കരുവന്നൂര്‍ സഹകരണ ബാങ്കിന് തട്ടിപ്പില്‍ സിപിഎമ്മിന് തിരിച്ചടി; സിപിഎമ്മിന്റേത് ഉള്‍പ്പെടെ കണ്ടുകെട്ടിയത് 118 കോടി മൂല്യമുള്ള സ്വത്തുക്കള്‍; വസ്തുക്കള്‍ ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സമ്മതമാണെന്ന് ഇ.ഡി കോടതിയില്‍; നിക്ഷേപ സമാഹരണവുമായി ബാങ്ക് മുന്നോട്ടു പോകവേ കനത്ത തിരിച്ചടി
കരുവന്നൂര്‍ സഹകരണ ബാങ്കിന് തട്ടിപ്പില്‍ സിപിഎമ്മിന് തിരിച്ചടി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി. സ്വത്ത് കണ്ടുകെട്ടിയത് ഡല്‍ഹി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി ശരിവെച്ചു. സി.പി.എമ്മിന്റേതുള്‍പ്പടെ 118 കോടി രൂപ മൂല്യമുള്ള സ്വത്ത് ഇതിലുള്‍പ്പെടുന്നു. ഇവ ലേലംചെയ്ത് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സമ്മതമാണെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. തട്ടിപ്പിനിരയായത് കരുവന്നൂര്‍ ബാങ്ക് ആയതിനാല്‍ ബാങ്ക് തന്നെ ഈ നടപടി പൂര്‍ത്തിയാക്കണമെന്നാണ് ഇ.ഡി. നിലപാട്. ഇതോടെ സിപിഎമ്മിന്‍ പാര്‍ട്ടി സ്വത്തുക്കള്‍ അടക്കം ലേല വസ്തുവമായി മാറുന്ന അവസ്ഥയുണ്ടാകും.
അതേസമയം സ്വത്ത് കണ്ടുകെട്ടിയത് സ്ഥിരപ്പെടുത്തിയതോടെ സി.പി.എം. വെട്ടിലായി. സി.പി.എമ്മിന് മുന്‍തൂക്കമുള്ള ഭരണസമിതിയാണ് ബാങ്കിന്റേത്. കണ്ടുകെട്ടിയ സ്വത്ത് ഇ.ഡി.യില്‍നിന്ന് സ്വീകരിക്കുന്നതില്‍ കരുവന്നൂര്‍ ബാങ്ക് എടുക്കുന്ന തീരുമാനം നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്നതില്‍ നിര്‍ണായകമാകും.
കരുവന്നൂര്‍ കേസില്‍ ഈ വര്‍ഷമാദ്യം കണ്ടുകെട്ടിയ 10.98 കോടി രൂപയുടേതൊഴിച്ചുള്ള എല്ലാമാണ് അഡ്ജുഡിക്കേറ്റിങ് അതോറിറ്റി സ്ഥിരപ്പെടുത്തിയത്. സി.പി.എം. ജില്ലാകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ബാങ്കില്‍നിന്ന് നിയമവിരുദ്ധവായ്പ നല്‍കിയെന്നും ഇതിനുപകരമായി വായ്പ ലഭിച്ചവരില്‍നിന്ന് സംഭാവന രൂപത്തില്‍ സി.പി.എം. അക്കൗണ്ടുകളില്‍ പണമെത്തിയെന്നും ഇ.ഡി. കണ്ടെത്തിയിരുന്നു.
ഇ.ഡി.യുടെ കണ്ടുകെട്ടലുകള്‍ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി അംഗീകരിക്കുന്നതോടെയാണ് സ്ഥിരപ്പെടുക. പരാതിയുണ്ടെങ്കില്‍ 45 ദിവസത്തിനകം അപ്പേലറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. സാധാരണഗതിയില്‍ അതോറിറ്റി ഉത്തരവ് ശരിവെക്കുകയാണ് ട്രിബ്യൂണല്‍ ചെയ്യാറ്. ഇതിനുശേഷം സ്വത്ത് വിട്ടുകിട്ടാന്‍ അതത് ഹൈക്കോടതികളെ സമീപിക്കാം. അപൂര്‍വമായേ കണ്ടുകെട്ടലുകള്‍ ഹൈക്കോടതികളും റദ്ദാക്കാറുള്ളൂ.
അതേസമയം നിക്ഷേപ സമാഹരണവുമായി കരുവന്നൂര്‍ സഹകരണ ബാങ്ക് നീങ്ങവേയാണ് ഇഡിയുടെ തീരുമാനം. ഉണ്ടായത്. ഇതും ബാങ്കിന് തിരിച്ചടിയാകുന്ന അവസ്ഥയാണ്. ആയിരം പേരില്‍ നിന്നായി ഒരു കോടി രൂപ സമാഹരിക്കാനുള്ള നിക്ഷേപ സമാഹരണത്തിന് തുടക്കമായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയ വസ്തുക്കള്‍ ലേലം ചെയ്യുന്ന നടപടിയും ഊര്‍ജ്ജതമാക്കി. ബാങ്കിനെ തിരിച്ചു വരവിന്റെ പാതയില്‍ എത്തിക്കാനുള്ള നീക്കമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വ്യക്തമാക്കി.
വായ്പ തിരിച്ചടവിനത്തില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന് ഒരു മാസം മൂന്നരക്കോടിയോളം രൂപയുടെ വരുമാനം ഉണ്ട്. എന്നാല്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതിനാല്‍ ബാങ്കിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് നിക്ഷേപ സമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ആയിരം പേരെ കണ്ടെത്തി നിക്ഷേപം സ്വീകരിക്കുന്നതിനോടൊപ്പം കൂടുതല്‍ പേരുടെ വിശ്വാസ്യത ആര്‍ജ്ജിക്കുക എന്നത് കൂടിയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയ വസ്തുവിന്റെ ലേല നടപടികളും ബാങ്ക് ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്നു കോടി 58 ലക്ഷം രൂപയുടെ വസ്തു ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ ബാങ്ക് ആരംഭിച്ചു.