സർ..എന്റെ മരിച്ചുപോയ അച്ഛൻ ഇവിടെ സ്വർണം പണയം വെച്ചിരുന്നു അത് എടുക്കണം..; അതിനെന്താ..ഇപ്പോ ശരിയാക്കി തരാമെന്ന് ബാങ്ക് ജീവനക്കാരൻ; കൊണ്ടുവന്ന നെക്ലേസ് അടക്കമുള്ള മാലയിൽ തോന്നിയ സംശയം; ഒടുവിൽ പോലീസിന്റെ വരവിൽ സത്യം പുറത്ത്
കാസർകോട്: കർണാടക ബാങ്കിന്റെ മംഗൽപ്പാടി ശാഖയിൽ 2024-ൽ പണയം വെച്ച ഏകദേശം 28 പവനോളം (227 ഗ്രാം) സ്വർണം മുക്കുപണ്ടമാണെന്ന് കണ്ടെത്തി. സ്വർണം പണയം വെച്ച മഞ്ചേശ്വരം സ്വദേശി മരണപ്പെട്ടതിനെ തുടർന്ന് മകൻ തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ചയാളുടെ മകൻ ഏകദേശം 15 ബാങ്കുകളിൽ അന്വേഷണം നടത്തിയ ശേഷമാണ് മംഗൽപ്പാടി ശാഖയിൽ സ്വർണം കണ്ടെത്തിയത്. എന്നാൽ, നെക്ലേസ് അടക്കമുള്ള ആഭരണങ്ങളിൽ സംശയം തോന്നിയതിനെ തുടർന്ന് ഇദ്ദേഹം ബാങ്ക് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ബാങ്കിന്റെ പരിശോധനയിലാണ് 227 ഗ്രാം സ്വർണം മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്നാണ് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകിയത്.
പണയം വെച്ച സ്വർണത്തിലും ഇപ്പോൾ നിലവിലുള്ള സ്വർണത്തിലും തൂക്കത്തിൽ വ്യത്യാസമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണയം വെച്ചയാൾ മരണപ്പെട്ടതിനാൽ കൂടുതൽ അന്വേഷണം നടത്തേണ്ടി വരുമെന്ന് മഞ്ചേശ്വരം സി.ഐ. അജിത് അറിയിച്ചു.
നിലവിൽ, പോലീസിന്റെ പ്രത്യേക സംഘം ഫോൺ രേഖകളും മറ്റ് വിവരങ്ങളും പരിശോധിച്ചുവരികയാണ്. കൂടാതെ, ബാങ്ക് ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണ്. മരിച്ചയാളുടെ മൊഴി ലഭ്യമല്ലാത്തതിനാൽ കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നത് പോലീസിന് വെല്ലുവിളിയാകുമെന്നാണ് സൂചന.