പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേക്കുമായി ആഘോഷിക്കാന്‍ പാക് ഹൈക്കമ്മീഷനില്‍ എത്തിയ യുവാവ് ആര്? മാസങ്ങള്‍ക്ക് മുമ്പ് യുവാവിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന യൂടൂബര്‍ ജ്യോതി മല്‍ഹോത്രയുടെ വീഡിയോയും പുറത്ത്; ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാരെ കണ്ടെത്താന്‍ ഐഎസ്‌ഐ ജ്യോതിയെ ഉപയോഗിച്ചതായും സംശയം
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേക്കുമായി ആഘോഷിക്കാന്‍ പാക് ഹൈക്കമ്മീഷനില്‍ എത്തിയ യുവാവ് ആര്?
ന്യൂഡല്‍ഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ യൂടൂബര്‍ ജ്യോതി മല്‍ഹോത്രയുമായി ബന്ധപ്പെട്ട ചിത്രവും വീഡിയോയുമാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ ചൂടേറിയ വാര്‍ത്ത. 26 പേരുടെ ജീവന്‍ അപഹരിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ന്യൂഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലേക്ക് കേക്കുമായി ആഘോഷിക്കാന്‍ എത്തിയ യുവാവുമായി ബന്ധപ്പെടുത്തിയാണ് ജ്യോതിക്കെതിരെ പുതിയ ആരോപണം. ഭീകരാക്രമണം കഴിഞ്ഞ് രണ്ടുദിവസത്തിന് ശേഷമായിരുന്നു തവിട്ട് നിറമുളള പത്താനി സ്യൂട്ട് ധരിച്ച യുവാവ് കേക്ക് ഡെലിവറി ബോക്‌സുമായി പാക് ഹൈക്കമ്മീഷനിലേക്ക് എത്തിയത്്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി ഇയാളെ വളയുന്നതും വ്യക്തമായ മറുപടി നല്‍കാതെ ഇയാള്‍ ഓഫീസിലേക്ക് കയറി പോകുന്നതും വീഡിയോയില്‍ കാണാം. ഇതേ ആള്‍ തന്നെ ജ്യോതി മല്‍ഹോത്രയുടെ വീഡിയോകളില്‍ ഒന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരുപാര്‍ട്ടിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതോടെയാണ് രണ്ടുവീഡിയോകളും ചേര്‍ത്തു വച്ച് പുതിയ ആരോപണം വന്നത്.
വീഡിയോയില്‍ കാണുന്ന വൃക്തിയെ ജ്യോതി പാക് സന്ദര്‍ശനത്തിനിടെ പരിചയപ്പെട്ടതാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണത്തിന് മൂന്നുമാസം മുമ്പ് ജ്യോതി പഹല്‍ഗാം സന്ദര്‍ശിച്ചതും ആരോപണത്തിന്റെ മൂര്‍ച്ച കൂട്ടുന്നു. ' പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനായ ഡാനിഷ് ഹണി ട്രാപ് ചെയ്ത ജ്യോതി മല്‍ഹോത്ര ജനുവരിയില്‍ പഹല്‍ഗാം സന്ദര്‍ശിച്ചത് യാദൃശ്ചികം മാത്രമാണോ ? അവര്‍ ഐഎസ്‌ഐക്ക് രഹസ്യ വിവരങ്ങള്‍ കൈമാറുക ആയിരുന്നിരിക്കാം'- ജമ്മു-കശ്മീര്‍ മുന്‍ ഡിജിപി ഷേഷ് പോള്‍ വെയ്ദ് എക്‌സില്‍ കുറിച്ചു.
ജ്യോതി മല്‍ഹോത്ര ഐഎസ്‌ഐയുടെ ഉപകരണമായോ?
ഇന്ത്യയുടെ രഹസ്യ ഇന്റലിജന്‍സ് ഏജന്റുമാരെ തിരിച്ചറിയാന്‍ ഹരിയാന സ്വദേശിയായ ജ്യോതിയെ ഐഎസ്‌ഐ ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ജ്യോതിയെ എന്‍ഐഎയും, ഐബിയും. ഹരിയാന പൊലീസും ചോദ്യം ചെയ്തു വരികയാണ്.
ഐഎസ്‌ഐ ഏജന്റ് അലി ഹസന്‍ എന്നയാളും ജ്യോതിയും തമ്മിലുളള വാട്‌സാപ് ചാറ്റുകള്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധിച്ചെന്നും ഇന്ത്യയുടെ രഹസ്യ ഓപ്പറേഷനുകളെ കുറിച്ച് ചാറ്റില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടാരി അതിര്‍ത്തിയില്‍ ജ്യോതി പോയപ്പോള്‍ ഏതെങ്കിലും അണ്ടര്‍ കവര്‍ ഏജന്റുമാര്‍ സ്‌പെഷ്യല്‍ പ്രോട്ടോക്കോള്‍ സ്വീകരിച്ചോ എന്നായിരുന്നു ചോദ്യം. പ്രോട്ടോക്കോള്‍, അണ്ടര്‍ കവര്‍ ഏജന്റ് എന്നീ വാക്കുകള്‍ ചാറ്റില്‍ വന്നതോടെയാണ്, ജ്യോതിയെ ഉപയോഗിച്ച് ഐഎസ്‌ഐ വിവരങ്ങള്‍ ശേഖരിക്കുക ആയിരുന്നുവെന്ന സംശയം ഉയര്‍ത്തിയത്.
' അട്ടാരിയില്‍ നിങ്ങള്‍ പോയപ്പോള്‍ ആരാണ് പ്രോട്ടോക്കോള്‍ സ്വീകരിച്ചത്. താനൊന്നും കണ്ടില്ലെന്ന് പറഞ്ഞ് ജ്യോതി ചോദ്യം തള്ളിക്കളയുകയാണ്. ആര്‍ക്കാണ് പ്രോട്ടോക്കോള്‍ കിട്ടുക എന്നത് നിരീക്ഷിച്ചാല്‍ രഹസ്യ ഏജന്റുമാരെ തിരിച്ചറിയാമെന്നും ഹസന്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ അവര്‍ അത്ര മണ്ടരല്ല എന്നാണ് ജ്യോതിയുടെ മറുപടി.
ഈ സംഭാഷണങ്ങളുടെ ദുരൂഹ സ്വഭാവം കാരണം ജ്യോതി അറിഞ്ഞുകൊണ്ട് ഐഎസ്‌ഐയെ പിന്തുണച്ചോ എന്നാണ് ഏജന്‍സികള്‍ പരിശോധിക്കുന്നത്. ഇന്ത്യന്‍ രഹസ്യ ഏജന്റുമാരെ കണ്ടെത്താനുള്ള ഐഎസ്‌ഐയുടെ ശ്രമങ്ങളില്‍ ജ്യോതി ഭാഗഭാക്കായോ അതോ വിപുലമായ ചാരശംൃഖലയുടെ ഭാഗായി അവരെ ചൂഷണം ചെയ്യുകയായിരുന്നോ എന്ന് വ്യക്തമല്ല.
2023 ല്‍, 324 ാമത് വൈശാഖി ഉത്സവത്തോട് അനുബന്ധിച്ചാണ് ജ്യോതി മല്‍ഹോത്ര ആദ്യമായി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്. പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ എഹ്‌സാന്‍ ധര്‍ അഥവാ ഡാനിഷുമായുളള സൗഹൃദമാണ് ജ്യോതിയെ കുരുക്കിയത്.