ഇന്‍ക്വസ്റ്റിലെ കളവില്‍ പാടു കണ്ടത് നിര്‍ണ്ണായകമായി; അല്ലെങ്കില്‍ 'പൈങ്കിളി' പറഞ്ഞതു പോലെ ഒരു ചുക്കും സംഭവിക്കില്ലായിരുന്നു; ശംഖുമുഖത്തെ അടിക്കഥയും ഫോണ്‍ വിളിയും ആത്മഹത്യാ വാദത്തിന് ബലമാകുമെന്ന് വിലയിരുത്തി പോലീസ്; ആ 'മറ്റൊരാള്‍' ആരെന്ന് ആര്‍ക്കും അറിയില്ല; ഇന്ദുജയുടെ മരണം ഇപ്പോഴും ദുരൂഹത
തിരുവനന്തപുരം: പാലോട് പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ശശിധരന്‍കാണി, ഷീജ ദമ്പതികളുടെ മകള്‍ ഇന്ദുജ(25)യെ നന്ദിയോട് ഇളവട്ടത്തെ ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയാണെന്ന വാദത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കും. സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് അഭിജിത്തും അജാസും ഇന്ദുജയുടെ സഹപാഠികള്‍. ഇന്ദുജ മറ്റാരുമായോ ഫോണില്‍ സംസാരിക്കുന്നുവെന്ന സംശയത്തില്‍ അജാസ് ഇടപെട്ടതാണ് മര്‍ദനത്തിനും പിന്നീട് ഇന്ദുജയുടെ ആത്മഹത്യയ്ക്കും കാരണമായെന്നാണ് പോലീസ് നിഗമനം. കൊലപാതക സാധ്യത പോലീസ് തള്ളുകയാണ്. അറസ്റ്റിലായവര്‍ കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ കൂടിയാണ് ഇതെല്ലാം.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ദുജയുടെ ഭര്‍ത്താവ് ഇളവട്ടം എല്‍.പി സ്‌കൂളിന് സമീപം ശാലു ഭവനില്‍ നന്ദു എന്ന അഭിജിത്ത് ദേവന്‍ (25), സുഹൃത്ത് പെരിങ്ങമ്മല പഞ്ചായത്ത് ജംക്ഷന് സമീപം എ.ടി. കോട്ടേജില്‍ ടി.എ. അജാസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ റിമാന്‍ഡിലാണ്. ഭര്‍ത്താവ് അഭിജിത്തിനെയും സുഹൃത്ത് അജാസിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണ് ഇരുവരുടെയും പങ്കിനെ കുറിച്ച് വ്യക്തതവന്നതെന്ന് പൊലീസ് പറയുന്നു. മരിച്ച ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അജാസിനെന്ന് പൊലീസ് പറയുന്നു. എന്നാല്‍ അജാസിനെ കുറിച്ച് ഇന്ദുജയുടെ വീട്ടുകാര്‍ക്ക് അറിയത്തുമില്ല. അതിനിടെ മരണത്തില്‍ അഭിജിത്തിന്റെ വീട്ടുകാര്‍ക്കും പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഇന്ദുജയുടെ കുടുംബം.
കഴിഞ്ഞ ബുധനാഴ്ച അജാസ് അഭിജിത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ മുകള്‍നിലയിലെ മുറിയില്‍ ഇരുന്ന് ഇന്ദുജ ഫോണില്‍ ആരുമായോ സംസാരിക്കുന്നതാണ് കണ്ടത്. മറ്റൊരു യുവാവുമായാണ് ഇന്ദുജ സംസാരിക്കുന്നതെന്ന് സംശയിച്ച് അജാസ് ഇന്ദുജയുടെ ഫോണ്‍ പിടിച്ചുവാങ്ങി. തുടര്‍ന്ന് ഇക്കാര്യം അജാസ് അഭിജിത്തിനോടു പറഞ്ഞു. ഇതിനു ശേഷം അജാസ് ഇന്ദുജയെ കാറില്‍ കയറ്റി ശംഖുമുഖത്തു കൊണ്ടുപോയി. അവിടെ വെച്ച് ഇക്കാര്യം പറഞ്ഞ് അജാസ് ഇന്ദുജയെ മര്‍ദിച്ചു. രാത്രിയാണ് ഇന്ദുജയെ വീട്ടില്‍ എത്തിച്ചത്. ഇക്കാര്യത്തില്‍ അഭിജിത്തും ഇന്ദുജയും തമ്മില്‍ വീട്ടില്‍വച്ച് വഴക്കുണ്ടായി. ഇന്ദുജയുടെ ആത്മഹത്യക്ക് കാരണം ഇരുവരുടെയും മര്‍ദ്ദനവും മാനസിക പീഡനവുമാണെന്നും പോലീസ് പറയുന്നു. എന്നാല്‍ കഥയിലെ മറ്റൊരാള്‍ ആരെന്ന് പോലീസ് കണ്ടെത്തിയതുമില്ല.
