കൈക്കൂലി വാങ്ങി സമ്പാദിച്ചതെല്ലാം ജെര്‍സന്‍ നിക്ഷേപിച്ചത് ബാങ്കില്‍; നാല് അക്കൗണ്ടുകളും നാല് ലോക്കറുകളും നാലിടത്ത് ഭൂമിയുമായി കോടികളുടെ സ്വത്തു വഹകള്‍; രണ്ട് ലോക്കറുകള്‍ മരവിപ്പിച്ചു വിജിലന്‍സ്; കൈക്കൂലിയായി പണം മാത്രം പോര, കുപ്പിയും നിര്‍ബന്ധമാക്കിയ എറണാകുളം ആര്‍.ടി.ഒ ഒരു വില്ലാളി വീരന്‍ തന്നെ!

കൈക്കൂലി വാങ്ങി സമ്പാദിച്ചതെല്ലാം ജെര്‍സന്‍ നിക്ഷേപിച്ചത് ബാങ്കില്‍;

Update: 2025-02-21 07:55 GMT

കൊച്ചി: കൈക്കൂലിക്കേസില്‍ വിജിലന്‍സിന്റെ റിമാന്‍ഡിലുള്ള എറണാകുളം ആര്‍.ടി.ഒ. ജെര്‍സന്റെ രണ്ട് ലോക്കറുകള്‍ വിജിലന്‍സ് മരവിച്ചു. തൊട്ടതിനെല്ലാം കൈക്കൂലി വാങ്ങി വിലസുകയായിരുന്നു ഇയാളെന്നാണ് പുറത്തുവരുന്ന വിവരം. ജെര്‍സന്റെ പേരില്‍ നാല് ലോക്കറുകളും നാല് ബാങ്ക് അക്കൗണ്ടുകളുമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. കീഴുദ്യോഗസ്ഥര്‍ക്ക് ജെര്‍സന്‍ ടാര്‍ഗറ്റ് നല്‍കിയിരുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്വകാര്യബസിന് റൂട്ട് പെര്‍മിറ്റ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വ്യാഴാഴ്ച വിജിലന്‍സ് സംഘം ജെര്‍സനെ അറസ്റ്റ് ചെയ്തത്. ഓരോ കാര്യത്തിനും കൈക്കൂലി വാങ്ങുന്ന ഇയാള്‍ നേരിട്ട് കൈക്കൂലി വാങ്ങുന്നത് കുറവായിരുന്നു. കൈക്കൂലി നല്‍കാത്തവരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു. കീഴുദ്യോഗസ്ഥരെ കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിക്കുകയും അതിന്റെ ഒരു വിഹിതം തനിക്ക് പടിയായി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് വിജിലന്‍സ് വ്യക്തമാക്കി.

വരവില്‍ കവിഞ്ഞ വലിയതോതിലുള്ള സ്വത്ത് സമ്പാദനം ഇയാള്‍ക്കുണ്ട് എന്നാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. നാലിടത്ത് ഭൂമി വാങ്ങിയിട്ടുള്ളതായും കണ്ടെത്തി. കുടുംബാംഗങ്ങളുടെ പേരിലടക്കം കോടികളുടെ നിക്ഷേപങ്ങളുണ്ടെന്നാണ് വിവരം. പണത്തിന്റെ സ്രോതസ്സിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജെര്‍സന്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇയാള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ വെള്ളിയാഴ്ച സമര്‍പ്പിക്കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യും. ജെര്‍സന്‍ അറസ്റ്റിലായതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയിട്ടുണ്ടെന്നും വിജിലന്‍സ് അറിയിച്ചു.

കൈക്കൂലി വാങ്ങുന്നതിലും വ്യത്യസ്ത പുലര്‍ത്തിയിരുന്നു ജെര്‍സന്‍. പണത്തോടൊപ്പം മദ്യക്കുപ്പിയും കൈക്കൂലിയായി സ്വീകരിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ജേഴ്സന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് ചെറുതും വലുതുമായ 76 മദ്യക്കുപ്പികളും ലക്ഷക്കണക്കിന് രൂപയുമാണ്. പരിശോധനയുടെ വീഡിയോ പുറത്തായതോടെ കൈക്കൂലിയായി വാങ്ങിക്കൂട്ടിയ കുഞ്ഞന്‍ കുപ്പികള്‍ മുതല്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മദ്യ കുപ്പികളുടെ ശേഖരം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഉദ്യോഗസ്ഥരും ജനങ്ങളും.

