പുലര്‍ച്ചെ 5 മണിക്ക് കേരള കഫേ ഹോട്ടല്‍ തുറക്കുന്നത് ജസ്റ്റിന്‍ രാജ്; പണിക്ക് വരാതിരുന്ന രണ്ടുജീവനക്കാരെ തിരക്കി ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് പുറപ്പെട്ട ഹോട്ടലുടമ മടങ്ങിയെത്തിയില്ല; പൊലീസിനെ ആക്രമിച്ച കൊലയാളികളെ പിടികൂടിയത് അതിസാഹസികമായി; നാലുപൊലീസുകാര്‍ക്ക് പരിക്ക്
ജസ്റ്റിന്‍ രാജ് കൊലപാതക കേസ് പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് വഴുതയ്ക്കാട്ടെ കേരള കഫേ ഉടമ ജസ്റ്റിന്‍ രാജ്( 60) കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരായ നേപ്പാള്‍ സ്വദേശി ഡേവിഡ്, അടിമലത്തുറ സ്വദേശി രാജേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പിടികൂടാന്‍ പോയ പൊലീസിനെ പ്രതികള്‍ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വഴുതക്കാട് കോട്ടണ്‍ ഹില്‍ സ്‌കൂളിന് സമീപത്തെ കേരള കഫേ ഉടമ ജസ്റ്റിന്‍ രാജിനെ ജീവനക്കാര്‍ താമസിക്കുന്ന ഇടപ്പഴഞ്ഞിയിലെ വാടക വീടിന്റെ പുരയിടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം രണ്ട് ഹോട്ടല്‍ തൊഴിലാളികള്‍ ഒളിവില്‍ പോയിരുന്നു. ഇവരെയാണ് പിടികൂടിയത്.
മൃതദേഹം പായ കൊണ്ടു മൂടിയ നിലയിലായിരുന്നു. കേരള കഫേയുടെ നാലു പാര്‍ട്‌നര്‍മാരില്‍ ഒരാളായ ജസ്റ്റിന്‍ രാജ് ആണ് എല്ലാ ദിവസവും പുലര്‍ച്ചെ 5ന് ഹോട്ടല്‍ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതില്‍ ഡേവിഡും, രാജേഷും ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തില്‍ ജസ്റ്റിന്‍രാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടില്‍ പോയിരുന്നു. ഈ സ്‌കൂട്ടറും കാണാനില്ലായിരുന്നു.
ഉച്ചവരെ കാണാത്തതിനാല്‍ ഹോട്ടലിലെ മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെയാണ് കൊലപാതകമെന്നാണ് സൂചന. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എം.സത്യനേശന്റെ മരുമകനാണ് ജസ്റ്റിന്‍ രാജ്. സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കൊലപാതകം നടന്ന സ്ഥലത്തെത്തി പരിശോധിച്ചു. കൊലപാതക കാരണം വ്യക്തമായിട്ടില്ല.