ബംഗളുരുവില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിച്ച് വില്‍പന; പ്രധാന പ്രതി പിടിയില്‍: കോഴിക്കോട് സ്വദേശിയായ യുവാവിനെ ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്ത് കല്ലമ്പലം പോലിസ്
ബംഗളുരുവിൽ നിന്ന് ലഹരിയെത്തിച്ച് വിൽപ്പന; പ്രധാന പ്രതി പിടിയില്‍
തിരുവനന്തപുരം: ബംഗളുരുവില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി അടുക്കത്തില്‍ ആശാരിക്കണ്ടി വീട്ടില്‍ ജമാല്‍ മകന്‍ അമീര്‍ (39 )നെ ആണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളുരു ഇലക്ട്രോണിക് സിറ്റിയിലുള്ള മൈലസാന്ദ്രയിലെ ഫ്‌ലാറ്റിലെത്തിയാണ് ഇന്നലെ പൊലീസ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം പിടിയിലായ വര്‍ക്കല സ്വദേശികളായ ദീപു, അഞ്ജന കൃഷ്ണ എന്നിവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ബെംഗളൂരുവിലെത്തി അമീറിനെ പിടികൂടിയത്. പ്രതിയ്ക്ക് കോഴിക്കോട് ,കറ്റിയാടി, പേരാമ്പ്ര, മട്ടന്നൂര്‍ വയനാട്, സ്റ്റേഷനുകളിലും സമാന കേസുകള്‍ ഉണ്ട്. ഇയാള്‍ ലഹരിക്കേസുകളിലെ പിടികിട്ടാപ്പുള്ളിയാണെന്ന് പൊലീസ് പറഞ്ഞു. നൈജീരിയന്‍ സ്വദേശികളാണ് അമീറിന് ലഹരി എത്തിച്ച് നല്‍കുന്നതെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇലക്ട്രോണിക് സിറ്റിയിലുള്ള മൈലസാന്ദ്രയിലെ ഫ്‌ലാറ്റില്‍ നിന്നുമാണ് കല്ലമ്പലം പൊലീസ് അമീറിനെ അറസ്റ്റു ചെയ്തത്.
ഇയാള്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് സപ്ലൈ നടത്തും. അത്തരത്തിലുള്ളവരായിരുന്നു ദീപുവും അഞ്ജനയും. ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരം ജില്ലയിലേക്ക് ലഹരിയെത്തുന്നതുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ കല്ലമ്പലത്ത് ദീര്‍ഘദൂര ബസുകളില്‍ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞയാഴ്ച ദീപുവും അഞ്ജന കൃഷ്ണയും പിടിയിലായത്. ഇവരില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 25 ഗ്രാം എംഡിഎംഎയും കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതിയായ ദീപുവില്‍ നിന്ന് എംഡിഎംഎ വാങ്ങി കല്ലമ്പലം പ്രദേശത്ത് ചില്ലറ വില്പന നടത്തുന്ന കല്ലമ്പലം സ്വദേശിയായ ഷാന്‍ എന്നയാളെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.സുദര്‍ശനന്‍, വര്‍ക്കല ഡിവൈ.എസ്പി ഗോപകുമാര്‍, തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്പി പ്രദീപ് കുമാര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ കല്ലമ്പലം എസ്എച്ച്ഒ പ്രൈജു, ഡാന്‍സാഫ് അംഗങ്ങളായ അനൂപ്, വിനേഷ്, ഡ്രൈവര്‍ സിപിഒ ഷിജാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തതത്. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.