മലയാളി സംഘടനകളില്‍ നിറഞ്ഞ് വിശ്വാസ്യത നേടി; 20 കൊല്ലം ഇടപാടുകാര്‍ക്ക് കൃത്യമായി പണം നല്‍കി; നിക്ഷേപം കുമിഞ്ഞ് കൂടി 100 കോടിയില്‍ എത്തി; ബെംഗളൂരുവിലെ നിക്ഷേപകരെ പറ്റിച്ച് ദമ്പതികള്‍ മുങ്ങി; രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് പൊളിഞ്ഞു; ആലപ്പുഴക്കാരായ ടോമിയേയും ഭാര്യയേയും തേടി പോലീസ്

Update: 2025-07-07 03:32 GMT

ബെംഗളൂരു: മലയാളി മോഡല്‍ ചിട്ടി തട്ടിപ്പ് ബെംഗളൂരുവിലും. ബെംഗളൂരുവില്‍ ചിട്ടിക്കമ്പനിനടത്തി ഒട്ടേറെപ്പേരില്‍നിന്നുള്ള കോടിക്കണക്കിനു രൂപയുമായി മലയാളി ദമ്പതിമാര്‍ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫൈനാന്‍സ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരുടെ പേരിലാണ് പരാതി. ഇവരുടെ പേരില്‍ രാമമൂര്‍ത്തി നഗര്‍ പോലീസ് കേസെടുത്തു. 2005 മുതല്‍ നടക്കുന്ന ചിട്ടി കമ്പനിയാണ് പൊളിയുന്നത്.

ബുധനാഴ്ച മുതല്‍ ഇവരെ കാണാതായെന്നാണ് പരാതി. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നുപറയുന്നു. ഫോണ്‍ സ്വിച്ച് ഓഫാണ്. കമ്പനിയുടെ ഓഫീസില്‍ ഏതാനും ജീവനക്കാരുണ്ടെങ്കിലും അവര്‍ക്ക് ഇവരെപ്പറ്റി വിവരമില്ല. തുടര്‍ന്നാണ് നിക്ഷേപകര്‍ പോലീസിനെ സമീപിച്ചത്. രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ റിട്ട. ജീവനക്കാരനാണ് ആദ്യം പരാതി നല്‍കിയത്. 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയില്‍ നിക്ഷേപിച്ചതായി പരാതിയില്‍ പറഞ്ഞു. ഈ പണവുമായാണ് ഉടമകള്‍ മുങ്ങിയതെന്ന് ആരോപിച്ചു. കൂടുതല്‍ നിക്ഷേപകര്‍ പോലീസ് സ്റ്റേഷനിലെത്തി.

ഞായറാഴ്ച വൈകീട്ടോടെ 265 പേര്‍ പരാതിയുമായെത്തി. 100 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് വിലയിരുത്തല്‍. പണം നഷ്ടമായവരില്‍ ഭൂരിഭാഗവും മലയാളികളാണ്. മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് വിശ്വാസം നേടിയെടുത്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. അതു കൊണ്ടാണ് ചിട്ടിയിലും നിക്ഷേപപദ്ധതികളിലും ഇത്രയധികം നിക്ഷേപമുണ്ടായത്. ജൂലൈ അഞ്ചു മുതലാണ് ഇവരെ കാണാതായത് എന്നാണ് പരാതി. മൊബൈലും സ്വിച്ച് ഓഫാണെന്ന് മനസ്സിലായതോടെ പരാതിക്കാര്‍ കേസ് കൊടുക്കുകയായിരുന്നു.

1982ലെ ചിട്ട് ഫണ്ട് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നിയമ വിരുദ്ധ ചിട്ടിയായിരുന്നു ഇതെന്നാണ് പോലീസ് നിഗമനം. ഇതിനൊപ്പം ചതി, വിശ്വാസ വഞ്ചന തുടങ്ങിയ ഭാരതീയ നീതി സംഹിതയിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ദമ്പതികള്‍ പണവുമായി മുങ്ങിയതാണെന്ന് തന്നെയാണ് പോലീസിന്റേയും പ്രാഥമിക നിഗമനം.

Tags:    

Similar News