കോയിപ്രത്തെ സുരേഷിന്റെ ദുരൂഹമരണം: അന്വേഷണത്തിന് പുതിയ സംഘം; പതിനാലംഗ ടീമിനെ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി വിദ്യാധരന്‍ നയിക്കും; കോന്നി എസ്എച്ച്ഒയും സംഘത്തില്‍; പോലീസ് മര്‍ദനം ആരോപിച്ച് സഹോദരന്‍ സണ്ണി; വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടു പോയത് ആരെന്നും മൊബൈല്‍ ഫോണ്‍ എവിടെയെന്നതും അജ്ഞാതം

Update: 2025-05-22 07:12 GMT

പത്തനംതിട്ട: കോയിപ്രം വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ വീട്ടില്‍ കെ.എം. സുരേഷിന്റെ (58) ദുരുഹ മരണം പുതിയ സംഘം അന്വേഷിക്കും. പതിനാലംഗ അന്വേഷണ സംഘത്തെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍ നയിക്കും. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോന്നി എസ്എച്ച്ഓ പി. ശ്രീജിത്തും അന്വേഷണ സംഘത്തിലുണ്ട്.

ജില്ലാ സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ ബി.എസ്.ആദര്‍ശ്, ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്ഐമാരായ കെ.എസ്. ധന്യ, പി.എന്‍. അനില്‍കുമാര്‍, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ ഗ്രേഡ് എസ്.ഐമാരായ ബി.കെ. സഞ്ജു, എന്‍. സന്തോഷ്, ജില്ലാ ക്രൈംബ്രാഞ്ചിലെ ഗ്രേഡ് എ.എസ്.ഐ എന്‍. സന്തോഷ്, സൈബര്‍ സെല്‍ ഗ്രേഡ് എ.എസ്.ഐ അനൂപ് മുരളി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എല്‍. സന്തോഷ്, ആര്‍.എസ്. അനീഷ്(ഡി.സി.ആര്‍.ബി), റോബി ഐസക്(ഡി.സി.ബി), രഞ്ജിത്ത് (കോന്നി), എം.എസ്. അമല്‍ (ഡി.പി.സി ഓഫീസ്) എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍. ദക്ഷിണ മേഖലാ ഡി.ഐ.ജി അജിതാ ബീഗത്തിന്റെ നിര്‍ദേശ പ്രകാരം അഡീഷണല്‍ എസ്.പി ആര്‍. ബിനു നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് പത്തനംതിട്ട എസ്.പിയുടെ ചുമതല വഹിക്കുന്ന കൊട്ടാരക്കര റൂറല്‍ എസ്.പി. എം. സാബുമാത്യുവിന് കൈമാറും.

ഇതിനിടെ പോലീസിനെതിരേ ഗുരുതര ആരോപണവുമായി സഹോദരന്‍ സണ്ണി രംഗത്ത്. കോയിപ്രം ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സുരേഷിനെ ക്രൂരമായി മര്‍ദിച്ചുവെന്ന് സണ്ണി പറയുന്നു. കസ്റ്റഡിയില്‍ എടുത്ത ദിവസം രാത്രി വീടു മുഴുവന്‍ പോലീസ് അരിച്ചു പെറുക്കിയിരുന്നു. വീണ്ടും സ്റ്റേഷനില്‍ വിളിച്ചു വരുത്തി മര്‍ദിച്ചു. ദേഹമാസകലം പോലീസ് മര്‍ദനത്തില്‍ പരുക്കേറ്റുവെന്ന് സുരേഷ് വണ്ടി ഓടിക്കുന്ന വീടിന്റെ ഉടമയോട് ചെന്നു പറഞ്ഞിരുന്നു. അവരുമായി ആശുപത്രി ഓട്ടം പോകേണ്ട ദിവസമായിരുന്നു അന്ന്. വാഹന ഉടമയ്ക്ക് മുന്നില്‍ സുരേഷ് കരയുകയായിരുന്നു. ഞാന്‍ കഞ്ചാവ് കച്ചവടം നടത്തിയിട്ടില്ല എന്ന് കുഞ്ഞുങ്ങളെ പിടിച്ച് ആണയിട്ട് സുരേഷ് പറഞ്ഞു. തെറ്റിദ്ധാരണയുടെ പുറത്താണ് കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചത്.

ശരീരമാസകലം വേദനയുണ്ടെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് വാഹന ഉടമ ചികില്‍സയ്ക്കായി കുറച്ച് പണം സുരേഷിന് കൊടുക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസം വിശ്രമിച്ചതിന് ശേഷം വന്നാല്‍ മതിയെന്നും പറഞ്ഞിരുന്നു. അതിന് ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് മൂന്നു പേര്‍ വീട്ടില്‍ വന്നത്. രണ്ടു പേര്‍ അകത്തു വന്നു. ഒരാള്‍ വെളിയില്‍ നിന്നു. ആരാണെന്ന് മാതാവ് ചോദിച്ചപ്പോള്‍ തങ്ങള്‍ ബാബുവിന്റെ കൂട്ടുകാരാണെന്നും ഒരു കമ്മറ്റി പോകാന്‍ വിളിക്കാന്‍ വന്നതാണെന്നുമാണ് പറഞ്ഞത്. ഇവര്‍ കൊണ്ടു പോയതിന് ശേഷം പിന്നെ ബാബുവിനെ കാണുന്നത് മൂന്നാമത്തെ ദിവസം തൂങ്ങി മരിച്ച നിലയിലാണ്. മൃതദേഹം അഴിച്ചിറക്കി കമഴ്ത്തി കിടത്തിയാപ്പോഴാണ് ചന്തിക്കും ആറാം മാലിക്കും ചൂരല്‍പ്പാടുകള്‍ കണ്ടത്. നെറ്റിയില്‍ ഇടതു വശത്ത് മുറിവുണ്ടായിരുന്നു. താന്‍ ഫോട്ടോകള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞുവെന്നും സണ്ണി പറഞ്ഞു. അപ്പോള്‍ തന്നെ താന്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

കഞ്ചാവുണ്ടെന്ന സംശയത്തിലാണ് പിടിച്ചത്. എന്നാല്‍, കൈവശം എന്തെങ്കിലും കാണണ്ടേ? അപ്പോള്‍ ആരുടെ നിര്‍ദേശപ്രകാരമാണ്, എന്തിന് വേണ്ടിയാണ് മര്‍ദിച്ചതെന്ന വിവരം പോലീസ് പറയണം. മര്‍ദനം സഹിക്കാതെ തനിക്ക് കഞ്ചാവ് തന്നയാളുടെ പേര് പറഞ്ഞു. അപ്പോഴാണ് വിട്ടത്. ഇതിന്റെ സത്യാവസ്ഥ കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ക്ക് അറിയാം. നീതിയുക്തമായ അന്വേഷണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. വീട്ടില്‍ വന്ന് കൊണ്ടു പോയത് ആരാണെന്ന് അറിയണം, സുരേഷിന്റെ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് കണ്ടെത്തണമെന്നും സണ്ണി ആവശ്യപ്പെട്ടു.

Similar News