യുഎസ് ധനകാര്യ സ്ഥാപനമായ കാപ്പിറ്റല്‍ വണ്ണില്‍ വന്‍ കോഴ തട്ടിപ്പ്; ഇന്ത്യന്‍ മാനേജര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണം; അമേരിക്കന്‍ ടെക് വിദഗ്ധരെ പുറത്താക്കി എച്ച് 1 ബി വിസക്കാരെ കുറഞ്ഞ ശമ്പളത്തില്‍ നിയമിക്കുന്നു; അമേരിക്കക്കാരോട് വംശീയ പക്ഷപാതവും പക വീട്ടലും നടത്തുന്നു; വിസ ചട്ടങ്ങള്‍ ലംഘിച്ച് ഇന്ത്യക്കാരെ നിയമിക്കുന്നു; വന്‍മാഫിയ എന്ന് ദി വിസ ഫയല്‍സ് റിപ്പോര്‍ട്ട്

കാപ്പിറ്റല്‍ വണ്ണില്‍ കോഴ ഇടപാട് ആരോപണം

Update: 2025-11-26 12:53 GMT

വിര്‍ജീനിയ: അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ക്യാപ്പിറ്റല്‍ വണ്ണിലെ (Capital One) ഇന്ത്യന്‍ മാനേജര്‍മാര്‍ക്ക് എതിരെ വന്‍ കോഴയാരോപണം. വിസ ഫയല്‍സ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമേരിക്കന്‍ തൊഴിലാളികളെ തഴഞ്ഞ്, കുറഞ്ഞ ശമ്പളത്തില്‍ H-1B വിസക്കാരെ നിയമിക്കാന്‍ റിച്ച്മണ്ഡിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഒത്താശയോടെ മാനേജര്‍മാര്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ കോഴ റാക്കറ്റിന് നേതൃത്വം നല്‍കുന്നു എന്ന ഗുരുതര ആരോപണമാണ് വിസ ഫയല്‍സ് ഉന്നയിക്കുന്നത്.

ചുരുക്കത്തില്‍, അമേരിക്കന്‍ സാങ്കേതിക വിദഗ്ധരെ ക്യാപ്പിറ്റല്‍ വണ്ണില്‍ നിന്ന് പുറത്താക്കുകയും, പകരം കുറഞ്ഞ ശമ്പളത്തില്‍ യോഗ്യതയില്ലാത്ത എച്ച്1ബി, എഫ് വണ്‍, എച്ച് 4 വിസക്കാരെ ജോലിക്ക് വയ്ക്കുകയും ചെയ്യുന്നു. ശമ്പള വ്യത്യാസത്തിലെ തുക, മാനേജര്‍മാര്‍ അടിച്ചുമാറ്റുകയാണ്. പെരുപ്പിച്ച് കാണിക്കുന്ന ബില്ലുകളും, കരാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളവും തമ്മിലെ വ്യത്യാസമാണ് മാനേജര്‍മാര്‍ സ്വന്തം പോക്കിലാക്കുന്നത്. ഈ വിഷയം തൊഴില്‍ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബറിന്റെ 'പ്രൊജക്റ്റ് ഫയര്‍വാള്‍' (Project Firewall) അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

കോഴ സംഘം പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

കാപ്പിറ്റല്‍ വണ്ണിലെ മുതിര്‍ന്ന ഇന്ത്യന്‍ ഡയറക്ടര്‍മാര്‍ അടുത്ത ബന്ധമുള്ള ബോഡിഷോപ്പുകള്‍ക്ക് കരാറുകള്‍ നല്‍കുന്നു. ജിസി സര്‍വീസസ്, നെക്സ്റ്റ് സോഴ്‌സ്, അപെക്‌സ്, ആര്‍ടെക് ഇന്‍ഫര്‍മേഷന്‍, അസ്‌റ്റൈറ തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രാഥമികമായി കരാറുകള്‍ സ്വന്തമാക്കുന്നത്.

ഈ സ്ഥാപനങ്ങള്‍ റിച്ച്മണ്ട്- ഗ്ലെന്‍ ഭാഗത്തെ ഗൂഢമായ ഇന്ത്യന്‍ ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കുന്നു. ആര്‍ട്ടിഫിക്ഷന്‍ LLC, ഇന്റലക്റ്റ് ടെക്‌നോളജീസ്, ഗ്ലോബല്‍ സുമി ടെക്‌നോളജീസ് ഇന്‍ക്. തുടങ്ങിയവരെയാണ് ഇത്തരത്തില്‍ ഉപകരാര്‍ ഏല്‍പ്പിക്കുന്നത്. ഈ ഉപകരാര്‍ സ്ഥാപനങ്ങള്‍ കരാര്‍ ഒപ്പിടുന്ന കാപ്പിറ്റല്‍ വണ്‍ ഡയറക്ടര്‍മാരുടെ ബന്ധുക്കളോ, കോളേജ് സുഹൃത്തുക്കളോ ആണ് നടത്തുന്നത്. രഞ്ജിത് കസനബോയിന, ശ്രീനി വസാംസെട്ടി, ഗണേഷ് കണ്ടുല, സതീഷ് കേസിബോയിന എന്നിവരുള്‍പ്പെടെയുള്ള ഡയറക്ടര്‍മാര്‍ക്ക് ഈ അഴിമതിയില്‍ പങ്കുണ്ടെന്നാണ് ആരോപണം.

