അജാസുമായി ചേര്‍ന്ന് ഇന്ദുജയെ തന്റെ ജീവിതത്തില്‍ നിന്ന് മാറ്റുന്നതിന് വേണ്ടി അഭിജിത്ത് നടത്തിയ നാടകം ഒടുവില്‍ ആത്മഹത്യയായി; കാറില്‍ വച്ച് അജാസ് മര്‍ദിച്ചിട്ടും പ്രതികരിക്കാത്ത അഭിജിത്ത് നല്‍കിയത് ഒഴിഞ്ഞു പോകണമെന്ന സന്ദേശം; വാട്‌സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തത് തെളിവ് നശീകരണം; പാലോട്ടേത് 'കൊടിയ ജാതി പീഡനം'; രണ്ടു കൂട്ടുകാരും അറസ്റ്റില്‍
പാലോട്: നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. ഇന്ദുജ (25) മരിച്ച കേസില്‍ ഭര്‍ത്താവ് അഭിജിത്ത്, ഇയാളുടെ സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്. അഭിജിത്തിനെതിരെ ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണാക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. അജാസിനെതിരെ ഈ രണ്ടു കുറ്റങ്ങള്‍ക്കു പുറമെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിനെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇരുവരും പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും മര്‍ദിച്ചതായും ചോദ്യം ചെയ്യലില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അജാസും അഭിജിത്തും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള ഫോണ്‍ റെക്കോര്‍ഡുകളും വാട്‌സാപ്പ് ചാറ്റ് ഹിസ്റ്ററികളും കസ്റ്റഡിയില്‍ എടുക്കും മുമ്പേ അജാസ് ക്ലിയര്‍ ചെയ്തിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു അഭിജിത്തും ഇന്ദുജയും വിവാഹതിരാകുന്നത്. എന്നാല്‍ ഇരുവരുടേയും വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. അഭിജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇന്ദുജയെ താന്‍ അല്ല മര്‍ദിച്ചതെന്നും സുഹൃത്ത് അജാസാണ് മര്‍ദിച്ചതെന്നും അഭിജിത്ത് പോലീസിന് മൊഴിനല്‍കി. അഭിജിത്തിന്റെയും ഇന്ദുജയുടേയും കോമണ്‍ ഫ്രണ്ടാണ് അജാസ്. പെണ്‍കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് കാറില്‍ വെച്ച് തന്റെ സാന്നിധ്യത്തില്‍ അജാസ് ഇന്ദുജയെ മര്‍ദിച്ചുവെന്നാണ് അഭിജിത്ത് മൊഴി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ്, അജാസിന്റേയും അഭിജിത്തിന്റെയും ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡുകളും വാട്‌സാപ്പ് ചാറ്റുകളുമടക്കം ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയത്.
ആത്മഹത്യ ചെയ്ത ദിവസം പെണ്‍കുട്ടിയെ അവസാനമായി കണ്ടത് മറ്റാരോ ആയി ഫോണില്‍ കൂടി സംസാരിക്കുമ്പോഴായിരുന്നുവെന്ന് അഭിജിത്തിന്റെ അമ്മൂമ്മ പോലീസിനോട് പറഞ്ഞിരുന്നു. ഇത് അജാസിനോടായിരുന്നു എന്നാണ് ഫോണ്‍ പരിശോധനയില്‍ കണ്ടെത്തിയത്. അജാസിനോട് സംസാരിച്ച തൊട്ടുപിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വവരം. അജാസും അഭിജിത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ തങ്ങളുടെ ജീവിതത്തില്‍ നിന്ന് മാറ്റുന്നതിന് വേണ്ടി നടത്തിയ നാടകം ഒടുവില്‍ പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് സൂചനകള്‍. ജാതി ചൂണ്ടിക്കാട്ടി അഭിജിത്തിന്റെ കുടുംബം ഇരുവരുടേയും വിവാഹത്തിന് എതിര്‍ത്തിരുന്നുവെന്ന് ഇന്ദുജയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ അഭിജിത്തിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ സുഹൃത്തിന്റേയും പങ്ക് വ്യക്തമാകുന്നത്. കൊടി ജാതി പീഡനം നടന്നുവെന്നാണ് വ്യക്തമാകുന്നത്. കാറില്‍ വച്ച് അജാസ് മര്‍ദ്ദിച്ചിട്ടും അഭിജിത് പ്രതികരിക്കാത്തത് തന്റെ ജീവിതത്തില്‍ നിന്നും ഇന്ദുജ ഒഴിഞ്ഞു പോകണമെന്ന സന്ദേശം നല്‍കാനായിരുന്നു.
രണ്ടര വര്‍ഷത്തോളമായി അഭിജിത്തും ഇന്ദുജയും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. തിരുവനന്തപുരത്ത് വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയുടെ ത്രിവേണി ലാബില്‍ ജോലി ചെയ്യുകയായിരുന്നു ഇന്ദുജ. ഇന്ദുജയും അഭിജിത്തും അജാസും എല്ലാം ഒരു സ്‌കൂളില്‍ പഠിച്ചവരാണ്. നാല് മാസം മുമ്പ് ഇന്ദുജ അഭിജിത്തിനോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ലാബിലെ ജീവനക്കാരാണ് ഇത് വീട്ടുകാരെ അറിയിക്കുന്നത്. അന്നേദിവസം തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പാലോട് പോലീസ് സ്റ്റേഷനില്‍ ഇരുവരേയും വിളിച്ചു വരുത്തിയിരുന്നു. ശേഷം വട്ടപ്പാറയിലുള്ള ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാവുകയായിരുന്നു.
സംഭവം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഗാര്‍ഹിക പീഡനത്തിന്റെ സാധ്യതകള്‍ തള്ളിക്കളയാന്‍ ആകില്ലെന്നാണ് പൊലീസ് നിഗമനം. മരണത്തില്‍ ദുരൂഹത ആരോപിച്ചു യുവതിയുടെ കുടുംബം പാലോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, ഭര്‍ത്താവ് അഭിജിത്തിനെ വെള്ളിയാഴ്ച രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തു. ഇന്ദുജയുടെ ശരീരത്തില്‍ കണ്ടെത്തിയ മര്‍ദനമേറ്റ പാടുകള്‍ എങ്ങനെ ഉണ്ടായെന്നും ഇന്ദുജ അആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യവുമാണ് പൊലീസ് പരിശോധിച്ചത്. ഭര്‍ത്താവ് അഭിജിത്ത് വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ്, രണ്ടാം നിലയിലെ കിടപ്പു മുറിയുടെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടത്. സ്വകാര്യ വാഹനകമ്പനിയിലെ കരാര്‍ ജീവനക്കാരനായ അഭിജിത്ത്, ജോലിക്ക് പോയ സമയത്ത് ഭാര്യ കെട്ടിതൂങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രണ്ട് ദിവസമായി ഇന്ദുജ ജോലിക്ക് പോയിരുന്നില്ല. അഭിജിത്തിന്റെ മുത്തശ്ശി മാത്രം വീട്ടിലുള്ള സമയത്താണ്, ഇന്ദുജ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്. തൂങ്ങിയ നിലയില്‍ കാണുമ്പോള്‍ ഇന്ദുജക്ക് ജീവനുണ്ടായിരുന്നെന്നും ജില്ലാ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ ആണ് മരണം സംഭവിച്ചതെന്നുമാണ് അഭിജിത്തിന്റെ കുടുംബം പോലീസിന് നല്‍കിയ വിവരം.