പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്തു നാട്ടുകാര്‍; നടുറോഡില്‍ യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; ബോണറ്റിന് മുകളില്‍ വീണ യുവാവുമായി സഞ്ചരിച്ചത് അര കിലോമീറ്റര്‍; തെറിച്ചുവീണ് പരിക്കേറ്റു; ഒരാള്‍ കസ്റ്റഡിയില്‍
നടുറോഡില്‍ യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം
കൊച്ചി: എറണാകുളം എസ്ആര്‍എം റോഡില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കാറിന്റെ ബോണറ്റിന് മുകളില്‍ വീണ യുവാവിനെ അര കിലോ മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തു.
പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ലഹരി ഉപയോഗം നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് അക്രമ സംഭവങ്ങള്‍ക്ക് തുടക്കം. റോഡില്‍ കത്തിവീശിയത് ചോദ്യംചെയ്ത യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എറണാകുളം എസ്ആര്‍എം റോഡിലാണ് സംഭവം. യുവാവിനെ കാറിന്റെ ബോണറ്റില്‍ വീണ യുവാവുമായി അര കിലോമീറ്ററോളം വലിച്ചിഴച്ചു. കാര്‍ ഡ്രൈവര്‍ ലഹരിക്കടിമയാണെന്ന് പോലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. കാറില്‍വന്ന അഞ്ചുപേര്‍ കത്തിയുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അടുത്തുള്ള ഹോസ്റ്റലില്‍ വടിവാളും കത്തിയും വീശി പ്രശ്‌നങ്ങളുണ്ടാക്കി. കാറില്‍ വേറെയും ആയുധങ്ങളുണ്ടായിരുന്നു.
പേടിച്ചുമാറിയ യുവാക്കളുടെ നേരെ അക്രമിസംഘം കാറോടിച്ചു. ഇതിനിടയിലാണ് ഒരാള്‍ ബോണറ്റില്‍ പെട്ടുപോയത്. പിന്നീട് ഇയാള്‍ കൈവിട്ട് തെറിച്ച് വീഴുകയായിരുന്നു. യുവാവിന്റെ കൈകാലുകള്‍ക്ക് പരിക്കുണ്ട്. നിലവില്‍ ഒരാളെയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ കാറില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.
ഇവര്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് വൈകാതെയുണ്ടാവുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
യുവാക്കള്‍ എസ്ആര്‍എം റോഡിലെ ഹോസ്റ്റലില്‍ ലഹരി ഉപയോഗത്തിന് എത്തിയതാണെന്ന് നാട്ടുകാര്‍ പറയുന്നു. പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ലഹരി ഉപയോഗം നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് യുവാവ് കത്തിയെടുത്ത് വീശുകയായിരുന്നു. പിന്നീട് കാര്‍ മുന്നോട്ട് എടുത്തതോടെയാണ് യുവാവിനെ ഇടിച്ചത്. ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം സ്ഥിരമാണെന്ന് പൊലീസ് പറയുന്നു.