കളിയാട്ടങ്ങളുടെ ഭൂമികയായ പയ്യന്നൂരില്‍ ജ്യോതി മല്‍ഹോത്ര എത്തിയത് ഏതുഗൈഡിന്റെ കൂടെ? ഏഴിമല നാവിക അക്കാദമിയും സിആര്‍പിഎഫ് ക്യാമ്പും ഉള്ള കണ്ണൂരില്‍ യുവതി എത്തിയത് എന്ത് ഉന്നമിട്ട്? പാക്കിസ്ഥാന് വേണ്ടി ചാരപ്പണി എടുത്തെന്ന കേസിലെ പ്രതിയുടെ പയ്യന്നൂരിലെ ചിത്രം പുറത്തുവന്നതോടെ അതീവഗൗരവത്തോടെ വേരുകള്‍ ചികഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍
പയ്യന്നൂരില്‍ ജ്യോതി മല്‍ഹോത്ര എത്തിയത് ഏതുഗൈഡിന്റെ കൂടെ?
കണ്ണൂര്‍ : പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ഹരിയാണയിലെ ജ്യോതി മല്‍ഹോത്രയ്ക്ക് കണ്ണൂരിലും ബന്ധങ്ങളെന്ന വിവരം പുറത്തുവന്നു. കഴിഞ്ഞ തെയ്യക്കാലത്ത് കളിയാട്ടങ്ങളുടെ ഭൂമികയായ പയ്യന്നൂരിലും ഇവര്‍ എത്തിയിട്ടുണ്ടെന്ന തെളിവുകളാണ് ലഭ്യമായത്.
ഏതു ഗൈഡിന്റെ കൂടെയാണ് ഇവര്‍ പയ്യന്നൂര്‍ സന്ദര്‍ശിച്ചതെന്ന കാര്യമാണ് അന്വേഷിച്ചു വരുന്നത്. ഏഴിമല നാവിക അക്കാദമി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ തന്ത്ര പ്രധാന കേന്ദ്രങ്ങളിലൊന്നാണ് പയ്യന്നൂര്‍. അതുകൊണ്ടുതന്നെ അതീവ ഗൗരവകരമായാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഈ കാര്യത്തെ കുറിച്ചു അന്വേഷണം നടത്തുന്നത്.
പയ്യന്നൂരിലെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ജ്യോതി മല്‍ഹോത്ര എത്തിയതായാണ് കരുതുന്നത്. ഇവിടെ ഉത്സവത്തിന്റെ വീഡിയോ വ്ളോഗ് ചെയ്തതില്‍ നിന്നാണ് ഈക്കാര്യം വ്യക്തമാകുന്നത്. ട്രാവല്‍ വിത്ത് ജോ എന്ന യൂ ട്യൂബ് ചാനലിലാണ് ജ്യോതി തന്റെ ട്രാവല്‍ വ്ളോഗുകള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്.
ഏഴിമല നാവിക അക്കാദമി, ഡിഎസ്സി സെന്റര്‍, സിആര്‍പിഎഫ് ക്യാമ്പ് തുടങ്ങി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് മറ്റ് ജില്ലകളിലില്ലാത്ത പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ കണ്ണൂര്‍ ജില്ലയിലുണ്ട്. അതു കൊണ്ട് തന്നെ എന്ത് ഉദ്ദേശത്തിലാണ് ഇവര്‍ കണ്ണൂരിലെത്തിയതെന്നും ആരുടെയെങ്കിലും ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ഇവര്‍ക്ക് ലഭിച്ചോയെന്നും അന്വേഷണ പരിധിയിലുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ ജ്യോതി ഇവിടെ എത്തിയെന്നാണ് കരുതുന്നത്. തെയ്യത്തില്‍ നിന്ന് പ്രസാദം വാങ്ങുന്ന ചിത്രം ജ്യോതിയുടെ സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേരളത്തില്‍ നടത്തിയ ഏഴുദിവസത്തെ സന്ദര്‍ശനത്തിനിടയിലാണ് ജ്യോതി ഈ ക്ഷേത്രത്തിലെത്തിയതെന്നാണ് കരുതുന്നത്.
അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ കോടതി അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേരളത്തിലെ സന്ദര്‍ശനത്തിനിടെ ജ്യോതി കൊച്ചി മട്ടാഞ്ചേരിയിലെ കപ്പല്‍ശാലയിലും സന്ദര്‍ശനം നടത്തിയതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മട്ടാഞ്ചേരിയിലെ ഹോട്ടലിലാണ് ഈ കാലയളവില്‍ ജ്യോതി താമസിച്ചിരുന്നത്.
ജ്യോതി മല്‍ഹോത്ര തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ പാകിസ്ഥാനിലെ അനാര്‍ക്കലി ബസാറിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബ് വീഡിയോയിലൂടെ പുറത്തുവന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മുന്‍പായിരുന്നു ഇവരുടെ പാക്കിസ്ഥാന് സന്ദര്‍ശനം. പാക് ചാരസംഘടനാംഗങ്ങളുമായി ജ്യോതി സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷ് മുഖേന പാക് ചാരസംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് ജ്യോതിയെ അറസ്റ്റ് ചെയ്തത്. മൂന്നു തവണ യുവതി പാകിസ്ഥാന് സന്ദര്‍ശിച്ചതായും പാക് ചാരസംഘടനയില്‍പ്പെട്ടവരുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ പാകിസ്ഥാനെക്കുറിച്ച് നല്ലത് പറയുക എന്ന ചുമതലയും പാക് ഏജന്‍സികള്‍ ജ്യോതിയെ ഏല്‍പ്പിച്ചുവെന്നാണ് സൂചനകള്‍.
2023ല്‍ ഡല്‍ഹിയില്‍ വച്ചാണ് ജ്യോതി പാക് ഹൈക്കമ്മീഷനിലെ ഡാനിഷിനെ പരിചയപ്പെടുന്നത്. ചാരവൃത്തി നടത്തിയതിന് ഇന്ത്യയില്‍ നിന്ന് പുറത്താക്കിയ പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനാണ് ഇഹ്സാനു റഹീം എന്ന ഡാനിഷ്. ഇയാളുമായി പരിചയപ്പെട്ട അതേ വര്‍ഷം ജ്യോതി ആദ്യമായി പാകിസ്ഥാനില്‍ പോയി.
യൂട്യൂബില്‍ 3.70 ലക്ഷം സബ്സ്ക്രൈബേഴ്സും ഇന്‍സ്റ്റഗ്രാമില്‍ 1.32 ലക്ഷം ഫോളോവേഴ്സുമുള്ള ട്രാവല്‍ വ്ളോഗറാണ് ജ്യോതി മല്‍ഹോത്ര. ഇക്കഴിഞ്ഞ മാര്‍ച്ചിലും യുവതി പാക്കിസ്ഥാന് സന്ദര്‍ശിക്കുകയും അവിടെനിന്നുള്ള വീഡിയോകള്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.