മണിക്കൂറിന് $120-$160 നിരക്കില്‍ കാപ്പിറ്റല്‍ വണ്ണില്‍ ബില്‍ ചെയ്യുന്ന ജീവനക്കാര്‍ക്ക് $60-$70 മാത്രമാണ് ശമ്പളം നല്‍കുന്നത്. ശേഷിക്കുന്ന $50-$90 തുക പ്രധാന ബോഡിഷോപ്പുകള്‍ക്കും ഉപകരാറുകാര്‍ക്കും പങ്കിട്ടെടുക്കുകയും, അതിന്റെ ഒരു ഭാഗം കാപ്പിറ്റല്‍ വണ്‍ മാനേജര്‍മാര്‍ക്ക് പണമായോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ കൈക്കൂലിയാായി നല്‍കുകയും ചെയ്യുന്നു. വിസ ചട്ടങ്ങള്‍ ലംഘിച്ച് വ്യാജ രേഖകളും തെറ്റായ തൊഴില്‍ വിവരണങ്ങളും നല്‍കി H-1B, F-1, H-4 വിസയിലുള്ളവരെ കുറഞ്ഞ ശമ്പളത്തില്‍ നിയമിക്കുന്നതിലൂടെയാണ് അമേരിക്കന്‍ തൊഴിലാളികളെ വ്യാപകമായി ഒഴിവാക്കുന്നത്.

പക്ഷപാതവും പ്രതികാര നടപടികളും

കാപ്പിറ്റല്‍ വണ്ണിലെ ഇന്ത്യന്‍ വംശീയ പക്ഷപാതത്തെക്കുറിച്ചും പ്രതികാര നടപടികളെക്കുറിച്ചും മുതിര്‍ന്ന എഞ്ചിനീയറായ അമര്‍ സെക് ഉള്‍പ്പെടെയുള്ളവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നിയമപരമായി അവകാശമുള്ള കുട്ടികളെ നോക്കാനുള്ള അവധി എടുത്തതിന്റെ പേരില്‍ ഡയറക്ടര്‍മാരായ ശേഖര്‍ ഝാ, പ്രത്യുഷ ഗന്ദ്ര എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ മാനേജര്‍മാര്‍ തന്നോട് പ്രതികാര നടപടി സ്വീകരിച്ചതായി സെക് ആരോപിച്ചു. അദ്ദേഹത്തിന്റെ പ്രകടനം 'ശക്തം' എന്നതില്‍ നിന്ന് 'അസ്ഥിരം ആയി തരംതാഴ്ത്തുകയും, ജോലിയില്‍ തിരികെ പ്രവേശിച്ചപ്പോള്‍ 'Performance Improvement Plan (PIP)' നല്‍കി ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

വ്യക്തമായ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാത്ത ഇന്ത്യന്‍ സഹപ്രവര്‍ത്തകര്‍ക്ക് പോലും 'Communication' (ആശയവിനിമയം) എന്ന മാനദണ്ഡത്തില്‍ ഉയര്‍ന്ന റേറ്റിംഗ് നല്‍കി പ്രോത്സാഹിപ്പിക്കുകയും, യോഗ്യതയുള്ള അമേരിക്കന്‍ പൗരന്മാരെ തരംതാഴ്ത്തുകയും ചെയ്യുന്ന 'വംശീയ പക്ഷപാതം' നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു.

കാപ്പിറ്റല്‍ വണ്ണിന്റെ ടെക്‌സാസിലെ പ്ലാനോ, ഓഫീസില്‍, പകുതിയിലധികം ജീവനക്കാരും H-1B വിസയിലുള്ള ഇന്ത്യക്കാരാണെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. 15 പേരുള്ള ഒരു യോഗത്തില്‍ 2-3 പേര്‍ മാത്രമായിരിക്കും അമേരിക്കക്കാര്‍. സ്ഥാപനത്തിലെ മാനേജ്മെന്റ് തസ്തികകളില്‍ ഏകദേശം 75 ശതമാനത്തോളം H-1B വിസയില്‍ വന്നവരോ, മുന്‍പ് H-1B വിസ ഉണ്ടായിരുന്നവരോ ആണെന്നും ഭൂരിഭാഗം പേര്‍ക്കും അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രം എഞ്ചിനീയറിംഗ് പരിചയമേ ഉള്ളൂവെന്നും ആരോപണമുണ്ട്.

യോഗ്യതയില്ലാത്തവരെ പ്രോത്സാഹിപ്പിക്കാനും, അമേരിക്കന്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനും 'PIP', 'stack-ranking' തുടങ്ങിയവ ഇന്ത്യന്‍ മാനേജര്‍മാര്‍ ദുരുപയോഗം ചെയ്യുന്നതായും മുന്‍ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ആരപണങ്ങള്‍ നിഷേധിച്ച് ഇന്ത്യന്‍ കമ്പനികള്‍

ഗ്ലോബല്‍ സുമി ടെക്‌നോളജീസ് ഇന്‍ക്., ആര്‍ട്ടിഫിക്ഷന്‍ LLC, ഇന്റലക്റ്റ് ടെക്‌നോളജീസ്, അര്‍ക്ക ടെക്‌നോളജീസ്, റൈസിംഗ് ടൈഡ്‌സ് സൊല്യൂഷന്‍സ് LLC എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന ഈ വിഷയത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ ഉടന്‍ അന്വേഷണം ആരംഭിക്കണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

Tags:    

Similar News