ഭര്‍ത്താവ് അഭിജിത്തിനെതിരെ ഭര്‍തൃ പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്പിക്കല്‍ കുറ്റങ്ങളാണ് ചുമത്തിയത്. അജാസിനെതിരെ പട്ടികജാതി പീഡനം, മര്‍ദനം,ആത്മഹത്യ പ്രേരണ വകുപ്പുകളും ചുമത്തി. ഇന്ദുജയുടെ ഫോണിലേക്ക് വന്ന അവസാന കോള്‍ അജാസിന്റേതാണ്. തൊട്ടു പിന്നാലെയാണ് ഇന്ദുജ ജീവനൊടുക്കിയത്. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയതെന്ന് പറയുന്നു. ഇന്ദുജയെ ജീവനോടെയാണ് കയറില്‍ നിന്നും ഊരിയെടുത്തതെന്ന് അഭിജിത്ത് പറയുന്നു. ആശുപത്രിയില്‍ കൊണ്ടാക്കിയ ശേഷം അഭിജിത്തും ബന്ധുക്കളും മുങ്ങി. ഇത് തെളിവ് നശീകരണത്തിന് വേണ്ടിയാണെന്ന സംശയവും ഉണ്ട്. എന്നാല്‍ ഇതിലേക്കൊന്നും അന്വേഷണം പോയിട്ടില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇന്ദുജയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനാരോപണം ഉയര്‍ന്നതോടെ അന്ന് തന്നെ ഭര്‍ത്താവ് അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാലു മാസം മുമ്പായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം. ഇരുവരുടെയും പ്രണയത്തെ എതിര്‍ത്ത വീട്ടുകാരെ മറികടന്നത് ഇന്ദുജയെ അഭിജിത്ത് വിളിച്ചിറക്കി അമ്പലത്തില്‍ കൊണ്ട് പോയി താലികെട്ടുകയായിരുന്നു. ഇതിന് ശേഷം വീട്ടുകാരുമായി ഇന്ദുജയ്ക്ക് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. ഭര്‍തൃ വീട്ടില്‍ ഇന്ദുജ നിരന്തരം പീഡനത്തിന് ഇരയായെന്ന ബന്ധുക്കളുടെ ആരോപണവും ഇന്‍ക്വിസ്റ്റിനിടെ ഇന്ദുജയുടെ ദേഹത്ത് കണ്ട പരിക്കുകളുമാണ് കേസില്‍ വഴിത്തിരുവുണ്ടാക്കിയത്. ഈ പരിക്കുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇതൊരു സാധാരണ ആത്മഹത്യയായി മാറുമായിരുന്നു.
തുടക്കത്തില്‍ കേസില്‍ പങ്കില്ലെന്ന വാദം അഭിജിത്തിന്റെ അമ്മ പൈങ്കിളി ഉയര്‍ത്തിയിരുന്നു. ഏത് അന്വേഷണത്തേയും നേരിടുമെന്നും വെല്ലുവിളിച്ചു. മുഖത്തെ പാട് ബസിന്റെ കമ്പിയില്‍ കൊണ്ടതാണെന്നും പറഞ്ഞു വച്ചു. എന്നാല്‍ കവിളിലെ അടി കൈക്കൊണ്ടാണെന്ന് വ്യക്തമായി. ഇതിനിടെ കസ്റ്റഡിയിലുള്ള അഭിജിത്ത് അടി കൊടുത്തുവെന്ന കുറ്റസമ്മതവും നടത്തി. അജാസിനേയും ചൂണ്ടികാട്ടി. ഇതോടെ ആത്മഹത്യാ തിയറിയില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനും പോലീസിന് കഴിയുന്ന സാഹചര്യമുണ്ടായി.