ഡോക്ടര്‍ എന്ന മേല്‍വിലാസം മറയാക്കി ജാമറുകളെ വെട്ടിച്ച് ജയിലിലേക്ക് മൊബൈല്‍ കടത്തി; മൊബൈല്‍ വിറ്റും വാടകയ്ക്ക് കൊടുത്തും സമ്പാദിച്ച ഒരുകോടിയില്‍ 70 ലക്ഷം രൂപയും കൈമാറിയത് പെണ്‍സുഹൃത്തായ നഴ്‌സിന്; നാഗരാജിന് കുരുക്കായതും പവിത്രയുമായുള്ള ബന്ധം; തടിയന്റവിട നസീറിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നാഗരാജ് അടക്കം മൂവര്‍ സംഘം ഒത്താശ ചെയ്തത് ഇങ്ങനെ

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നാഗരാജ് അടക്കം മൂവര്‍ സംഘം ഒത്താശ ചെയ്തത് ഇങ്ങനെ

Update: 2025-07-10 15:37 GMT

ബെംഗളൂരു: പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയവേ മതതീവ്രവാദം വളര്‍ത്താന്‍ തടയന്റവിട നസീര്‍ ആസൂത്രിത നീക്കം നടത്തിയെന്ന വിവരം പുറത്തുവന്നത് രണ്ടുവര്‍ഷം മുമ്പാണ്. ഈ ലഷ്‌കര്‍-ഇ-ത്വയ്യിബ ഭീകരന് മൊബൈല്‍ ഫോണ്‍ അടക്കം സൗകര്യങ്ങള്‍ എത്തിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ.നാഗരാജ്, അസി.സബ് ഇന്‍സ്പക്ടര്‍ ചാന്ദ് പാഷ, തീവ്രവാദക്കേസില്‍ ഒളിവില്‍ പോയ ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളുടെ ബെംഗളൂരുവിലെയും, കോലാറിലെയും വീടുകള്‍ അടക്കം അഞ്ചുകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍, പണം, സ്വര്‍ണം, രേഖകള്‍ എന്നിവ പിടിച്ചെടുത്തു. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള ജയില്‍ തടവുകാര്‍ക്ക് ഉപയോഗിക്കുന്നതിനായി നാഗരാജ്, മൊബൈല്‍ ഫോണുകള്‍ ഒളിച്ചുകടത്തിയിരുന്നതായും എന്‍ഐഎ അന്വേഷണത്തില്‍ തെളിഞ്ഞു.

ജയിലിനുള്ളില്‍ മൊബൈല്‍ കടത്തി നാഗരാജിന്റെ ഓപ്പറേഷന്‍

തടിയന്റവിട നസീറടക്കമുള്ള തടവുകാര്‍ക്ക് ഡോ.നാഗരാജ് മൊബൈല്‍ ഫോണുകള്‍ കടത്തി എത്തിച്ചിരുന്നു. ഇതിന് നാഗരാജിന് തുണയായത് പവിത്ര എന്ന നഴ്‌സാണ്. ഇവര്‍ക്ക് പല്ലവി എന്നും പേരുണ്ട്. നാഗരാജിന്റെയും, പവിത്രയുടെയും വീടുകള്‍ കൂടാതെ അനീസ് ഫാത്തിമയുടെയും വീട് എന്‍ഐഎ റെയ്ഡ് ചെയ്തു. തീവ്രവാദക്കേസില്‍ ഒളിവില്‍ പോയ ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമയാണ് ഫണ്ട് സമാഹരണത്തിനുള്ള തടിയന്റവിട നസീറിന്റെ നിര്‍ദ്ദേശങ്ങള്‍ കൈമാറിയത്. ജയിലില്‍ നസീറിന് ഈ ഫണ്ട് എത്തിച്ചുകൊടുത്തതും അനീസ് ഫാത്തിമയാണ്.

അതേസമയം, നാഗരാജിനെ കുരുക്കിലാക്കിയത് നഴ്‌സ് പവിത്രയുമായുള്ള ബന്ധമാണ്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ പവിത്രയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് എന്‍ഐഎ 70 ലക്ഷം രൂപയുടെ ഇടപാടുകള്‍ കണ്ടെത്തി. ആരാണ് പണം തന്നതെന്ന് ചോദ്യം ചെയ്തതോടെ നാഗരാജാണെന്ന് പവിത്ര പറഞ്ഞു. ചിന്താമണിയില്‍ സര്‍ക്കാര്‍ ജോലിക്കാരിയായ നാഗരാജിന്റെ ഭാര്യയ്ക്ക് ഈ കാര്യങ്ങളൊന്നും അറിയുമായിരുന്നില്ല.

ഡോക്ടര്‍ എന്ന മേല്‍വിലാസം ഉപയോഗിച്ച് കാര്യമായ പരിശോധനകള്‍ ജയിലില്‍ നേരിടേണ്ടി വരാത്തത് നാഗരാജിന് അനുഗ്രഹമായി. മൊബൈല്‍ ജാമറിനെ നിസ്സാരമാക്കി നാഗരാജ് മൊബൈല്‍ കടത്തിയതിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല. ഇയാള്‍ ജയിലിനുള്ളില്‍ ഫോണ്‍ വിറ്റും വാടകയ്ക്ക് നല്‍കിയും ഒരു കോടി രൂപയോളം സമ്പാദിച്ചെന്ന് എന്‍ഐഎ പറയുന്നു. പതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ മുപ്പതിനായിരത്തിലധികം രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. ഫോണ്‍ വാങ്ങാന്‍ പണമില്ലാത്ത തടവുകാര്‍ക്ക് ഫോണും സിമ്മും 500 രൂപ വീതം വാങ്ങി വാടകയ്ക്ക് നല്‍കുകയും ചെയ്തു. നൂറിലധികം ഫോണുകള്‍ ജയിലിനകത്തേക്ക് കടത്തിയതായാണ് വിവരം.

കേസില്‍ കോലാറിലെ സ്വകാര്യ ലികോം സ്ഥാപനത്തിലെ ജീവനക്കാരന്‍ സതീഷ് ഗൗഡയെയും പോലീസ് തിരയുകയാണ്. സിം കാര്‍ഡുകള്‍ നല്‍കിയിരുന്നത് ഇയാളാണെന്നാണ് വിവരം. നാഗരാജിന് 2023-ലെ തീവ്രവാദ കേസിലും പങ്കുള്ളതായി ജയില്‍ ഡിജിപി മാലിനി കൃഷ്ണമൂര്‍ത്തി പറഞ്ഞു.

നാഗരാജ് കടത്തിക്കൊണ്ടുവന്ന ഫോണ്‍, നസീര്‍ ലഷ്‌കറെ ത്വയ്ബ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് എന്‍ഐഎ അഭിഭാഷകന്‍ പി. പ്രസന്നകുമാര്‍ കോടതിയെ അറിയിച്ചു. പണമടക്കം നല്‍കി ജയിലില്‍ തീവ്രവാദികളെ സഹായിച്ചതിനാണ് എഎസ്ഐ ചാന്ദ് പാഷ അറസ്റ്റിലായത്. തടയിന്റവിട നസീറിന്റെ വിവിധ കോടതികളിലെ പൊലീസ് എസ്‌കോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പണം വാങ്ങി കൈമാറി എന്നതാണ് ചാന്ദ് പാഷയുടെ മേലുള്ള കുറ്റം. 2022 ലാണ് സംഭവം. നസീറിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ള നിരവധി പേര്‍ പുറത്തുണ്ട്. ഇവരില്‍ നിന്നും ചാന്ദ് പാഷ പണം കൈപ്പറ്റിയിരിക്കാമെന്നാണ് കണക്കൂകുട്ടല്‍. സിറ്റി ആംഡ് റിസര്‍വിലെ എഎസ്‌ഐയാണ് ചാന്ദ് പാഷ.

ജുനൈദ് അഹമ്മദ് അടക്കം 9 പ്രതികള്‍ക്ക് എതിരെ എന്‍ഐഎ ഇതിനകം കുറ്റപത്രം ഫയല്‍ ചെയ്തിട്ടുണ്ട്. വിദേശത്ത് കഴിയുന്ന മുഖ്യപ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് എന്‍ഐഎ അറിയിച്ചു.




