അവസാനമായി വിളിക്കുന്നത് വീട്ടിലേക്ക്; സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നു എന്ന് പറഞ്ഞു; പിന്നീട് വിളിച്ചില്ല; പെണ്‍കുട്ടി അവസാനമായി കണ്ടത് സിഗ്നേച്ചര്‍ ബ്രിഡ്ജ് സമീപം; അവിടുത്തെ സിസിടിവി തകരാറിലായത് തിരിച്ചിലിന് വെല്ലുവിളി; വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴ് ദിവസം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Update: 2025-07-13 07:48 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുളള ആത്മറാം സനാതന്‍ ധര്‍മ കോളേജിലെ വിദ്യാര്‍ഥിനിയായ ത്രിപുര സ്വദേശി സ്‌നേഹ ദേബ്‌നാഥ് (19) ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം ശക്തമാക്കി. സൗത്ത് ത്രിപുരയിലെ സബ്‌റൂം സ്വദേശിനിയായ സ്‌നേഹയെ അഞ്ചുദിവസമായി കാണാനില്ല. ജൂലായ് 7-നാണ് അവസാനമായി അമ്മയെ ഫോണില്‍ വിളിച്ച് സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനിലേക്കുപോകുകയാണെന്ന് അറിയിച്ചതെന്നാണ് കുടുംബത്തിന്റെ മൊഴി. രാവിലെ 5.56ന് നടത്തിയ ആ ഫോണ്‍ വിളിയ്ക്ക് ശേഷം 8.45ന് മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫായെന്നും പിന്നീട് പെണ്‍കുട്ടിയുമായി ബന്ധപ്പെടാനാകാത്തതായും കുടുംബം വ്യക്തമാക്കി.

സ്‌നേഹയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ നാലുമാസമായി പണമെടുക്കല്‍ ഉണ്ടായിരുന്നില്ലെന്നും വിലപിടിപ്പുള്ള വസ്തുക്കളോ അവശ്യ സാധനങ്ങളോ കൈവശമില്ലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. സുഹൃത്ത് മൊഴിപ്രകാരം, കാണാതായ ദിവസം സ്‌നേഹ എത്തിയില്ലെന്നും പൊലീസ് രേഖപ്പെടുത്തി. ടാക്‌സി ഡ്രൈവര്‍ നല്‍കിയ മൊഴിയനുസരിച്ച്, ഡല്‍ഹി സിഗ്നേച്ചര്‍ ബ്രിഡ്ജ് സമീപമാണ് അവസാനമായി സ്‌നേഹയെ കണ്ടതെന്നാണ് വിവരം. എന്നാല്‍, ഈ പ്രദേശത്തെ ഏകദേശം അറുപതോളം സിസിടിവി ക്യാമറകള്‍ തകരാറിലായിരുന്നതിനാല്‍ ദൃശ്യങ്ങള്‍ ലഭിക്കാത്തത് അന്വേഷണത്തിനു വലിയ വെല്ലുവിളിയാകുന്നു.

സംഭവത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയതായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അറിയിച്ചു. പെണ്‍കുട്ടിയെ കുറിച്ച് യാതൊരു വിവരം ലഭിച്ചാലും അതത് പോലീസ് സ്റ്റേഷനിലോ അധികാരികളിലോ അറിയിക്കണമെന്ന് ഡല്‍ഹി പോലീസ് അഭ്യര്‍ഥിച്ചു.

Tags:    

Similar News