അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ്; 50 കോടി വിദേശത്തേക്ക് കടത്തി; മണിചെയിന്‍ മാതൃകയില്‍ കോടികള്‍ കൈപ്പറ്റി; മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയാല്‍ 30 ലക്ഷമെന്ന് കണക്കുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കലും; ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കണ്ടെത്തിയത് അടിമുടി തട്ടിപ്പ്

അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ്;

Update: 2025-01-10 09:43 GMT

തിരുവനന്തപുരം: വിവാദ ജുവല്ലറി അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ റെയ്ഡിലാണ് അടിമുടി തട്ടിപ്പാണ് ജുവല്ലറിയില്‍ നടന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലും മണി ചെയിന്‍ മാതൃകയില്‍ പണം ശേഖരിക്കലും അടക്കം സര്‍വ്വ വിധത്തിലും സ്ഥാപനം തട്ടിപ്പു നടത്തിയെന്നാണ് ഇന്‍കംടാക്‌സ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കലിന് മറയാക്കി സ്ഥാപനം പ്രവര്‍ത്തിച്ചു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 50 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മണിചെയിന്‍ മാതൃകയിലാണ് കോടികള്‍ സ്ഥാപനം കൈപ്പറ്റിയത്. പഴയ സ്വര്‍ണം വാങ്ങുന്നതിന്റെ പേരലും വലിയ തട്ടിപ്പാണ് ജുവല്ലറി നടത്തിയത്. മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയാല്‍ 30 ലക്ഷമെന്ന് കണക്കുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. ഇതിന് മുംബൈയിലുള്ള സ്ഥാപനത്തിന്റെ സഹായവും ജുവല്ലറിക്ക് ലഭിച്ചിട്ടുണ്ട്.

50 കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ദുബായിലേക്കാണ് പണം കടത്തിയത്. രാജ്യത്തിന് നികുതിയായി ലഭിക്കേണ്ട പണമാണ് ഇവര്‍ തട്ടിയെടുത്തത്. സ്ഥാപനത്തിന്റെ തലവന്‍ വ്യക്തിപരമായ ആവശ്യത്തിന് പണം കടത്തിയെന്നും ഇന്‍കംടാക്‌സ് പരിശോധനയില്‍ കണ്ടെത്തി. സംസ്ഥാന വ്യാപകമായി 30 ജുവല്ലറികളിലാണ് ഇന്‍കംടാക്‌സ് പരിശോധന നടത്തിയത്. ജുവല്ലറികളില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.

സ്വര്‍ണ്ം സൂക്ഷിച്ചതിന് അടക്കം പലതിനും കണക്കില്ലെന്നാണ് ഇന്‍കംടാക്‌സ് തിരുവനന്തപുരം യൂണിറ്റിന്റെ കണ്ടെത്തല്‍. അല്‍മുഖ്താദിറിന് നടക്കുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടകള്‍ നേരത്ത മറുനാടന്‍ പുറത്തുവിട്ടിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് അതിവേഗം വളര്‍ന്ന ജുവല്ലറിയാണ് അല്‍ മുക്താദിര്‍. പൂജ്യം ശതമാനം പണിക്കൂലിയെന്ന വാഗ്ദാനവും മാധ്യമങ്ങളില്‍ വലിയ പരസ്യവും നല്‍കിയാണ് ഈ ജുവല്ലറി കേരളത്തില്‍ വിപണി പിടിച്ചത്. വലിയ തോതില്‍ പണം നിക്ഷേപമായി സ്വീകരിച്ചുകൊണ്ടാണ് ജുവല്ലറിയുടെ പ്രവര്‍ത്തനം. ഇതിനോടകം തന്നെ പലവിധത്തിലുള്ള ആരോപണങ്ങള്‍ ഈ ജുവല്ലറി ഗ്രൂപ്പിനെതിരെ ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങള്‍ പരാതികളായി പുറത്തു വരുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ അല്‍ മുക്താദിറിന്റെ കേരളത്തിലെ ശാഖകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തയത.

രണ്ട് ദിവസമായി അല്‍ മുക്താദിറിന്റെ ജുവല്ലറികളില്‍ സംസ്ഥാന വ്യാപകമായി ആദായനികുതി വകുപ്പ് പരിശോധന നടന്നിരുന്നു. ജുവല്ലറിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും ഉയര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അല്‍ മുക്താദിറില്‍ പരിശോധന നടക്കുന്നത്.

