പറവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ മൊബൈല്‍ പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തു; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്; ഫോണ്‍ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത് 'വമ്പന്‍ സ്രാവിനെ' കുടുക്കല്‍; അതിവേഗ അന്വേഷണവുമായി പോലീസ്; കെജെ ഷൈനിന്റെ പരാതിയില്‍ ആരെല്ലാം കുടുങ്ങും?

Update: 2025-09-22 10:14 GMT

കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പ്രചാരണം നടത്തിയ പറവൂരിലെ പ്രാദേശിക നേതാവ് സി കെ ഗോപാലകൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തു, ഗോപാലകൃഷ്ണന്റെ വീട്ടില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു നടപടി. ഈ ഫോണില്‍ നിന്നാണാ ഷൈനിനെതിരായ പോസ്റ്റ് ഇട്ടതെന്ന് പരിശോധിക്കും. സൈബര്‍ ഫോറന്‍സിക് സംഘത്തിന് ഫോണ്‍ കൈമാറും. ഗോപാലകൃഷ്ണനോട് അന്വേഷകസംഘത്തിന് മുന്നില്‍ ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വീട്ടില്‍ നോട്ടീസ് നല്‍കി. കോണ്‍ഗ്രസിലെ പ്രധാനികളും അന്വേഷണ പരിധിയിലുണ്ട്. അതിവേഗ അന്വഷണമാണ് പോലീസ് നടത്തുന്നത്.

കേസെടുത്തതിന് പിന്നാലെ പ്രതികളായ ഗോപാലകൃഷ്ണനും കെ എം ഷാജഹാനും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഉൗര്‍ജ്ജിതമാക്കി. കേസില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനുപുറമെ ഐടി ആക്ടും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 'കൊണ്ടോട്ടി അബു' എന്ന ഫേസ്ബുക്ക് പൊഫൈല്‍ ഉടമ യാസറിനെയും പ്രതിചേര്‍ക്കുമെന്നാണ് സൂചന. ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പ്രത്യേക അന്വേഷകസംഘം. വ്യാജവും അധിക്ഷേപകരവുമായ പ്രചാരണം നടത്തിയ നൂറിലധികം പ്രൊഫൈലുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങള്‍ തേടി എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് കത്ത് നല്‍കിയിരുന്നു. വിവരങ്ങള്‍ ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷ.

സിപിഎമ്മിലും അനാശാസ്യ വിവാദം എന്ന പേരില്‍ അപവാദ പ്രചരണം നടത്തിയെന്ന് വനിതാ നേതാവ് കെജെ ഷൈനിന്റെ പരാതിയില്‍ കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സോഷ്യല്‍ മീഡിയയ വഴി വ്യാജ പ്രചരണം നടത്തിയവരുടെ വിവരങ്ങള്‍ ഷൈന്‍ നല്‍കിയിരുന്നു. ഇവരുടെ അക്കൗണ്ടുകളുടെ ലിങ്കുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. കുന്നംകുളത്ത് പോലീസ് സ്റ്റേഷനില്‍ ക്രാരമായ കസ്റ്റഡി മര്‍ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനെതിരേയും ഷേന്‍ പരാതി നല്‍കിയിട്ടുണ്ട്. ആലുവ സൈബര്‍ പോലീസിലാണ് സുജിത്തിന് എതിരായ പരാതി നല്‍കിയത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമത്തിലൂടെ സൈബര്‍ ആക്രമണം നടത്തി എന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

ഒരു എംഎല്‍എയുടെ പേരുമായി ചേര്‍ത്തുവച്ച് അങ്ങേയറ്റം മോശമായ രീതിയിലുള്ള പ്രചരണം നടക്കുന്നു എന്നാണ് ഷൈന്‍ നല്‍കിയിരിക്കുന്ന പരാതി. കോണ്‍ഗ്രസ് അനുകൂലികളുടെ ഭാഗത്ത് നിന്നാണ് ആക്രമണം ഉണ്ടാകുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ഈ വ്യാജ ആരോപണം. ഇത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറിവോടെയാണ് എന്നും ഷൈന്‍ ആരോപിച്ചിരുന്നു.

സമൂഹ മാദ്ധ്യമങ്ങളിലും ചില മാദ്ധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് സിപിഎം നേതാവും അദ്ധ്യാപികയുമായ കെജെ ഷൈന്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു. തന്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാന്‍ ശ്രമം നടക്കുന്നതായി കെജെ ഷൈന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും തെളിവുകള്‍ സഹിതം പരാതി നല്‍കും. സ്വന്തം നഗ്‌നത മറച്ചുപിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണമെന്നും കെജെ ഷൈന്‍ കുറിച്ചിരുന്നു.

തന്നെയും തന്റെ പങ്കാളിയെയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യക്തിപരമായും കുടുംബപരമായും തേജോവധം ചെയ്യുന്ന തരത്തില്‍ കുപ്രചരണങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇത്തരം അപവാദങ്ങള്‍ ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്നേഹിതരെയും സഹപ്രവര്‍ത്തകരെയുമെല്ലാം മാനസികമായി വേദനിപ്പിക്കുകയാണ്. രാഷ്ട്രീയപരമായും വ്യക്തിപരമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രചരണം നടക്കുന്നതെന്നും കെജെ ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Tags:    

Similar News