കണ്ണൂരിനെ നടുക്കി വീണ്ടും വന്‍ കവര്‍ച്ച; വീട് പൂട്ടിയിട്ട് കല്യാണത്തിന് പോയി വന്നപ്പോള്‍ കണ്ടത് തകര്‍ന്ന മുന്‍ വാതില്‍; അലമാരയില്‍ സൂക്ഷിച്ച 14 പവനും പണവും മോഷ്ടിച്ച; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
കണ്ണൂരിനെ നടുക്കി വീണ്ടും വന്‍ കവര്‍ച്ച;
തലശ്ശേരി: വളപട്ടണത്തെ വ്യാപാരിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടിയിട്ട് ഒരു മാസമേ ആകുന്നുള്ളൂ. ഇതിനിടെയാണ് കണ്ണൂരിലെ ഞെട്ടിച്ച് വീണ്ടുമൊരു മോഷണം. കണ്ണൂര്‍ തളാപ്പില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 14 പവന്‍ സ്വര്‍ണവും പണവും മോഷണം പോയി. കോട്ടാമ്മാര്‍കണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്.
മോഷ്ടാക്കള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വീട്ടുകാര്‍ വാതില്‍ പൂട്ടി ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്നാണ് കള്ളന്‍ അകത്തുകയറിയത്. മുറികളിലെ അലമാരകളുടെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച 12 സ്വര്‍ണ നാണയങ്ങളും 2 പവന്‍ മാലയും 88000 രൂപയും കവര്‍ന്നു. വീട്ടുടമസ്ഥന്‍ ഉമൈബയും കുടുംബവും വിദേശത്താണ്. ഉമൈബയുടെ മകന്‍ നാദിര്‍ തന്റെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയിരുന്നു.
ചെറുകുന്നിലെ കല്യാണത്തില്‍ പങ്കെടുക്കാനായി തലേദിവസം വാതില്‍ പൂട്ടി പോയതാണ് നാദിര്‍. വിവാഹ ആഘോഷം കഴിഞ്ഞ് നാദിര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
നേരത്തെ വളപട്ടണം മന്നയിലെ മൊത്ത അരിവ്യാപാരിയുടെ വീട്ടില്‍ നിന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്ന കേസില്‍ പ്രതി അയല്‍വാസിയായിരുന്നു. പ്രതി ലിജീഷില്‍ നിന്നും പിടിച്ചെടുത്ത തൊണ്ടിമുതല്‍ കണ്ടെടുത്തിരുന്നു. പ്രവാസിയായിരുന്ന ലിജീഷ് നേരത്തേയും മോഷണക്കേസുകളില്‍ പ്രതിയാണ്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുമ്പോള്‍ പ്രതിയുടെ വിരലടയാളം പരിശോധിച്ചിരുന്നു. ഇതില്‍നിന്ന് കണ്ണൂര്‍ കീച്ചേരില്‍ ഒന്നരവര്‍ഷം മുമ്പ് മോഷണം നടന്ന വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടെന്ന് വ്യക്തമായി. ഇതോടെ ചുരുളഴിയാതെ കിടന്ന കീച്ചേരി മോഷണ കേസിലും തുമ്പുണ്ടായിരിക്കുകയാണ്.
സ്വന്തം വീട്ടിലെ മുറിയില്‍ കട്ടിലിനടിയില്‍ നിര്‍മിച്ച രഹസ്യ അറയിലാണ് മോഷണ വസ്തുക്കള്‍ ലിജീഷ് ഒളിപ്പിച്ചിരുന്നത്. മോഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പുറത്തു വിട്ടു. ലിജീഷ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ഞായറാഴ്ച രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തൊട്ടു പുറകേ ഇയാളുടെ വീട്ടിലെത്തി തൊണ്ടിമുതല്‍ പിടിച്ചെടുത്തുവെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
മോഷണം നടന്ന കെ.പി. അഷ്റഫിന്റെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലാണ് ലിജീഷ് താമസിക്കുന്നത്. ഒരുമതിലിന് ഇരുപുറവുമാണ് രണ്ടുവീടുകളും. അഷ്റഫിന്റെ വീട് ലിജീഷ് നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. നവംബര്‍ 19-ന് അഷ്റഫും കുടുംബവും വീട് പൂട്ടി മധുരയിലേക്ക് പോയെന്ന് മനസിലാക്കിയ പ്രതി മോഷണം നടത്തുകയായിരുന്നു. ഒരുകോടി രൂപയും 300 പവനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇതിന്റെ പകുതി ആദ്യത്തെ ദിവസം മോഷ്ടിച്ചു. പിന്നീട് 21-ാം തീയതി വീണ്ടും വീട്ടില്‍ കയറി ശേഷിക്കുന്ന സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു.