മകളുടെ ഭര്‍ത്താവിന് സാമ്പത്തിക ശേഷി കുറവാണെന്നതിനെ ചൊല്ലി തര്‍ക്കം; വൈരാഗ്യം മൂത്തപ്പോള്‍ മരുമകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ അമ്മയിയച്ഛന് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി; മകള്‍ക്ക് രണ്ടരലക്ഷം നഷ്ടപരിഹാരം നല്‍കാനും വിധി
മകളുടെ ഭർത്താവിനെ കുത്തിക്കൊന്നയാൾക്ക് ജീവപര്യന്തം
തലശ്ശേരി: കുടുംബവഴക്കിനെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും. കോഴിക്കോട് പന്തീരങ്കാവിലെ തിരുമംഗലത്ത് വീട്ടില്‍ കെ. പ്രേമരാജനെ (64) യാണ് തലശ്ശേരി അഡീഷനല്‍ ജില്ല കോടതി (നാല്) ജഡ്ജി ജെ. വിമല്‍ ശിക്ഷിച്ചത്. മകളുടെ ഭര്‍ത്താവ് തലശ്ശേരി ചിറക്കര പഴയ പെട്രോള്‍ പമ്പിന് സമീപം ചന്ദ്രി വില്ലയില്‍ കെ.കെ. സന്ദീപിനെ(27)യാണ് പ്രേമരാജന്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും വധശ്രമത്തിന് 10 വര്‍ഷം തടവിനും 50,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നുംകോടതി വിധിയില്‍ വ്യക്തമാക്കി. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക കൊല്ലപ്പെട്ട സന്ദീപിന്റെ ഭാര്യയും പ്രതിയുടെ മകളുമായ നിനിഷക്ക് നല്‍കണം. 2017 മേയ് 14-ന് രാവിലെ ഒമ്പതിന് തലശ്ശേരിയിലെ സന്ദീപിന്റെ വീട്ടിന് സമീപം വെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. സന്ദീപിന് സാമ്പത്തിക ശേഷി കുറവാണെന്നതിനെ മകളുടെ വിവാഹശേഷം തുടക്കം മുതല്‍ തര്‍ക്കമുണ്ടായിരുന്നു.
സന്ദീപ് -നിനിഷ ദമ്പതികളുടെ കുഞ്ഞിന് സെറിബ്രല്‍ പള്‍സി അസുഖവുമുണ്ടായിരുന്നു. സന്ദീപിനെ കല്യാണം കഴിച്ചതുകൊണ്ടാണ് കുഞ്ഞ് അസുഖം ബാധിച്ചതെന്ന തോന്നലും കുടുംബവഴക്കിനിടയാക്കി. വീട്ടുകാരുമായുള്ള വഴക്കിനെ തുടര്‍ന്ന് സന്ദീപ് ഭാര്യയെ വീട്ടില്‍ അയച്ചിരുന്നില്ല. തലശ്ശേരിയില്‍ ചെരിപ്പു കടയില്‍ ജോലി ചെയ്തിരുന്ന സന്ദീപ് പിന്നീട് എ.ടി.എമ്മില്‍ പണം നിറക്കുന്ന ജോലിയിലായിരുന്നു. പ്രതി പ്രേമരാജ് കോഴിക്കോട്ട് ചുമട്ടുതൊഴിലാളിയാണ്.
സംഭവത്തിന്റെ തലേന്ന് പ്രേമരാജന്റെ ഭാര്യ സുജ സന്ദീപിന്റെ വീട്ടിലെത്തിയപ്പോള്‍ മകള്‍ നിനിഷയുമായി വഴക്കുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പ്രേമരാജനുമായി സന്ദീപ് ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ തമ്മില്‍ അസ്വാരസ്യമുണ്ടായി. സംഭവ ദിവസം രാവിലെ ചിറക്കരയിലെ വീട്ടിലെത്തിയ പ്രേമരാജന്‍ സന്ദീപുമായി വഴക്കുണ്ടായി. തുടര്‍ന്ന് വീട്ടില്‍ നിന്ന് വിളിച്ചിറക്കി 50മീറ്റര്‍ അകലെ തലശ്ശേരി -വളവുപാറ റോഡില്‍ എത്തിച്ച് കയ്യില്‍ കരുതിയ കത്തി കൊണ്ടു വെട്ടുകയായിരുന്നു.
ഒറ്റവെട്ടിനു നിലത്തു വീണ സന്ദീപിനെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ കയറ്റി ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിനേറ്റ കുത്താണ് മരണകാരണമായത്. ഒരു മാസം മുമ്പ് മലപ്പുറത്തുനിന്ന് വാങ്ങിയ കത്തി ഉപയോഗിച്ചാണ് കൊല നടത്തിയത്. പ്രേമരാജന്‍ സഞ്ചരിക്കാനുപയോഗിച്ച ഇരുചക്ര വാഹനം സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ചിറക്കര ഗണേഷ് എന്‍ജിനീയറിങ്ങിലെ മുന്‍ ജീവനക്കാരന്‍ രാജേന്ദ്രന്റെയും രഞ്ജിനിയുടെയും മകനാണ് മരിച്ച സന്ദീപ്. സംഭവം നടക്കുമ്പോള്‍ മകള്‍ വൈഗക്ക് മൂന്ന് വയസ്സായിരുന്നു. കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചു. തലശ്ശേരി സി.ഐമാരായിരുന്ന പ്രദീപന്‍ കണ്ണിപ്പായില്‍, കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. രേഷ്മ ഹാജരായി.