വിശ്വാസ്യത നേടിയെടുക്കാന്‍ എന്തും ചെയ്യും; പണം അക്കൗണ്ടിലേക്ക് വന്നാല്‍ ഒഴിഞ്ഞു മാറും; മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടുന്നതില്‍ വിരുതും; കൊടകരക്കാരന്‍ ജിന്റോ ജോയിയ്ക്ക് ഒടുവില്‍ പിടിവീണു; ഇനി സമഗ്രാന്വേഷണം
തിരുവനന്തപുരം: കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശിയായ യുവാവ് മുന്‍പും സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതി. തൃശൂര്‍ കൊടകര സ്വദേശി ജിന്റോ ജോയിയാണ് (33) പിടിയിലായത്. പട്ടത്ത് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന അരുണ്‍കുമാറിന്‍െ്റ പരാതിയെത്തുടര്‍ന്ന് പേരൂര്‍ക്കട പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജിന്റോ അറസ്റ്റിലായത്.
അരുണ്‍കുമാറിന്റെ സ്ഥാപനത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ വിവിധ കോളജുകളില്‍ മെഡിക്കല്‍ സീറ്റ് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ജിന്റോ പണം കൈപ്പറ്റിയത്. ഒരു ജോബ് കണ്‍സള്‍ട്ടന്‍സി മീറ്റിംഗിനിടെയാണ് ജിന്റോയെ അരുണ്‍കുമാര്‍ പരിചയപ്പെടുന്നത്. ഫരീദാബാദ് അമൃത മെഡിക്കല്‍ സയന്‍സ്, തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളില്‍ സീറ്റുകള്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായാണ് 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. കരുനാഗപ്പള്ളി ശാന്തിനികേതന്‍ സ്‌കൂളിന് കേന്ദ്രസര്‍ക്കാര്‍ വക ലാബ് ശരിയാക്കി നല്‍കാമെന്നു വാഗദ്ാനം ചെയ്തും പണം തട്ടി.
പലപ്പോഴും വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് പണം വാങ്ങുകയായിരുന്നു. തുടര്‍ന്ന് വിവരം തിരക്കുമ്പോഴെല്ലാം ജിന്റോ ഒഴിഞ്ഞമാറുകയായിരുന്നു. കബളിപ്പിക്കപ്പെട്ടതായി തോന്നിയതിനെത്തുടര്‍ന്ന് അരുണ്‍കുമാര്‍ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കി. വിശദമായ അന്വേഷണത്തിനു ശേഷം ജിന്‍േ്ായെ അറസ്റ്റു ചെയ്യുകയായിരുന്നു. ഫരീദാബാദ് അമൃത മെഡിക്കല്‍ സയന്‍സില്‍ മെരിറ്റിന് അഡ്മിഷന്‍ നേടിയ ചെര്‍പ്പുളശേരി സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കബളിപ്പിച്ചും പണം തട്ടി. താന്‍ ഇടപെട്ട് വാങ്ങിയെടുത്ത സീറ്റാണെന്നു തെറ്റിദ്ധരിപ്പിച്ച് മൂന്നരലക്ഷം രൂപയാണ് തട്ടിയെടുത്തത്.
വിശ്വാസ്യത നേടിയെടുക്കാനായി കാരക്കോണം മെഡിക്കല്‍ കോളജ് പരിസരത്തു വച്ചാണ് അവിടെ സീറ്റു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. സാമ്പത്തിക തട്ടിപ്പിന് ജിന്റോയ്‌ക്കെതിരെ പരാതി നല്‍കിയ ചേര്‍ത്തല സ്വദേശിയെയും പോലീസ് വിളിച്ചുവരുത്തും. റിമാന്‍ഡിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡയില്‍ വാങ്ങും.