രണ്ടാഴ്ച മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ ക്ഷണം കേട്ട യുവാവ് കഴക്കൂട്ടത്തിലേക്ക് പാഞ്ഞു; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണിയും! കാത്തിരുന്ന സംഘം യുവാവിന്റെ കാറും സ്വര്‍ണവും പണവും കവര്‍ന്നു; കഴക്കൂട്ടത്ത് ഹണിട്രാപ്പ് തട്ടിപ്പില്‍ അന്വേഷണം തുടങ്ങി പോലീസ്

കഴക്കൂട്ടത്ത് ഹണിട്രാപ്പ് തട്ടിപ്പില്‍ അന്വേഷണം തുടങ്ങി പോലീസ്

Update: 2025-05-25 15:22 GMT

കഴക്കൂട്ടം: കഴക്കൂട്ടത്ത് ഹണിട്രാപ്പ് തട്ടിപ്പിലൂടെ യുവാവിന്റെ ആഡംബര കാറും സ്വര്‍ണവും പണവും മൊബൈല്‍ഫോണും കവര്‍ന്നതായി പരാതി. കാട്ടാക്കട മാറനല്ലൂര്‍ സ്വദേശിയാണ് താന്‍ ഹണിട്രാപ്പ് തട്ടിപ്പിന് ഇരയായതായി ചൂണ്ടിക്കാട്ടി പരാതി നവല്‍കിയത്. യുവതിയെ ഉപയോഗിച്ച് വിളിച്ചുവരുത്തി മര്‍ദ്ദിച്ച ശേഷം സംഘം യുവാവിന്റെ ഔഡി കാറും സ്വര്‍ണവും പണവും മൊബൈല്‍ഫോണുമായി കടന്നുകളയുകയായിരുന്നു.

രണ്ടാഴ്ച മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയാണ് കബളിപ്പിച്ചതെന്ന് യുവാവ് പരാതിയില്‍ പറയുന്നത്. യുവതി വഴി സംഘം യുവാവിനെ കഴക്കൂട്ടത്തിലേക്ക് എത്തിക്കുകയായിരുന്നു. കാറില്‍ യുവതി കയറി. ഈ സമയം കാറിന്റെ ലൊക്കേഷന്‍ യുവതി തട്ടിപ്പ് സംഘത്തിന് കൈമാറി. തുടര്‍ന്ന് ബൈപ്പാസ് ജംഗ്ഷനില്‍ വച്ച് കാര്‍ ഇന്നവോ കാറിലെത്തിയ പ്രതികള്‍ തടയുകയും തുടര്‍ന്ന് യുവാവിന്റെ കഴുത്തില്‍ കത്തി വച്ച് മൂന്ന് പവന്റെ മാല പൊട്ടിച്ചെടുത്ത ശേഷം മര്‍ദ്ദിക്കുകയുമായിരുന്നു.

മര്‍ദ്ദനം സഹിക്കവയ്യാതെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കാറും കാറിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍, 417000 രൂപ എന്നിവയുമായി സംഘം കടന്നുകളഞ്ഞെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.

Tags:    

Similar News