കൊച്ചി ചെല്ലാനം സ്വദേശി മാനേജരായ ബസിന്റെ റൂട്ട് പെര്‍മിറ്റ് പുതുക്കി മറ്റൊരു ബസ്സിലേക്ക് മാറ്റാന്‍ 25,000 രൂപയും കുപ്പിയും ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ജേഴ്സണ്‍ വിജിലന്‍സിന്റെ പിടിയില്‍ കുടുങ്ങുന്നത്. പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ അപേക്ഷയുമായി എത്തിയ ബസ് മാനേജര്‍ക്ക് കുറച്ച് ദിവസത്തേക്ക് താല്‍ക്കാലികമായി പെര്‍മിറ്റ് പുതുക്കി നല്‍കി. എന്നാല്‍ പിന്നീട് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. ഇതിന് പിന്നാലെ ബസ് മാനേജരെ തേടി കൈക്കൂലി ഏജന്റുമാരുമെത്തി.

ആര്‍.ടി.ഒ. ആവശ്യപ്പെടുന്ന തുകയും കുപ്പിയും കൊടുക്കാതെ പെര്‍മിറ്റ് കിട്ടില്ലെന്ന് ഏജന്റുമാര്‍ പറഞ്ഞു. പിന്നാലെ ബസ് മാനേജര്‍ കൈക്കൂലിയുടെ ആദ്യഗഡുവായ 5,000 രൂപയും മദ്യക്കുപ്പിയും ഏജന്റുമാരായ രാമ പടിയാര്‍, സജി എന്നിവര്‍ക്ക് നല്‍കുകയായിരുന്നു. വിജിലന്‍സിനെ വിവരമറിയിച്ച ശേഷമായിരുന്നു ഇത്. പിന്നാലെ ഏജന്റുമാര്‍ പിടിയിലായി. ജേഴ്സന്റെ നിര്‍ദേശപ്രകാരമാണ് കൈക്കൂലി വാങ്ങിയതെന്ന് ഇവര്‍ മൊഴി നല്‍കിയതോടെ ജേഴ്സണും പിടിയിലാവുകയായിരുന്നു.

'കഴിഞ്ഞ കുറച്ചുനാളുകളായി ഭീമമായ കൈക്കൂലി വാങ്ങുന്നുവെന്നതടക്കമുള്ള പരാതികള്‍ ബസ് ഓണേഴ്സ് അസോസിയേഷന്റെ ഭാഗത്ത് നിന്നും ജേഴ്സണെതിരെ ഉണ്ടായിരുന്നു. ദീര്‍ഘനാളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്കെതിരേ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്.' -വിജിലന്‍സ് എസ്.പി. എസ്. ശശിധരന്‍ പറഞ്ഞു.

ഇതുകൂടാതെ വാളയാര്‍ ചെക്പോസ്റ്റില്‍നിന്നു ലഭിച്ച വിവരത്തിന്റെ കൂടി അടിസ്ഥാനത്തില്‍ കുറച്ച് മാസങ്ങളായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു ജേഴ്സണ്‍. ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ് ഉണ്ടാകാതിരിക്കാന്‍ വിജിലന്‍സിന് പണം നല്‍കണമെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ജേഴ്സണ്‍ പിരിച്ചെടുത്തത് 14 ലക്ഷം രൂപയാണ്. കഴിഞ്ഞ മാസം വിജിലന്‍സ് വാളയാര്‍ ചെക്പോസ്റ്റില്‍ പരിശോധന നടത്തിയപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്.

വാളയാറിലെ പരിശോധനക്കിടെ 'നിങ്ങള്‍ക്ക് തരാനുള്ള തുക കൃത്യം തരുന്നില്ലേ, പിന്നെ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്?' എന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ ചോദ്യം. ഇതോടെയാണ് വിജിലന്‍സിന് പണം നല്‍കണമെന്നു ജേഴ്സണ്‍ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി 14 ലക്ഷം രൂപ പിരിച്ചെടുത്തിരുന്ന വിവരം കൂടി പുറത്ത് വരുന്നത്. പിന്നാലെയാണ് ജേഴ്സണെ വിജിലന്‍സ് നിരീക്ഷിക്കാന്‍ ആരംഭിച്ചത്.

വിജിലന്‍സിന്റെ പിടിയിലായ ജെഴ്സന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥരുടേയടക്കം കണ്ണ് തള്ളിക്കുന്ന കാഴ്ചകളാണ് കണ്ടത്. 76 വിദേശനിര്‍മിത മദ്യ കുപ്പികളും 80 ലക്ഷത്തിന്റെ നിക്ഷേപ രേഖകളും ഏക്കറുകണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയതിന്റെ രേഖകളുമാണ് വിജിലന്‍സ് പിടിച്ചെടുത്തത്.

Tags:    

Similar News