ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അധ്യാപികയുടെ സ്വഭാവത്തിൽ കണ്ട മാറ്റം; ഒരു ഭാവഭേദവുമില്ലാതെ മകളെയും കൂട്ടി കസേരയിൽ ചേർന്നിരുന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി ദാരുണമായി ജീവനെടുത്തു; നിമിഷ നേരം കൊണ്ട് നാട് അറിഞ്ഞത് ദുരന്ത വാർത്ത; നിക്കിക്ക് പിന്നാലെ കണ്ണീരായി സഞ്ജുവും; ചർച്ചയായി ഉത്തരേന്ത്യയിലെ സ്‌ത്രീധന പീഡനങ്ങൾ

Update: 2025-08-26 06:52 GMT

ഡൽഹി: രാജ്യത്ത് സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ രണ്ട് ഞെട്ടിക്കുന്ന സംഭവങ്ങൾ ദേശീയ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. നോയിഡയിൽ ഏഴു വയസ്സുകാരന്റെ മുന്നിലിട്ട് ഭാര്യയെ തീകൊളുത്തി കൊന്ന സംഭവത്തിലും, രാജസ്ഥാനിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മകളെ കൊന്ന് അധ്യാപിക ജീവനൊടുക്കിയ സംഭവങ്ങളിലുമാണ് കുടുംബങ്ങളുടെ മൊഴികളും പുറത്തുവന്ന വിവരങ്ങളും വലിയ ഞെട്ടൽ ഉളവാക്കിയിരിക്കുന്നത്.

രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിൽ, സ്ത്രീധന പീഡനത്തെ തുടർന്ന് മകളെ കൊന്ന് അധ്യാപികയായ സഞ്ജു ബിഷ്‌ണോയി ജീവനൊടുക്കിയ സംഭവവും വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

മൂന്ന് വയസ്സുകാരിയായ മകൾ യശസ്വിയെ തീകൊളുത്തിയ ശേഷം സഞ്ജുവും ജീവനൊടുക്കുകയായിരുന്നു. യശസ്വി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ സഞ്ജു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അധ്യാപിക ഒരു ഭാവഭേദവുമില്ലാതെ മകളെയും കൂട്ടി കസേരയിൽ ചേർന്നിരുന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി ദാരുണമായി ജീവനെടുക്കുകയായിരുന്നു.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് സഞ്ജു എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽക്കാരാണ് പോലീസിനെയും കുടുംബത്തെയും വിവരമറിയിച്ചത്. സഞ്ജുവിൻ്റെ മാതാപിതാക്കളും ഭർതൃവീട്ടുകാരുമായി മൃതദേഹത്തെ ചൊല്ലി തർക്കങ്ങളുണ്ടായെങ്കിലും, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് കൈമാറുകയും അമ്മയെയും മകളെയും ഒരുമിച്ച് സംസ്‌കരിക്കുകയും ചെയ്തു.

മരുമകൻ ദിലീപ് ബിഷ്‌ണോയിയും അവരുടെ അമ്മയും അച്ഛനും ചേർന്ന് മകളെ ഉപദ്രവിക്കുകയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തതായി സഞ്ജുവിൻ്റെ മാതാപിതാക്കൾ ആരോപിച്ചു. ഭർത്താവ്, അമ്മായിയമ്മ, ഭർതൃപിതാവ്, ഭർതൃസഹോദരി എന്നിവർ തന്നെ പീഡിപ്പിച്ചതായി ആത്മഹത്യാക്കുറിപ്പിൽ യുവതി ആരോപിച്ചിട്ടുണ്ട്. ദിലീപ് ബിഷ്‌ണോയിയും ഗണപത് സിംഗ് എന്നയാളും തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും യുവതി കത്തിൽ എഴുതിയിട്ടുണ്ട്. ഈ സംഭവങ്ങളിൽ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

അതേസമയം, നോയിഡയിൽ സ്ത്രീധനത്തിൻ്റെ പേരിൽ ഭർതൃഗൃഹത്തിൽ ക്രൂരമായി കൊലപ്പെട്ട 28 കാരിയായ നിക്കി ഭാട്ടിയയുടെ മകന്റെ വാക്കുകൾ ഹൃദയഭേദകമാണ്. 'അവർ എൻ്റെ അമ്മയെ കത്തിച്ചുകളഞ്ഞു,' എന്ന് വിതുമ്പിക്കൊണ്ട് കുട്ടി പറഞ്ഞത് കേട്ടവരെ കണ്ണീരിലാഴ്ത്തി. അമ്മയുടെ ദേഹത്ത് എന്തോ ഒഴിക്കുന്നതിന് മുൻപ് കണ്ടിരുന്നതായി കുട്ടിയുടെ മൊഴിയുണ്ട്. എല്ലാ വൈകുന്നേരവും മകൻ അമ്മയെ ഓർത്ത് കരയുന്നുവെന്നും, "അവർ എൻ്റെ അമ്മയെ കത്തിച്ചുകളഞ്ഞു" എന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണെന്നും നിക്കിയുടെ പിതാവ് ഭിക്കാരി സിംഗ് പറഞ്ഞു. തൻ്റെ കഴിവിനനുസരിച്ച് മകനെ വളർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കേസിൽ നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടി, ഭർത്തൃസഹോദരൻ രോഹിത് ഭാട്ടി, വിപിൻ്റെ അമ്മ ദയ, അച്ഛൻ സത്യവീർ ഭാട്ടി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് തൊട്ടുമുൻപ് വിപിനും അമ്മയും ചേർന്ന് നിക്കിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഓഗസ്റ്റ് 21നാണ് വിപിൻ്റെ കുടുംബം ചേർന്ന് നിക്കിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. 36 ലക്ഷം രൂപ കൂടി സ്ത്രീധനമായി ആവശ്യപ്പെട്ടാണ് നിക്കിയെ പീഡിപ്പിച്ചിരുന്നതെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. വിപിനും സഹോദരനും തൊഴിൽരഹിതരായിരുന്നതും, പിതാവിൻ്റെ പലചരക്ക് കടയിലെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം കഴിഞ്ഞിരുന്നതും, സ്വന്തമായി ഒരു സലൂൺ തുടങ്ങാൻ നിക്കി ആഗ്രഹിച്ചതും തർക്കങ്ങൾക്ക് കാരണമായതായി കുടുംബം ആരോപിക്കുന്നു.

തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ വിപിൻ പോലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് പോലീസിന് കാലിൽ വെടിവെച്ച് ഇയാളെ പിടികൂടേണ്ടി വന്നിരുന്നു.

Tags:    

Similar News