കൊല്ലത്ത് അലി എത്തിയത് തടി കച്ചവടത്തിന്; കൂട്ടുകാരന്‍ ഷാനവാസുമൊത്ത് ചടയമംഗലത്ത് മേടയില്‍ ഫര്‍ണിച്ചര്‍ ഷോറൂം തുടങ്ങി; അവിടത്തെ സെയില്‍സ് ഗേള്‍ ആയൂരിലെ തുണിക്കടയില്‍ എല്ലാമെല്ലാമായി; ബിയര്‍കുപ്പികളും ഗ്ലാസും തൊട്ടടുത്ത്; വഴക്കിന് സാഹചര്യ തെളിവുകള്‍; 'ലാവിഷ്' ടെക്‌സ്റ്റൈല്‍സിലേത് കൊലയും ആത്മഹത്യയും; ദിവ്യമോള്‍ക്ക് സംഭവിച്ചത് എന്ത്? സാമ്പത്തിക സംശയങ്ങള്‍ അലിയെ ക്രൂരനാക്കിയോ?

Update: 2025-07-19 05:46 GMT

കൊല്ലം: ടെക്സ്‌റ്റൈല്‍സ് ഷോപ്പ് ഉടമയെയും ജീവനക്കാരിയെയും കടയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ പോലീസ് കൊലപാതക സംശയവും. ആയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന 'ലാവിഷ്' ടെക്സ്‌റ്റൈയില്‍സിന്റെ ഉടമ കോഴിക്കോട് സ്വദേശി അലി, ഓഫീസ് മാനേജരായ പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. കഴിഞ്ഞ ഓണക്കാലത്താണ് ആയൂര്‍-കൊട്ടാരക്കര റോഡില്‍ തുണിക്കട തുടങ്ങിയത്. ആരംഭത്തില്‍ പത്തോളം ജീവനക്കാരുണ്ടായിരുന്നു. പിന്നീട് ജോലിക്കാര്‍ കുറഞ്ഞു. കടയുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം ഇരുവരും ഒരുമിച്ചാണ് നോക്കിയിരുന്നത്. കടയുടമ അലിക്ക് പാര്‍ട്ണര്‍ഷിപ്പുള്ള ഫര്‍ണിച്ചര്‍ ഷോറൂം ചടയമംഗലത്തും പ്രവര്‍ത്തിക്കുന്നുണ്ട്.

രാവിലെ മറ്റു ജീവനക്കാരെത്തിയപ്പോള്‍ കട അടച്ചനിലയിലായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കടയ്ക്കകത്ത് ഇരുവരും രണ്ടു ഫാനിലായി തൂങ്ങിനില്‍ക്കുന്നതു കണ്ടത്. ഉടന്‍ ചടയമംഗലം പോലീസില്‍ വിവരമറിയിച്ചു. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ദിവ്യ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിരുന്നു. ഫോണ്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഒന്‍പതരയോടെ കടയിലെത്തിയ ജീവനക്കാരും ദിവ്യയുടെ ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. ഇതിന് അടുത്ത് ബിയര്‍ കുപ്പികളും ഗ്ളാസും മുറിയില്‍ കണ്ടെത്തി. ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്ന് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നു. ദിവ്യാമോള്‍ വീടുപണി തുടങ്ങിയിരുന്നു. നേരത്തെ, ഭര്‍ത്താവ് രാജീവിന്റെ കുടുംബ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പള്ളിക്കലില്‍ പുതിയ വീടിന്റെ നിര്‍മ്മാണം കോണ്‍ക്രീറ്റ് പണി തീരുന്ന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. സാമ്പത്തിക വിഷയത്തില്‍ അലിയും ദിവ്യയും തെറ്റാനുള്ള സാധ്യതയുമുണ്ട്.

സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഒരാളുടേത് കൊലപാതകമാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ദിവ്യയുടേയും അലിയുടേയും ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.വസ്ത്ര വ്യാപാര ശാലയുടെ താഴത്തെ നിലയില്‍ ഗോഡൗണിനു വേണ്ടിയാണ് വിശാലമായ മുറി സജ്ജമാക്കിയിരുന്നത്. ദിവ്യാമോള്‍ അടക്കം ഇവിടെയാണ് ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതും. വ്യാഴാഴ്ച രാത്രിയില്‍ മറ്റ് ജീവനക്കാരെല്ലാം പോയ ശേഷമാണ് ദിവ്യാ മോളും അലിയും ഈ മുറിയില്‍ കയറിയത്. അലി ഒരു വര്‍ഷമായി ഇവിടെ ടെക്സ്‌റ്റൈല്‍സ് നടത്തിവരികയാണ്. ജനത്തിരക്കുള്ള ആയൂര്‍ ടൗണില്‍നിന്നു മാറിയായിരുന്നു സ്ഥാപനം. അതിനാല്‍ സ്ഥാപനത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു. അലിയുമായി കടയിലെ ഓഫീസ് മാനേജരായ ദിവ്യമോള്‍ അടുത്ത സൗഹൃദത്തിലായിരുന്നെന്നു ജീവനക്കാര്‍ പോലീസില്‍ മൊഴിനല്‍കി. സ്ഥാപനത്തിന്റെ നടത്തിപ്പും ഉത്തരവാദിത്വവും മറ്റും ദിവ്യമോളെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇവര്‍ ഒന്നിച്ചാണ് ബംഗളൂരുവിലും കോയമ്പത്തൂരിലും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. കഴിഞ്ഞ ദിവസം ദിവ്യമോള്‍ വീട്ടില്‍ മടങ്ങിയെത്തിയിരുന്നില്ല.

എന്തെങ്കിലും പര്‍ച്ചേസിനു പോയിരിക്കാമെന്നാണു വീട്ടുകാര്‍ കരുതിയത്. എന്നാല്‍, ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അന്വേഷണം ആരംഭിച്ചു. രണ്ടു പെണ്‍കുട്ടികളുടെ മാതാവാണ് ദിവ്യമോള്‍. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലാത്തിനാല്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു. കൊല്ലം ജില്ലയിലെ വിവിധ ഇടങ്ങളിലായി ഫര്‍ണിച്ചറുകളുടെയും മറ്റും വിപണനത്തിനായി എത്തിയ അലി അഞ്ച് വര്‍ഷം മുന്‍പ് ചടയമംഗലം മേടയില്‍ ഫര്‍ണിച്ചര്‍ ഷോറൂം തുടങ്ങി. സുഹൃത്ത് മലപ്പുറം സ്വദേശി ഷാനവാസ് ആയിരുന്നു ബിസിനസ് പങ്കാളി. ഇവിടെ ചെറിയ ശമ്പളത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് സെയില്‍സ് ഗേളായി എത്തിയതാണ് ദിവ്യാമോള്‍. പിന്നീട് അലി സ്വന്തമായി വസ്ത്രവ്യാപാര ശാല തുടങ്ങിയപ്പോള്‍ ദിവ്യ കൂടെ കൂടി. ആയൂര്‍ സ്വദേശിയായ പ്രവാസിയുടെ ഉടമസ്ഥതയില്‍ എം.സി റോഡരികിലെ കെട്ടിടം വാടകയ്ക്കെടുത്താണ് വസ്ത്ര വ്യാപാരശാല തുടങ്ങിയത്. ഇവിടെ മാനേജരായി ദിവ്യാമോളെ നിയമിച്ചു. അലി മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് കടയില്‍ എത്തിയിരുന്നത്.

ബംഗളൂരുവിലും കോയമ്പത്തൂരിലുമടക്കം കടയിലേക്ക് വസ്ത്രങ്ങളെടുക്കാന്‍ പോയിരുന്നത് അലിയും ദിവ്യാമോളും ചേര്‍ന്നാണ്. വീട്ടില്‍ വരില്ലെങ്കില്‍ അക്കാര്യം ഫോണില്‍ അറിയിക്കുമായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടു മണിയായിട്ടും ദിവ്യാമോളെ കാണാതെ വന്നതോടെ ഭര്‍ത്താവ് രാജീവ് ഫോണില്‍ വിളിച്ചുനോക്കി. രാത്രി 1 മണിവരെയും ഫോണില്‍ പരിശ്രമിച്ചു നോക്കി. മറ്റ് ജീവനക്കാരെ വിളിച്ചപ്പോള്‍ രാവിലെ നോക്കാം എന്നു പറഞ്ഞു. രാവിലെ രാജീവും ബന്ധുക്കളും കടയിലെത്തി. ജീവനക്കാരനും എത്തിയതോടെ നടത്തിയ പരിശോധനയിലാണ് ജനലില്‍ക്കൂടി ഒരാളുടെ മൃതദേഹം കണ്ടത്. പൊലീസ് എത്തി വാതില്‍ പൊളിച്ചു കയറിയാണ് രണ്ടു മരണങ്ങളും സ്ഥിരീകരിച്ചത്.

Tags:    

Similar News