ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ വെടിയേറ്റു മരിച്ചു; ഈ വര്‍ഷം ടൊറന്റോയില്‍ നടക്കുന്ന 41ാമത്തെ കൊലപാതകം; യുവ ഡോക്ടര്‍ ശിവാങ്ക് അവാസ്തിയെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ പൊതുജന സഹായം തേടി ടൊറന്റോ പോലീസ്; ശിവാങ്കിന്റെ കുടുംബത്തിന് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്
ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ വെടിയേറ്റു മരിച്ചു
ടൊറന്റോ: ടോറന്റോ സര്‍വകലാശാലയ്ക്ക് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റുമരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് യുവ ഡോക്ടര്‍ ശിവാങ്ക് അവാസ്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ടൊറന്റോയില്‍ യില്‍ നടക്കുന്ന 41ാമത്തെ കൊലപാതകമാണിത്.പ്രതിയെ പിടികൂടാനായി പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു.
വൈകുന്നേരം 3.34നാണ് ഹൈലാന്‍ഡ് ക്രീക്ക് ട്രയല്‍, ഓള്‍ഡ് കിങ്സ്റ്റണ്‍ മേഖലയില്‍ ഒരാള്‍ ഗുരുതരമായി പരുക്കേറ്റ് കിടക്കുന്ന വിവരം പൊലീസിനു ലഭിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും വെടിയേറ്റ യുവാവ് മരിച്ചിരുന്നുവെന്ന് ടൊറന്റോ പോലീസ് ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. പോലീസ് എത്തുന്നതിന് മുന്‍പ് തന്നെ പ്രതികള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട്‌പോയതായും പ്രസ്താവനയില്‍ പറയുന്നു.
പ്രതികളെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ 416-808-7400 എന്ന നമ്പറില്‍ പോലീസുമായോ, 416-222-TIPS (8477) എന്ന നമ്പറില്‍ ക്രൈം സ്റ്റോപ്പേഴ്സുമായോ അല്ലെങ്കില്‍ www.222tips.com എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു. ശിവാങ്ക് അവസ്തിയുടെ ദാരുണമായ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ശിവാങ്കിന്റെ കുടുംബത്തിന് ആവശ്യമായ പിന്തുണ നല്‍കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് ഹിമാന്‍ഷി ഖുരാനയെന്ന ഇന്ത്യന്‍ വംശജ ടൊറന്റോയില്‍ കൊല്ലപ്പെട്ടത്. കാണാതായ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു വീടിനുള്ളില്‍ 30കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ടൊറന്റോ സ്വദേശിയായ പ്രതി അബ്ദുല്‍ ഗഫൂരിക്കായി പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.