സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം; മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി നടത്തിയ അരുംകൊല; തലായി ലതേഷ് വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ; 1,40,000 പിഴയും വിധിച്ചു തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി; മൂന്ന് പ്രതികളെ വെറുതേവിട്ടു
സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം
കണ്ണൂര്‍: തലശേരിയിലെ കെ. ലതേഷ് വധക്കേസില്‍ ഒന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍ക്ക് ജീവപര്യന്തം. 1,40,000 പിഴയും തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. ഒന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. കേസില്‍ 9, 10, 11 പ്രതികളെ വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണക്കിടെ മരിച്ചിരുന്നു.
സിപിഐഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ലതേഷ് 2008ലാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 31ന് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തായ മോഹന്‍ലാലിനെ (ലാലു) വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആര്‍എസ്എസ് ബിജെപിക്കാരായ തലായി പൊക്കായി ഹൗസില്‍ പി സുമിത്ത് (കുട്ടന്‍38), കൊമ്മല്‍ വയല്‍ വിശ്വവസന്തത്തില്‍ കെ കെ പ്രജീഷ്ബാബു (പ്രജീഷ് 46), തലായി ബംഗാളി ഹൗസില്‍ ബി നിധിന്‍ (നിധു 37 ), പുലിക്കൂല്‍ ഹൗസില്‍ കെ സനല്‍ എന്ന ഇട്ടു (37), പാറേമ്മല്‍ ഹൗസില്‍ സ്മിജോഷ് എന്ന തട്ടിക്കുട്ടന്‍ (42), കുനിയില്‍ ഹൗസില്‍ സജീഷ് എന്ന ജിഷു (37), പഴയമഠത്തില്‍ വി ജയേഷ് (39) എന്നിവര്‍ക്കെതിരെയാണ് ശിക്ഷ വിധിച്ചത്.
മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതാവും സിപിഐ എം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ തലായിയിലെ കെ ലതേഷി(28)നെ 2008 ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് വെട്ടിക്കൊന്നത്. ആക്രമണത്തില്‍ സിപിഐ എം പ്രവര്‍ത്തകന്‍ മോഹന്‍ലാല്‍ എന്ന ലാലുവിനും ഗുരുതരപരിക്കേറ്റു. ബോംബേറില്‍ പരിക്കേറ്റ സന്തോഷ്, സുരേഷ്, മജീദ് എന്നിവരും ചികിത്സയിലായിരുന്നു. 64 സാക്ഷികളില്‍ 30 പേരെ വിസ്തരിച്ചു.
ലതേഷിന്റെ അനുജന്‍ മയ്യഴിക്കാരന്റവിട കുഞ്ഞാന്‍ ഹൗസില്‍ കെ സന്തോഷിന്റെ പരാതിയിലാണ് കേസെടുത്തത്. ചക്യത്ത്മുക്ക് ക്ലാസിക് മാര്‍ബിള്‍ കടക്ക് പിന്‍വശം കടപ്പുറത്ത് വെച്ച് പ്രതികള്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ലതേഷിനെ വെട്ടിക്കൊന്ന ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഒന്ന് മുതല്‍ ഏഴ് വരെ പ്രതികളെയാണ് കുറ്റക്കാരാണെന്ന് വിധിച്ചത്.
ചക്യത്ത്മുക്ക്, നാഷനല്‍ ഹൈവേ ഭാഗങ്ങളില്‍ നിന്ന് ആയുധങ്ങളുമായി എത്തിയ സംഘം ലതേഷിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സുമിത്ത് ആണ് ആദ്യം വാള്‍ വീശിയത്. പ്രജീഷ് കൈയിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി. തിരയില്‍ കമിഴ്ന്നടിച്ചു വീണ ലതേഷിനെ അജിത്തും സ്മിജേഷും കൈയിലുണ്ടായിരുന്ന വാളും മഴുവും ഉപയോഗിച്ച് കാലിനും ശരീരത്തിലും വെട്ടുകയും കുത്തുകയും ചെയ്തു. ബഹളംകേട്ട് തോണിക്കാരടക്കമുള്ളവര്‍ ഓടിവരുന്നതിനിടെ ബോംബെറിഞ്ഞ് പ്രതികള്‍ രക്ഷപ്പെട്ടു.
9 മുതല്‍ 12 വരെ പ്രതികളായ തലായി ബാലഗോപാല ക്ഷേത്രം സെക്രട്ടറി ഗോപാല്‍ നിവാസില്‍ കെ സന്തോഷ്‌കുമാര്‍ എന്ന ജുഗ്നു(51) , ബി ശരത് (ബംഗാളി ശരത്37), ഇ കെ സനീഷ് എന്ന സനീഷ് ബാബു(48), ബിജെപി നേതാവും നഗരസഭ മുന്‍ കൗണ്‍സിലറുമായ കുന്നുംപുറത്ത് അജേഷ് എന്നിവരെ വെറുതെ വിട്ടു. എട്ടാം പ്രതി തലായിയിലെ കെ അജിത്ത് സംഭവശേഷം മരിച്ചു. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കെ വര്‍ഗീസ്, അഡ്വ. കെ സത്യന്‍ എന്നിവര്‍ ഹാജരായി.
