ഇറിഡിയം സത്യമംഗലം കാട്ടിലെ രഹസ്യസങ്കേതത്തില്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചു; 5 കോടിക്ക് കരാര്‍, 50 ലക്ഷം നല്‍കി; പറ്റിക്കപ്പെട്ടു എന്ന് ബോധ്യമായപ്പോള്‍ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘം; കയ്പമംഗലം കൊലപാതകത്തിലെ പിന്നാമ്പുറ കഥകള്‍
കയ്പമംഗലം കൊലപാതകത്തിലെ പിന്നാമ്പുറ കഥകള്‍
തൃശ്ശൂര്‍: ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമല്ലാത്ത നാടാണ് കേരളം. ഇത്തരം തട്ടിപ്പുകള്‍ തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. വലിയ തട്ടിപ്പുസംഘങ്ങള്‍ ഇപ്പോഴും വിലസുന്നുണ്ട് എന്നതിന്റെ തെളിവായി മാറുകയാണ് കയ്പ്പമംഗലത്തെ കൊലപാതകം. കയ്പമംഗലത്ത് കൊല്ലപ്പെട്ട ചാള്‍സ് ബെഞ്ചമിന്‍ ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് കണ്ണൂരിലെ ഐസ്‌ക്രീം വ്യവസായി സാദിഖില്‍നിന്ന് വാങ്ങിയത് 50 ലക്ഷത്തിലധികം രൂപ വാങ്ങിയിരുന്നു. ഈ പണത്തെ ചൊല്ലിയുള്ള തര്‍ക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
രണ്ടുപേരും കോയമ്പത്തൂരില്‍വെച്ച് കാലങ്ങളായി പരിചയമുള്ളവരാണ്. റേഡിയോ ആക്ടീവ് പദാര്‍ഥമായ ഇറിഡിയം സത്യമംഗലം കാട്ടിലെ രഹസ്യസങ്കേതത്തില്‍ ഉണ്ടെന്നും ഇത് നല്‍കാമെന്നുംമായിരുന്നു വാഗ്ദാനം. ചാള്‍സ് ബെഞ്ചമിനും സുഹൃത്ത് ചെങ്ങന്നൂര്‍ സ്വദേശി ശശാങ്കനുമായി ചേര്‍ന്നാണ് പണം വാങ്ങിയത്. അഞ്ചുകോടിക്കാണ് കച്ചവടം ഉറപ്പിച്ചത്. സാധനം ഒറിജിനല്‍ ആണെന്ന് ബോധ്യപ്പെട്ടാല്‍ 50 ലക്ഷം അഡ്വാന്‍സും ബാക്കി പണം ഇറിഡിയം കൈമാറുമ്പോഴും ഇതായിരുന്നു വ്യവസ്ഥ.
ഇതുപ്രകാരം എന്തോ ഒരു വസ്തു ചാള്‍സ് ബെഞ്ചമിന്‍ സാദിഖിന് കാണിച്ചുകൊടുത്ത് വിശ്വസിപ്പിക്കുകയും അന്നുതന്നെ സാദിഖ് 50 ലക്ഷം നല്‍കുകയും ചെയ്തു. ഇതിനുശേഷം ഇറിഡിയം സൂക്ഷിക്കാനുള്ള പെട്ടിക്കായി പിന്നെയും പണം വാങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ ചാള്‍സും ശശാങ്കനുമായി തെറ്റിയ മറ്റൊരു സുഹൃത്ത്, നിങ്ങളെ പറ്റിക്കുകയാണെന്ന് കണ്ണൂരിലുള്ള സാദിഖിന് വിവരം നല്‍കി. വിവരങ്ങള്‍ ബോധ്യപ്പെട്ട സാദിഖ് ചതിക്കെതിരേ പ്രതികരിക്കാന്‍ തീരുമാനിക്കുകയും തൃശ്ശൂരിലെ ക്വട്ടേഷന്‍ ടീമിനെ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. തന്ത്രപരമായി ഇരുവരെയും തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി.
ഇറിഡിയം കൊണ്ടുവരുമ്പോള്‍ സൂക്ഷിക്കാനും മറ്റ് ഇടപാടുകള്‍ക്കുമായി പുതുക്കാട്ട് ഒരു വീട് ഉണ്ടെന്നും അത് കാണാന്‍ പോകാമെന്നും പറഞ്ഞാണ് പാലിയേക്കരയിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്നാണ് ചോദ്യംചെയ്യലും മര്‍ദനവും കൊലപാതകവും. അതേസമയം സാദിഖ് മറ്റെവിടെയോ ഉള്ള ലോബിക്കുവേണ്ടിയാണ് ഇടപാട് നടത്തിയതെന്നും പറയുന്നുണ്ട്.
