കണ്ണൂരില്‍ വീട്ടില്‍ നിന്നും 30 പവനും അഞ്ച് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ നാടകീയ വഴിത്തിരിവ്; മോഷണം നടന്ന വീട്ടിലെ മകന്റെ ഭാര്യ കര്‍ണാടകയില്‍ കൊല്ലപ്പെട്ടു; ദര്‍ശിതയുടെ മൃതദേഹം കണ്ടെത്തിയത് സാലിഗ്രാമത്തിലെ ലോഡ്ജില്‍; കര്‍ണാടക സ്വദേശിയായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

കണ്ണൂരില്‍ വീട്ടില്‍ നിന്നും 30 പവനും അഞ്ച് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ നാടകീയ വഴിത്തിരിവ്

Update: 2025-08-24 17:21 GMT

ഇരിക്കൂര്‍: കണ്ണൂര്‍ കല്യാട് ചുങ്കസ്ഥാനത്ത് പട്ടാപ്പകല്‍ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ വന്‍ വഴിത്തിരിവ്. മോഷണം നടന്ന വീട്ടിലെ സുമതയുടെ മകന്‍ സുഭാഷിന്റെ ഭാര്യ ദര്‍ശിത(22) കൊല്ലപ്പെട്ടു. കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദര്‍ശിതയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ചയാണ് ദര്‍ശിത കൊല്ലപ്പെട്ട വിവരം ഇരിട്ടി പോലീസിന് ലഭിച്ചത്. വെള്ളിയാഴ്ചയാണ് സിബ്ഗ കോളേജിനു സമീപം പുള്ളിവേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തിനടുത്ത് അഞ്ചാംപുര വീട്ടില്‍ കെ.സി. സുമതയുടെ വീട്ടില്‍ മോഷണം നടന്നത്. ദര്‍ശിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണുള്ളത്. സുമതയും മറ്റൊരു മകന്‍ സൂരജും വെള്ളിയാഴ്ച രാവിലെ ചെങ്കല്‍പണയില്‍ ജോലിക്ക് പോയതായിരുന്നു.

ഇവര്‍ പോയതിന് പിന്നാലെയാണ് ദര്‍ശിതയും രണ്ടര വയസ്സുള്ള മകളോടൊപ്പം വീട് പൂട്ടി കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയതായി പറയുന്നത്. സുമത വൈകീട്ട് 4:30-ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. മോഷണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദര്‍ശിതയോട് വിവരങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ ലഭ്യമായിരുന്നില്ല.

ദര്‍ശിതയുടെ കൊലപാതകത്തില്‍ കര്‍ണാടക സ്വദേശിയായ ഒരാളെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് ദര്‍ശിതയുടെ ആണ്‍ സുഹൃത്താണെന്നാണ് വിവരം. ഇയാള്‍ക്കൊപ്പമാണ് ദര്‍ശിത കര്‍ണാടകയിലേക്ക് പോയതെന്നാണ് വിവരം. രാവിലെ ക്ഷേത്രത്തില്‍ പോയതിന്ശേഷം ലോഡ്ജില്‍ റൂമെടുത്തു. ഇതിന് ശേഷം പുറത്ത്പോയി താന്‍ ഭക്ഷണം വാങ്ങിതിരിച്ചുവന്നപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കാണുന്നതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇയാളുടെ മൊഴി പൂര്‍ണ്ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇരിട്ടി ഡിവൈഎസ്പി കെ ധനഞ്ജയബാബു, കരിക്കോട്ടക്കരി സി ഐ കെ ജെ വിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കല്യാട്ടെ സുമതയുടെ വീട്ടില്‍നിന്ന് കവര്‍ന്നത് 30 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയുമായിരുന്നു. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയിലെ തുണികള്‍ വാരിവലിച്ച് താഴെയിട്ടു. അലമാരയുടെ താക്കോല്‍ അടുത്തുതന്നെ ഉണ്ടായിരുന്നു.

അലമാര ഈ താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. വീടിന്റെ രണ്ടാം നിലയില്‍ കയറിയ മോഷ്ടാക്കള്‍ സൂരജിന്റെ അലമാരയില്‍ സൂക്ഷിച്ച അഞ്ചുലക്ഷം രൂപയും എടുത്തു. പരിസരവാസികള്‍ ഇരിക്കൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കണ്ണൂരില്‍നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും എത്തി പരിശോധന നടത്തിയിരുന്നു. ഇരിട്ടിയില്‍നിന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Tags:    

Similar News