ജെയ്നമ്മയെ സ്വീകരണ മുറിയില്‍ വെച്ച് തലക്കടിച്ച് കൊന്നു; ശരീരം കഷണങ്ങളാക്കി കത്തിച്ചു; തറയില്‍ തെറിച്ചു വീണ രക്തക്കറ കേസില്‍ നിര്‍ണായക തെളിവായി മാറി; വീട്ടിലെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്തസാന്നിധ്യം കണ്ടെത്തിയത് മൃതദേഹം മുറിച്ചതിന്റെ സൂചന; ക്രൈംബ്രാഞ്ചിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

ജെയ്നമ്മയെ സ്വീകരണ മുറിയില്‍ വെച്ച് തലക്കടിച്ച് കൊന്നു

Update: 2025-08-19 01:28 GMT

ചേര്‍ത്തല: ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി. ജെയ്‌നമ്മയെ കൊലപ്പെടുത്തി കത്തിച്ചതാണെന്നതിന്റെ തെളിവുകളാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചത്. കോട്ടയം ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചനകള്‍. സ്വീകരണ മുറിയില്‍ വെച്ച് തലക്കടിച്ച് ഇവരെ കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം. ഇതിനിടെ തെറിച്ചുവീണ രക്തത്തിന്റെ കറയുടെ സാംപിള്‍ പരിശോധിച്ചതില്‍ നിന്നുമാണ് കേസില്‍ തുമ്പുണ്ടായത്.

സെബാസ്റ്റ്യനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച തെളിവുകളില്‍ നിന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കൊലപാതകത്തിന് ശേഷം ശരീരം മുറിച്ച് കത്തിച്ചെന്ന സൂചനയും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ വീട്ടിലെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്തസാന്നിധ്യം കണ്ടെത്തിയത് മൃതദേഹം മുറിച്ചതിന്റെ സൂചനയാണ് നല്‍കുന്നത്. തുടര്‍ന്ന് ഓരോ ശരീരഭാഗവും പല സ്ഥലങ്ങളിലായി മറവ് ചെയ്യുകയായിരുന്നു.

സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ തിരച്ചിലില്‍ തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതും ജെയ്നമ്മയുടേതെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണസംഘം. ഇതില്‍ നടത്തിയ ഡി.എന്‍.എ പരിശോധനാഫലം ലഭിച്ചിട്ടില്ല. കത്തിക്കരിഞ്ഞ ചെറിയ എല്ലുകഷണങ്ങളുടെ ഡി.എന്‍.എ പരിശോധന ശ്രമകരമായതിനാലാണ് ഫലം വൈകുന്നതത്രേ.

ജെയ്നമ്മയെ കൊലപ്പെടുത്തിയെന്ന നിഗമനത്തില്‍ കൂടുതല്‍ വ്യക്തത വരത്താന്‍ റിമാന്‍ഡില്‍ കഴിയുന്ന സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. ബിന്ദു പത്മനാഭന്‍ തിരോധാന കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കനാണ് നീക്കം. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ് ഈ നീക്കം. ഇതിനായി അന്വേഷണത്തലവന്‍ ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ അടുത്ത ദിവസം അപേക്ഷ നല്‍കും. ബിന്ദു പത്മനാഭന്‍ കേസുമായി ബന്ധപ്പെട്ട വ്യാജരേഖ ചമക്കല്‍, തട്ടിപ്പു കേസുകളില്‍ വിചാരണയുടെ ഭാഗമായി പ്രതി സെബാസ്റ്റ്യനെ ചൊവ്വാഴ്ച ചേര്‍ത്തല കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

ജെയ്നമ്മ കേസിലെ നിര്‍ണായക കണ്ടെത്തലുകളില്‍ സെബാസ്റ്റ്യന്റെ പങ്ക് തെളിഞ്ഞിരുന്നു. കൃത്യവും ആസൂത്രിതവുമായ നീക്കങ്ങളിലൂടെയാണ് ജെയ്നമ്മയുടെ കൊലപാതകത്തില്‍ കേസന്വേഷിക്കുന്ന സംഘം നിര്‍ണായക തെളിവുകള്‍ കണ്ടെത്തി സെബാസ്റ്റ്യനെ കുടുക്കിയത്. ഇതോടെയാണ് 2017ല്‍ പട്ടണക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ ബിന്ദു പത്മനാഭന്‍ കേസും സജീവമായത്. ബിന്ദു പത്മനാഭനെയും സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വെച്ചുതന്നെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുകളടക്കം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാന്‍ ശ്രമിക്കുന്നത്.

പുതിയ വെളിപ്പെടുത്തലുകളില്‍ ഉള്‍പ്പെട്ട വസ്തു ഇടനിലക്കാരെയടക്കം സെബാസ്റ്റ്യന്റെ സാന്നിധ്യത്തില്‍ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. 2017 മുതല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ബിന്ദു പത്മനാഭന്‍ കേസ് അന്വേഷിച്ചിരുന്നെങ്കിലും സമഗ്രമായ പരിശോധനകളൊന്നും ഇയാളുടെ വീട്ടിലടക്കം നടത്തിയിരുന്നില്ല. വീട്ടുവളപ്പില്‍ പരിശോധന ആവശ്യം എട്ടുവര്‍ഷം മുമ്പേ ഉണ്ടായിരുന്നതാണ്. ബിന്ദു പത്മനാഭനും കൊലചെയ്യപ്പെട്ടെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണമെങ്കിലും ഇതില്‍ ഒരുതെളിവും കണ്ടെത്താനായിരുന്നില്ല. മൂന്നരമാസത്തെ അന്വേഷണത്തിലാണ് കോട്ടയം ക്രൈംബ്രാഞ്ച് ജെയ്നമ്മ കേസില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിച്ചത്.

Tags:    

Similar News