നാലു വയസുകാരെ കൊലപ്പെടുത്തിയതില്‍ 'കുറ്റബോധമോ സങ്കടമോ ഇല്ലാതെ സുഖമായി കിടന്നുറങ്ങി' സന്ധ്യ; മകളെ പുഴയില്‍ എറിഞ്ഞുകൊന്ന കേസില്‍ മാതാവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും
നാലു വയസുകാരെ കൊലപ്പെടുത്തിയതില്‍ 'കുറ്റബോധമോ സങ്കടമോ ഇല്ലാതെ സുഖമായി കിടന്നുറങ്ങി'
അങ്കമാലി: എറണാകുളം ആലുവയില്‍ നാലു വയസ്സുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ പോലീസ്. പ്രതി സന്ധ്യയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. സന്ധ്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും. എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന് അറിയേണ്ട കാര്യം.
ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സന്ധ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സന്ധ്യയെ കോടതിയില്‍ ഹാജരാക്കിയത്. സന്ധ്യ നിലവില്‍ കാക്കനാട് വനിതാ സബ് ജയിലിലാണ്.
ഡോക്ടര്‍മാരുടെ വിദഗ്ധ ഉപദേശം ലഭിച്ചതിനുശേഷം പ്രതിയുടെ മാനസിക നില പരിശോധിക്കുമെന്ന് റൂറല്‍ എസ് പി എം ഹേമലത വ്യക്തമാക്കിയിരുന്നു.കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലയ്ക്ക് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനും ശേഷം ആയിരിക്കും കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുക.
നാല് വയസുകാരി മകളെ പുഴയില്‍ എറിഞ്ഞു കൊന്നതില്‍ അമ്മയ്ക്ക് കുറ്റബോധമോ സങ്കടമോ ഇല്ലെന്ന് പൊലീസ് നേരത്തെ വ്യക്താക്കിയിരുന്നു. പോലീസ് കസ്റ്റഡിയിലായിരിക്കവേ പൊലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചു. ശേഷം സന്ധ്യ സുഖമായി സ്റ്റേഷനില്‍ കിടന്ന് ഉറങ്ങിയിരുന്നു. ഇന്നലെയായിരുന്നു കല്യാണിയുടെ സംസ്‌ക്കാരം. തിരുവാങ്കുളത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം പൊതുശ്മശാനത്തില്‍ കല്യാണിയുടെ സംസ്‌കാരിച്ചു. നിരവധി പേരാണ് തിരുവാങ്കുളത്തെ വീട്ടില്‍ കല്യാണിയുടെ ചേതനയറ്റ ശരീരം അവസാനമായി കാണാനെത്തിയത്.
കല്യാണിയുടെ വേര്‍പാട് നടിനും തീരാവേദനയായി മാറി. എല്‍കെജി ക്ലാസിലേക്ക് പ്രവേശനമെടുത്ത കല്യാണിയുടെ ചിരിക്കുന്ന മുഖമാണ് അവരുടെ മനസ്സില്‍. കല്യാണിയടക്കമുള്ള കുഞ്ഞുങ്ങള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ തിങ്കളാഴ്ചയാണ് സ്‌കൂളിലെത്തിയത്. കുട്ടികള്‍ക്കുവേണ്ട പുസ്തകങ്ങള്‍ ഒരുക്കിവയ്ക്കേണ്ട ജോലിക്കായി എത്തിയവര്‍ വൈകിട്ടാണ് കല്യാണിയെ കാണാനില്ലെന്ന വാര്‍ത്തയറിഞ്ഞത്.
കല്യാണിയെ അന്വേഷിച്ച് എല്ലാവരും മറ്റക്കുഴി കീഴ്പ്പിള്ളി വീട്ടിലെത്തി. സഹോദരന്‍ കാശിനാഥും ഈ സ്‌കൂളിലാണ് പഠിച്ചത്. കാശിയെ വിളിക്കാന്‍ ബന്ധുക്കളെത്തുമ്പോള്‍ എന്നും കല്യാണിയും കൂടെയുണ്ടാകും. അങ്ങനെ സ്‌കൂളിലെത്തുംമുമ്പേ എല്ലാവര്‍ക്കും കല്യാണി പ്രിയങ്കരിയായി തീര്‍ന്നുവെന്ന് പ്രധാനാധ്യാപിക സിന്ധു രാഘവന്‍ പറഞ്ഞു. കഴിഞ്ഞ എട്ടിനാണ് അച്ഛന്‍ സുഭാഷും കാശിയും കല്യാണിയുമായെത്തി പ്രവേശനം നേടിയത്. ആറാം ക്ലാസിലേക്ക് ജയിച്ച ചേട്ടന്‍ കാശി പഠിക്കുന്ന വെണ്ണിക്കുളം സെന്റ് ജോര്‍ജസ് സ്‌കൂളില്‍ പഠിക്കാനായിരുന്നു കല്യാണിയുടെ ആഗ്രഹം. എന്നാല്‍, എല്‍കെജി ക്ലാസിലെ കളിപ്പാട്ടങ്ങള്‍ കണ്ടതോടെ എല്ലാം മറന്നു.
ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് കല്യാണിയുടെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സന്ധ്യ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങളൊക്കെ കൂടുതല്‍ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ എന്നും എറണാകുളം റൂറല്‍ എസ്പി എം.ഹേമലത വ്യക്തമാക്കി. മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.
വീട്ടിലെ പ്രശ്‌നങ്ങളാണോ കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നറിയാന്‍ കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്ന് എസ്പി പറഞ്ഞു. സന്ധ്യയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും മാനസികാരോഗ്യ പരിശോധന അടക്കമുള്ളവ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും എസ്പി പറഞ്ഞു. മറ്റക്കുഴിയിലുള്ള അങ്കണവാടിയില്‍ നിന്ന് കുട്ടിയെ കൂട്ടിയ ശേഷം ആലുവ വഴി കുറുമശേരിയിലെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ മൂഴിക്കുളം പാലത്തില്‍ വച്ച് സന്ധ്യ കുഞ്ഞിനെ പുഴയിലെറിയുകയായിരുന്നു എന്നാണ് കേസ്. സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറയുന്നുണ്ട്.