ജയിലിലായിട്ടും മെരുങ്ങാതെ തടിയന്റവിട നസീര്‍

2023ല്‍ പരപ്പന സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ച് ലഷ്‌കര്‍ ഇ തൊയ്ബയുടെ സ്ലീപ്പര്‍ സെല്‍ നഗരത്തില്‍ വിവിധ ഇടങ്ങളില്‍ സ്‌ഫോടനം നടത്തുമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തടിയന്റവിട നസീറിന്റെ നേതൃത്വത്തിലായിരുന്നു ഇതെന്നും കണ്ടെത്തിയിരുന്നു. ഈ കേസില്‍ 8 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസ് ഇപ്പോള്‍ എന്‍ഐഎയാണ് അന്വേഷിക്കുന്നത്. ബെംഗളൂരുവിലും കോലാറിലും ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

നിരവധി തീവ്രവാദ കേസുകളിലെ പ്രതിയും, വിചാരണ പൂര്‍ത്തിയായ കേസുകളില്‍ കുറ്റവാളിയെന്ന് കണ്ടെത്തി ഇപ്പോള്‍ തടവില്‍ കഴിയുകയും ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് തടിയന്റവിട നസീര്‍ അഥവാ ഉമ്മര്‍ ഹാജി എന്നറിയപ്പെടുന്ന നീര്‍ച്ചാല്‍ ബെയ്തുല്‍ ഹിലാലില്‍ തടിയന്റവിടെ നസീര്‍.

കശ്മീര്‍ റിക്രൂട്ട്മെന്റ് കേസ്, 2008ലെ ബെംഗളുരു സ്ഫോടന പരമ്പര കേസ്, ഇ കെ നായനാര്‍ വധശ്രമക്കേസ്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി നടത്തിയ കാച്ചപ്പള്ളി ജ്വല്ലറി കവര്‍ച്ച, കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്, അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനമാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന്റെ ബസ് കളമശ്ശേരിയില്‍ കത്തിച്ച കേസ് തുടങ്ങിയവയാണ് തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട പ്രധാന കേസുകള്‍.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന ലഷ്‌കര്‍-ഇ-ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറാണ് ഇയാളെന്നും പറയപ്പെടുന്നു. മുന്‍ പിഡിപി പ്രവര്‍ത്തകനും കണ്ണൂര്‍ ഏരിയ ഭാരവാഹിയും ആയിരുന്നു. കേരളത്തില്‍ നിന്നും മുസ്ലിം യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുകയും അവര്‍ കാശ്മീരില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ വെടിയേറ്റ് മരിക്കുകയും ചെയ്ത സംഭവത്തില്‍ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

നസീര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് അബ്ദുള്‍ നാസര്‍ മദനി 1989ല്‍ ആരംഭിച്ച ഇസ്ലാമിക് സേവാ സംഘിലൂടെ (ISS) ആണ്. ഐഎസ്എസ് നിരോധിക്കപ്പെട്ടതോടെ പിഡിപിയുടെ പ്രവര്‍ത്തകനായി. കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയെത്തുടര്‍ന്ന് മദനി അറസ്റ്റിലായതോടെ നസീര്‍ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തനം തുടങ്ങി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വധിക്കാനുള്ള ഗൂഢാലോചന പുറത്തായതിനെത്തുടര്‍ന്ന് അറസ്റ്റിലായെങ്കിലും പുറത്തിറങ്ങി. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണമുണ്ടാക്കാന്‍ 2002 ജൂണ്‍ 20ന് എറണാകുളം കിഴക്കമ്പലത്തെ കാച്ചപ്പള്ളി ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് രണ്ടരക്കിലോ സ്വര്‍ണം മോഷ്ടിച്ചിരുന്നു. ഈ കേസില്‍ നസീര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

തടവിലായിരുന്ന മദനിയെ മോചിപ്പിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാരിന്റെ എറണാകുളത്ത് നിന്ന് പുറപ്പെട്ട ബസ് 2005 സെപ്റ്റംബര്‍ 9ന് തട്ടിയെടുത്ത് യാത്രക്കാരെ പുറത്തിറക്കി കളമശ്ശേരിയില്‍ വെച്ച് തീവെച്ച് നശിപ്പിച്ച കേസില്‍ പ്രധാന സൂത്രധാരനും ഒന്നാം പ്രതിയുമാണ്. 2006 മാര്‍ച്ച് 3ന് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലും മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലുമായി നടന്ന ബോംബ് സ്ഫോടനങ്ങളില്‍ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിച്ചെങ്കിലും പിന്നീട് വെറുതെ വിട്ടു.


Tags:    

Similar News