കേസില്‍ അഞ്ചുപേര്‍ പോലീസ് ഇതിനോടകം കസ്റ്റഡിയിലായി. പണം നഷ്ടപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ സംഘവും തൃശ്ശൂരില്‍നിന്നുള്ള ക്വട്ടേഷന്‍ സംഘവുമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പന്ത്രണ്ടോളം പ്രതികളുള്‍പ്പെട്ട കേസില്‍ പ്രധാനിയായ സാദിഖിന്റെ ബന്ധുവായ ഒരാളും തൃശ്ശൂരില്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതായി സംശയിക്കുന്ന പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശിയും ഇവര്‍ക്കിടയിലെ കണ്ണിയായി പ്രവര്‍ത്തിച്ചയാളും മറ്റ് രണ്ടുപേരുമാണ് കസ്റ്റഡിയിലുള്ളത്. േ
ചാദ്യംചെയ്യല്‍ പൂര്‍ത്തിയായശേഷം ബുധനാഴ്ച രാവിലെയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. മറ്റുള്ള പ്രതികളെല്ലാം മുങ്ങിയതായാണ് വിവരം. ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. പ്രധാന പ്രതിയും ഐസ്‌ക്രീം വ്യാപാരിയുമായ സാദിഖിന്റെ ബന്ധു അഴീക്കല്‍ സ്വദേശി സലിമിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നാണ് പിടികൂടിയത്.
അബുദാബിയിലേക്ക് പോകാനെത്തിയ ഇയാളെ ബുധനാഴ്ച പുലര്‍ച്ചെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച്, കസ്റ്റഡിയിലെടുത്തശേഷം കയ്പമംഗലം പോലീസിന് കൈമാറുകയായിരുന്നു. കോയമ്പത്തൂര്‍ സ്വദേശിയായ ചാള്‍സ് ബെഞ്ചമിനാണ് കഴിഞ്ഞ ദിവസം കയ്പമംഗലത്ത് കൊല്ലപ്പെട്ടത്. ഇറിഡിയം-റൈസ് പുള്ളര്‍ തട്ടിപ്പിന്റെ പേരില്‍ ഇദ്ദേഹത്തെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇറിഡിയത്തിന്റെ പേരില്‍ മുമ്പും കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. നിലവില്‍ കൊലപാതകം നടന്ന കയ്പമംഗലത്തിന് സമീപത്തെ ചെന്ത്രാപ്പിന്നിയിലാണിത്. നിരവധിപേരുടെ കോടിക്കണക്കിനു രൂപയാണ് ഇതുവഴി ജില്ലയില്‍ത്തന്നെ നഷ്ടമായത്. 1998 മുതല്‍ ഇത്തരം കേസുകള്‍ ഉണ്ടെന്ന് ക്രൈം ബ്രാഞ്ച് എസ്.ഐ. ആയിരുന്ന എം.പി. മുഹമ്മദ് റാഫി പറയുന്നു.
ഗ്രാമിന് കോടികള്‍ വിലമതിക്കുന്ന വസ്തുവാണ് ഇറിഡിയം. റൈസ് പുള്ളര്‍ എന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പ്. അരിമണികള്‍ ആകര്‍ഷിച്ച് വലിച്ചെടുക്കുമെന്നാണ് തെളിവായി തട്ടിപ്പുകാര്‍ പ്രചരിപ്പിക്കാറ്. ഇരുമ്പുകൊണ്ട് അരിമണിയുടെ രീതിയിലുള്ള വസ്തുക്കളുണ്ടാക്കി കാന്തം ഉപയോഗിച്ച് വലിച്ചെടുത്താണ് ആളുകളെ പറ്റിക്കാറ്. ക്ഷേത്രങ്ങളിലെ താഴികക്കുടങ്ങളിലും പഴയ മണികളിലുമെല്ലാം ഇറിഡിയം ഉണ്ടെന്നാണ് വിശ്വസിപ്പിക്കുക. പെട്രോമാക്‌സിന്റെ ഭാഗങ്ങളിലും ഇതുണ്ടെന്നാണ് പറഞ്ഞുണ്ടാക്കുക. ഇത് വീട്ടില്‍ ഐശ്വര്യം കൊണ്ടുവരുമെന്ന പ്രചാരണവും ശക്തമാണ്. ഇത്തരം സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഘങ്ങള്‍ത്തന്നെയുണ്ട്.
ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ ഇതിന് വന്‍ വില കിട്ടുമെന്നാണ് ധരിപ്പിക്കുന്നത്. കേരളത്തിനു പുറമേ ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാണ്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച തട്ടിപ്പുകളാണ് കേരളത്തില്‍ നടന്ന പലതും. ഇറിഡിയം ഇടപാടില്‍ 50 ലക്ഷം വരെ നഷ്ടപ്പെട്ട ആളുകളുണ്ട്. പണം നഷ്ടപ്പെട്ടിട്ടും പരാതി നല്‍കാത്ത സംഭവങ്ങളും നിരവധിയാണ്.