എസി ഓണായതില്‍ നിന്നും കാര്‍ ഓഫല്ലെന്ന് മനസ്സിലാക്കി; പുറകില്‍ പെണ്‍കുട്ടി ഉണ്ടെന്ന് അറിയാതെ മോഷണം; കുട്ടിയെ കണ്ടപ്പോള്‍ വഴിയില്‍ ഉപേക്ഷിച്ചു; കുറ്റ്യാടിയിലേത് കേട്ടു കേള്‍വിയില്ലാത്ത മോഷണം; കള്ളനെ പിടിച്ചത് പ്രവാസിയുടെ അതിവേഗ ഇടപെടല്‍

Update: 2025-01-03 05:42 GMT

കോഴിക്കോട്: കുറ്റ്യാടിയില്‍ നിര്‍ത്തിയിട്ട കാറുമായി മുങ്ങിയ യുവാവിനെ കാറുടമയും നാട്ടുകാരും പിന്തുടര്‍ന്ന് പിടികൂടിയത് സാഹസികമായി. കുറ്റ്യാടി അടുക്കത്ത് ആശാരിപ്പറമ്പില്‍ സ്വദേശി വിജീഷിനെ(41)യാണ് അറസ്റ്റ് ചെയ്തത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ വിശദ അന്വേഷണം നടത്തും.

കുന്നമംഗലം സ്വദേശിയായ മന്‍സൂറിന്റെ കാറുമായാണ് മുങ്ങിയത്. കാറിനുള്ളില്‍ മന്‍സൂറിന്റെ മകള്‍ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഇത് അറിയാതെയാണ് വിജീഷ് കാറെടുത്ത് സ്ഥലം വിട്ടത്. നാട്ടുകാര്‍ പിന്നാലെ കൂടിയാണ് ഇയാളെ പൊക്കിയത്. പിന്നീട് വിജീഷിനെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മോഷണമായിരുന്നു ലക്ഷ്യം.

മന്‍സൂറും ഭാര്യ ജല്‍സയും ഒന്‍പത് വയസ്സുള്ള മകളും കുറ്റ്യാടിയിലെ ജല്‍സയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. കുറ്റ്യാടിക്ക് അടുത്തുള്ള അടുക്കത്ത് എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങാനായി മന്‍സൂര്‍ പുറത്തിറങ്ങി. പിന്നീട് ജല്‍സയും കാറില്‍ നിന്ന് ഇറങ്ങി. ഉറങ്ങുകയായതിനാല്‍ മകളെ വിളിച്ചില്ല. എസി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ കാര്‍ ഓഫ് ചെയ്തില്ല. ഇത് മനസ്സിലാക്കിയായിരുന്നു വിജീഷിന്റെ കാര്‍ മോഷണം.

ഉടനെ തന്നെ കടയിലേക്ക് സാധനങ്ങള്‍ ഇറക്കാനെത്തിയ വാഹനത്തില്‍ സ്ഥലത്തുണ്ടായിരുന്നവരും മന്‍സൂറും കാറിനെ പിന്‍തുടര്‍ന്നു. രണ്ടര കിലോമീറ്ററോളം ദൂരം പിന്നിട്ട ശേഷം കാറുമായി അമിത വേഗത്തിലല്ലാതെ പോവുകയായിരുന്ന വിജീഷിനെ കണ്ടെത്തി. കാറിന് കുറുകെ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ മകളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വഴിയില്‍ ഇറക്കിവിട്ടതായി പറഞ്ഞു.

പിന്നീട് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ വഴിയരികില്‍ നിന്നും കണ്ടെത്തി. വിരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ കുറ്റ്യാടി ഇന്‍സ്പെക്ടര്‍ കൈലാസ നാഥ് വിജീഷിനെ കസ്റ്റഡിയില്‍ എടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്. ദമ്പതികളും പെണ്‍കുട്ടിയും ഏതാനും ആഴ്ച മുന്‍പാണ് ഗള്‍ഫില്‍ നിന്നെത്തിയത്. മൂത്ത കുട്ടി കുറ്റ്യാടിയിലെ അമ്മവീട്ടില്‍ നിന്നാണ് പഠിക്കുന്നത്.

Tags:    

Similar News