ജുവല്ലറിയില്‍ മുന്‍കൂര്‍ പണം സ്വീകരിച്ചുള്ള സ്വര്‍ണ ഇടപാടുകളുമായി ബന്ധപ്പെട്ട പരാതിയുടെ പശ്ചാത്തലത്തിലാണ് പരിശോധന നടനന്നത്. മുന്‍കൂര്‍ പണം വാങ്ങിയ ശേഷം സ്വര്‍ണം നല്‍കിയില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ പ്രാഥമിക പരിശോധനയാണ് നടത്തുന്നത്. മുന്‍കൂര്‍ ഡിപ്പോസിറ്റ് സ്വീകരിക്കുന്ന മാര്‍ഗ്ഗം ജുവല്ലറിയുടെ ഓരോ ശാഖകളിലും നടക്കുന്നുണ്ട്. ഇങ്ങനെ വന്‍തോതില്‍ പലരില്‍ നിന്നുമായി പണം വാങ്ങിയിണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പിന്റി പിടി വീണത്.

അടുത്തിടെ അല്‍മുക്താദിര്‍ സാമ്പത്തികമായി പ്രതിസന്ധിയിലാണെന്ന ആരോപണവുമായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ രംഗത്തുവന്നിരുന്നു. പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു കേരളത്തിലെ സ്വര്‍ണാഭരണ മേഖലയിലേക്ക് ഹലാല്‍ പലിശ തട്ടിപ്പുമായാണ് ജുവല്ലറി എത്തിയതെന്നാണ് ഉത്തരവാദിത്തപ്പെട്ട അബ്ദുല്‍ നാസര്‍ ഉയര്‍ത്തിയ ആരോപണം.

പത്രങ്ങളിലെ പരസ്യം കണ്ട് നിരവധി ഉപഭോക്താക്കള്‍ വിവാഹ ആവശ്യത്തിന് സ്വര്‍ണ്ണം വാങ്ങുന്നതിന് ഇയാളുടെ ഷോറൂമുകളില്‍ എത്തുന്നവരില്‍ നിന്നും വന്‍ തുക ഡെപ്പോസിറ്റ് ആയി സ്വീകരിച്ചിരുന്നു. മൂന്നും,ആറും മാസവും, ഒരു വര്‍ഷവും കഴിഞ്ഞു സ്വര്‍ണ്ണം നല്‍കാമെന്ന് ഉറപ്പിന്മേലാണ് ഇങ്ങനെ ഡെപ്പോസിറ്റുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ സ്വര്‍ണം എടുക്കാന്‍ വരുന്നവര്‍ക്ക് സ്വര്‍ണ്ണം നല്‍കുന്നില്ല. പല ഉപഭോക്താക്കളും കടയടപ്പിക്കാതെ രാത്രി വെളുക്കുവോളം അവിടെ തപസ്സിരുന്നു മറ്റു ഷോറൂമുകളില്‍ നിന്നും സ്വര്‍ണം എത്തിച്ച് സത്യാഗ്രഹം ഇരിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രവണതയാണ് ഇപ്പോള്‍ ജുവല്ലറിയില്‍ നടക്കുന്നത് എന്നാണ് അബ്ദുള്‍ നാസര്‍ ഉയര്‍ത്തിയ ആരോപണം.

്അടുത്തകാലത്തായി ഐക്യരാഷ്ട്രസഭയുടെ ആഗോള സമാധാന സമിതിയുടെ എക്സലന്‍സ് അവാര്‍ഡ് അല്‍ മുക്താദിര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാമിന് ലഭിച്ചുവെന്ന വിധത്തില്‍ വലിയ പ്രചരണം ഈ ജുവല്ലറി ഗ്രൂപ്പ് നടത്തിയിരുന്നു. ഇത് തട്ടിപ്പാണെന്ന് പിന്നാലെ വ്യക്തമാകുകയും ചെയ്തിരുന്നു. അതേസമയം അല്‍ മുക്താദിര്‍ സ്ഥാപനങ്ങള്‍ക്ക് എ.കെ.ജി.എസ്.എം.എ എന്ന സംഘടനയും ഉയര്‍ത്തിയ ആരോപണങ്ങള്‍ വ്യാജമെന്നായിരുന്നു അല്‍ മുക്താദിര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം പറഞ്ഞത്.

Tags:    

Similar News