സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു; സഹോദരന്‍ കോഴിക്കോട് നഗരത്തിലൂടെ നടക്കുന്ന ദൃശ്യം ലഭിച്ചു; അവസാന ടവര്‍ ലൊക്കേഷന്‍ ഫറോക്ക് പാലം; പ്രമോദ് എങ്ങോട്ട് പോയെന്നറിയാന്‍ സിസിടിവി കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം; മൂന്നാം ദിവസവും ഇരുട്ടില്‍ തപ്പി പൊലീസ്
സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു
കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ പ്രമോദിനെ ഇനിയും കണ്ടെത്താന്‍ കഴിയാതെ പോലീസ്. പ്രമോദ് എത്തിയ സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. സഹോദരിമാരെ പരിചരിക്കാന്‍ കഴിയാത്തതിനാല്‍ കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീജയ, പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.
മൂന്ന് വര്‍ഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് പ്രമോദും വൃദ്ധ സഹോദരിമാരും താമസിച്ചിരുന്നത്. ഫറോക്ക് പാലം ജംങ്ഷനിലാണ് പ്രമോദിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനിച്ചത്. ഈ പ്രദേശത്ത് ഉള്‍പ്പെടെ പൊലീസ് വിശദമായ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കൊലപാതകം കഴിഞ്ഞ് ഇന്ന് മൂന്നു ദിവസം ആവുമ്പോഴും സഹോദരനെ കണ്ടെത്താനായിട്ടില്ല.
കൊലപാതകം ചെയ്ത ശേഷം പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍ നിന്നിറങ്ങിയ പ്രമോദ്, കോഴിക്കോട് കാരാപറമ്പിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കൊലപാതകത്തിനു ശേഷം പുലര്‍ച്ചെ അഞ്ചുമണിയോടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് മരണവിവരം അറിയിച്ച ശേഷമാണ് പ്രമോദ് വീട്ടില്‍ നിന്നിറങ്ങിയത്. സഹോദരിമാരും സഹോദരനും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ഫോണ്‍ പുഴയില്‍ ഉപേക്ഷിച്ച ശേഷം പ്രമോദ് രക്ഷപ്പെട്ടിരിക്കാമെന്ന സൂചനയാണുള്ളത്. ട്രെയിന്‍ മാര്‍ഗം മറ്റേതെങ്കിലും സ്ഥലത്തേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പ്രതിക്കായി പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. സഹോദരിമാരായ ശ്രീജയുടെയും പുഷ്പലളിതയുടെയും ആരോഗ്യപ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണമുണ്ടായ മാനസിക സംഘര്‍ഷമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രണ്ട് പേരും ്വാസംമുട്ടിയാണു മരിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തളര്‍ന്നു കിടപ്പിലായിരുന്നു ശ്രീജയ. വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാര്‍ക്ക് വേണ്ടി 62 വയസ്സുവരെ ജീവിതം നീക്കിവച്ചയാളാണ് പ്രമോദ്. പ്രായമായ ശ്രീജയ അവശ നിലയിലാണെന്നും പുഷ്പലളിതയ്ക്ക് പ്രായാധിക്യത്തിന്റെ അസുഖങ്ങള്‍ ഉണ്ടെന്നും പറയാറുണ്ടെന്നു അയല്‍വാസികള്‍ പറഞ്ഞു.
ഇംഗ്ലിഷ് പള്ളിക്ക് സമീപം മൂലക്കണ്ടിയില്‍ നിന്നു 47 വര്‍ഷം മുന്‍പ് വീട് ഭാഗം ചെയ്താണ് ഇവര്‍ 3 പേരും മലാപ്പറമ്പിലും പിന്നീട് വേങ്ങേരി കണ്ണാടിക്കല്‍ റോഡില്‍ നായര്‍ ബസാറിലും താമസം തുടങ്ങിയത്. 3 പേരും അവിവാഹിതരാണ്. പ്രമോദ് നേരത്തെ എരഞ്ഞിപ്പാലത്ത് ഇലക്ട്രിക്കല്‍ ജോലി ചെയ്തിരുന്നു. 3 വര്‍ഷം മുന്‍പാണ് ഇവര്‍ ഫ്‌ലോറിക്കന്‍ റോഡിലെ വി.ഉണ്ണിക്കൃഷ്ണ മേനോന്റെ വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. പിന്നീട് ശ്രീജയക്ക് അസുഖം ബാധിച്ചതോടെ പ്രമോദ് ജോലിക്കു പോകാതെ വീട്ടില്‍ ഇരുവരെയും ശ്രുശ്രൂഷിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ആരോഗ്യ വകുപ്പില്‍ നിന്നു വിരമിച്ച ശ്രീജയയുടെ പെന്‍ഷനാണ് ഏക വരുമാന മാര്‍ഗം. എന്നാല്‍ സ്വത്ത് ഭാഗം വച്ചതില്‍ 3 പേര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും അതു ബാങ്കില്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. 3 പേര്‍ക്കും ബന്ധുക്കളോട് അടുപ്പം കുറവാണ്.