ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയ മലയാളിയെ തട്ടികൊണ്ടുപോയി ഒന്‍പത് ലക്ഷം രൂപ കവര്‍ന്നു; മുഖംമൂടി ധരിച്ച് അക്രമം; ഇരുട്ടില്‍ തപ്പി പൊലീസ്

മലയാളിയെ തട്ടികൊണ്ടുപോയി ഒന്‍പത് ലക്ഷം രൂപ കവര്‍ന്നു

Update: 2024-09-05 13:18 GMT

കണ്ണൂര്‍: കണ്ണൂരില്‍ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്നെന്ന് പരാതിയില്‍ പൊലീസ് കേസെടുത്തു. കാറിലെത്തിയ സംഘം ഏച്ചൂര്‍ സ്വദേശി റഫീഖിനെ തട്ടിക്കൊണ്ടുപോയി 9 ലക്ഷം രൂപ കവര്‍ന്നെന്നാണ് പരാതിയില്‍ പറയുന്നത്. പുലര്‍ച്ചെ ബെംഗളൂരുവില്‍ നിന്ന് ഏച്ചൂരില്‍ ബസിറങ്ങിയപ്പോഴാണ് റഫീഖിനെതിരെ നാലംഗ സംഘത്തിന്റെ അക്രമമുണ്ടായത്. മര്‍ദിച്ചവശനാക്കി പണം കവര്‍ന്നതിന് ശേഷം കാപ്പാട് ഉപേക്ഷിച്ചു കടന്നുവെന്നാണ് റഫീഖിന്റെ പരാതി.

ബെംഗളൂരുവില്‍ സ്വന്തമായി ബേക്കറി നടത്തുന്ന റഫീഖ് രാത്രി നാട്ടിലേക്ക് ബസ് കയറിയതായിരുന്നു. ഏച്ചൂരില്‍ ബസിറങ്ങിയപ്പോള്‍ തന്നെ കറുത്ത കാര്‍ വന്നു നിര്‍ത്തിയ ശേഷം മൂന്നാലു പേര്‍ ചേര്‍ന്ന് റഫീഖിനെ വലിച്ച് കാറിലേക്ക് കയറ്റുകയായിരുന്നു. വായ പൊത്തിപ്പിടിച്ചതിനാല്‍ ശബ്ദമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് റഫീഖ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

തോളിലിട്ടിരുന്ന ബാ?ഗ് എടുക്കാന്‍ സംഘം ശ്രമിച്ചെങ്കിലും വിട്ടുനല്‍കാത്തതിനാല്‍ റഫീഖിനെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ മൂക്കിനും അരക്കെട്ടിനും ഉള്‍പ്പെടെ ശരീരത്താകെ പരിക്കു പറ്റി. സംഘത്തിലൊരാള്‍ വാളെടുത്തതോടെ ജീവനില്‍ ഭയന്നാണ് ബാ?ഗ് നല്‍കിയതെന്നും അതിലുണ്ടായിരുന്ന 9 ലക്ഷം രൂപ മുഴുവനായും തട്ടിയെടുതെന്നും റഫീഖ് പറഞ്ഞു.

മുഖംമൂടി ധരിച്ചായിരുന്നു സംഘം ആക്രമണം നടത്തിയത്. പ്രതികളുടെ ശബ്ദം കേള്‍ക്കാനായെങ്കിലും റഫീഖിനവരെ തിരിച്ചറിയാനിയില്ല എന്നത് തുടര്‍ന്നുള്ള അന്വേഷണത്തില്‍ വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല റഫീഖിന്റെ കയ്യില്‍ കാശുണ്ടായിരുന്നതും ഇറങ്ങുന്ന സ്ഥലവുമെല്ലാം വ്യക്തമായി ധാരണയുള്ളവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

ബെംഗളൂരുവില്‍ ബേക്കറി ഉടമയായ റഫീഖ് പണയം വെച്ച സ്വര്‍ണം എടുക്കാനായി പലരില്‍ നിന്നായി കടംവാങ്ങിയ പണമായിരുന്നു ബാ?ഗിലുണ്ടായിരുന്നത്.

നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് റഫീഖ്. അതേസമയം, സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധന കേന്ദ്രീകരിച്ചാവും പൊലീസിന്റെ പ്രാഥമിക അന്വേഷണം.

Tags:    

Similar News