'ഏദന്‍സ് പാര്‍ക്ക് ഗ്ലോബല്‍' എന്ന പേരില്‍ സ്ഥാപനം തുടങ്ങി; സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിദേശ ജോലി ഓഫര്‍ ചെയ്തു; ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍; വ്യാജപേരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യവേ വിനീഷും ലീനുവും പിടിയില്‍

വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി മുങ്ങിയ ദമ്പതികൾ അറസ്റ്റിൽ

Update: 2025-03-05 01:50 GMT

അഞ്ചല്‍: വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി അരക്കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ദമ്പതികളെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, കാഞ്ചോട് കലഞ്ഞൂര്‍ ഷനാസ് പാര്‍ക്കില്‍ വിനീഷ് (32), ഭാര്യ മൂവാറ്റുപുഴ കല്ലൂര്‍കാട് പാറേക്കുടിയില്‍ മെര്‍ലിന്‍ എന്ന പി.ജെ. ലീനു (31 ) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലിയലെ വരാപ്പുഴയില്‍ നിന്നുമാണ് ഇരുവരെയും പോലീസ് പീടികൂടിയത്.

2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചല്‍ സഹകരണ ബാങ്കിന് എതിര്‍വരം ഏദന്‍സ് പാര്‍ക്ക് ഗ്ലോബല്‍ എന്ന പേരില്‍ സ്ഥാപനം തുടങ്ങിയ ശേഷം സാമൂഹ്യമാധ്യമങ്ങള്‍ വഴിയും മറ്റും വ്യാപകമായ പ്രചാരണം കൊടുത്താണ് തൊഴിലന്വേഷകരെ ആകര്‍ഷിച്ചിരുന്നത്. 11 ജീവനക്കാരെയും ഇവിടെ നിയമിച്ചിരുന്നു. ഇവരുടെ വാഗ്ദാനങ്ങളില്‍ വീണ 64 പേര്‍ക്കാണ് പണം നഷ്ടപ്പെട്ടത്.

ചിലരെയൊക്കെ ആദ്യം വിദേശ രാജ്യങ്ങളിലേക്ക് ഇവര്‍ അയച്ചിരുന്നു. എന്നാല്‍ വിദേശത്തെത്തിയവര്‍ക്കാര്‍ക്കും ഇവര്‍ പറഞ്ഞ പ്രകാരമുള്ള തൊഴിലോ ശമ്പളമോ ലഭിച്ചിരുന്നില്ല. ആഹാരമോ താമസ സൗകര്യമോ ലഭിക്കാതെ കഷ്ടപ്പെട്ട ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അഞ്ചലിലെ ഓഫിസിലെത്തി ബഹളം വച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് കേസായതോടെയാണ് സ്ഥാപനം അടച്ചു പൂട്ടി ദമ്പതികളും ജീവനക്കാരും സ്ഥലംവിട്ടത്.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പ്രതികളെ എറണാകുളം വരാപ്പുഴയില്‍ നിന്നും അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ വ്യാജപേരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു ഇരുവരും. കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ സമാനമായ കേസ് ഇവരുടെ പേരിലുണ്ടത്രേ.

തമിഴ്‌നാട് സ്വദേശികളുള്‍പ്പെടെയുള്ള 64 പേരാണ് അഞ്ചല്‍ പൊലീസില്‍ ഇവര്‍ക്കെതിരേ പരാതി നല്‍കിയത്. അഞ്ചല്‍ എസ്.എച്ച്.ഒ ഹരീഷ്, എസ്.ഐ പ്രജീഷ് കുമാര്‍ ,സി പി.ഒമാരായ അബീഷ്, രമേഷ്, നവീന എസ്. പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Tags:    

Similar News