കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പില്‍ കുടില്‍കെട്ടി തങ്ങിയവരില്‍ കുറുവ സംഘവും? സന്തോഷ് ശെല്‍വം പിടിയിലായതും ഇവിടെനിന്ന്; പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു; നടപടിയുമായി മരട് നഗരസഭ
കര്‍ണാടക സ്വദേശികളായ കുട്ടവഞ്ചിക്കാരെയും ഒഴിപ്പിക്കും
കൊച്ചി: കുറുവ സംഘത്തിന്റെ ഭീതിയില്‍ പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസിക്കുന്ന കുട്ടവഞ്ചിക്കാരെയും ഒഴിപ്പിക്കാന്‍ നടപടിയുമായി മരട് നഗരസഭ. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കുന്നത്. കുറുവ സംഘാംഗം സന്തോഷ് ശെല്‍വത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുന്നത്.
പ്രാദേശിക മത്സ്യബന്ധന തൊഴിലാളികളും ഇവരെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭയെ സമീപിച്ചിരുന്നു. കുറുവ സംഘത്തില്‍പ്പെട്ട സന്തോഷ് സെല്‍വം കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ തന്നെയാണ് താമസിക്കുന്നത്. ഇവര്‍ സ്ഥിരം ശല്യക്കാരാണെന്ന് നാട്ടുകാര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടിയ കൂരയില്‍, നാടോടി സംഘങ്ങള്‍ക്ക് ഒപ്പമായിരുന്നു ഇവരുടെ താമസം. താല്‍ക്കാലിക ടെന്റിനുള്ളില്‍ തറയില്‍ കുഴിയെടുത്ത് അതിനുള്ളില്‍ ചുരുണ്ടു കൂടി കിടന്ന ശേഷം ടാര്‍പ്പോളിന്‍ കൊണ്ട് മൂടി ഒളിച്ചിരിക്കുന്ന നിലയിലാണ് സന്തോഷിനെ പൊലീസ് കണ്ടെത്തുന്നത്. കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെയാണ് നഗരസഭ അതിവേഗം നടപടി സ്വീകരിച്ചത്.
മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കര്‍ണാടക സ്വദേശികളായ കുട്ടവഞ്ചിക്കാര്‍ ഇവിടെ താമസം തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ഇവരെയും നഗരസഭയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കുന്നുണ്ട്. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
അതേസമയം, മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു. കുറവ സംഘാംഗം സന്തോഷ് സെല്‍വന്റെ ബന്ധുവാണ് മണികണ്ഠന്‍. കുറുവ സംഘത്തിന്റെ മോഷണത്തില്‍ പങ്കുള്ളതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മണികണ്ഠനെ വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എപ്പോള്‍ അറിയിച്ചാലും മരട് പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന് ഇയാള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മണികണ്ഠന്റെ ഫോണ്‍ രേഖകള്‍ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ആലപ്പുഴയില്‍ മോഷണം നടന്ന ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 14 വരെ മണികണ്ഠന്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ ദിവസങ്ങളില്‍ മണികണ്ഠന്‍ തമിഴ്‌നാട്ടില്‍ ആയിരുന്നു. പുന്നപ്രയില്‍ മോഷണം നടന്ന വീട്ടിലെ യുവതിക്ക് മണികണ്ഠനെ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ മോഷണങ്ങള്‍ക്ക് ഇയാള്‍ ബാഹ്യ സഹായം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
പൊലീസ് പിടിയിലായ പ്രതി സന്തോഷ് സെല്‍വത്തിന്റെ അടുത്ത ബന്ധുവാണ് മണികണ്ഠന്‍. സന്തോഷ് സേല്‍വത്തിന്റെ ഭാര്യക്കും അമ്മയ്ക്കും എതിരെയും തമിഴ്‌നാട്ടില്‍ മോഷണത്തിന് കേസുകളുണ്ട്. പുന്നപ്രയില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ തമിഴ് നാട്ടിലേക്ക് കടന്നതായാണ് സംശയം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലായില്‍ മോഷണം നടത്തിയവര്‍ ആണ് പുന്നപ്രയിലെത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം, സന്തോഷ് സെല്‍വനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് പ്രത്യേക അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് പ്രത്യേക അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. സന്തോഷ് സെല്‍വത്തെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മറ്റു പ്രതികള്‍ക്കായി വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ്. മണ്ണഞ്ചേരിയില്‍ സ്ത്രീകളുടെ സ്വര്‍ണം കവര്‍ന്ന രണ്ടാമനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടനെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.