്നീട് പലവട്ടമായി ഇയാള്‍ ഐബി ഉദ്യോഗസ്ഥയില്‍നിന്ന് പണം വാങ്ങിയെന്നും ശമ്പളമുള്‍പ്പെടെ പൂര്‍ണമായും സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്‌തെന്നുമാണ് വിവരം.

സുകാന്തുമായുള്ള അടുപ്പം ഉദ്യോഗസ്ഥ വീട്ടില്‍ അറിയിക്കുകയും വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹക്കാര്യത്തില്‍നിന്ന് സുകാന്ത് ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക സംഘര്‍ഷത്തിലായിരുന്നു. തുടര്‍ന്നാണ് ജോലി കഴിഞ്ഞ് വരവേ സുകാന്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതിനുശേഷം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. സംഭവത്തില്‍ പേട്ട പൊലീസും ഐബിയും അന്വേഷണം തുടരുകയാണ്.

Tags:    

Similar News