ട്രെയിനില്‍ ഉറങ്ങുന്നതിനിടെ മോഷണം; യുവതിക്ക് നഷ്ടമായത് ഒന്നരലക്ഷം രൂപയുടെ ഐഫോണും 3500 രൂപയും: പ്രതിയെ കോട്ടയത്തു നിന്നും പൊക്കി റെയില്‍വേ പോലിസ്
ഒന്നരലക്ഷം രൂപ വിലയുള്ള ഐഫോണും 3500 രൂപയും മോഷ്ടിച്ചു, യുവാവ് അറസ്റ്റിൽ
കോട്ടയം: പൂനെ-കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാര്‍ ഉറങ്ങുന്നതിനിടെ മോഷണം. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ഒന്നരലക്ഷം രൂപ വരുന്ന ഐഫോണും 3500 രൂപയുമാണ് മോഷണം പോയത്. തിരുവനന്തപുരത്ത് എത്തിയ ശേഷം യുവതി നല്‍കിയ പരാതിയില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശി മുകേഷാണ് കോട്ടയം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിക്ക് ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോഴാണ് സംഭവം.
ട്രെയിന്‍ പൂനെയില്‍ നിന്നും കന്യാകുമാരിക്ക് വരുമ്പോള്‍ കോട്ടയത്ത് വെച്ചാ് മോഷണം നടന്നത്. ട്രെയിനിലെ സ്ലീപ്പര്‍ സീറ്റില്‍ ഉറങ്ങുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ യുവതി. ഈ സമയം പ്രതി മുകേഷും അതേ ബോഗിയിലുണ്ടായിരുന്നു. യുവതി ഉറങ്ങുന്ന തക്കം നോക്കി ഇയാള്‍ മൊബൈല്‍ മോഷടിച്ച് കടക്കുക ആയിരുന്നു. യുവതിയുടെ ബാഗില്‍ നിന്ന് വിദഗ്ദമായി ഒന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്. ഈ സമയം ബോഗിയിലെ മറ്റുള്ളവരും ഉറക്കത്തിലായത് ഇയാള്‍ക്ക് സഹായമായി. പിന്നീട് ചങ്ങനാശ്ശേരിയില്‍ വെച്ച് ഉറക്കം എഴുന്നേറ്റ യുവതി ബാഗ് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്.
സ്വദേശമായ തിരുവനന്തപുരത്ത് എത്തിയ യുവതി റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം റെയില്‍വെ പൊലീസ് പരാതി കോട്ടയം റെയില്‍വേ പൊലീസിന് കൈമാറി. കോട്ടയത്തെ ഒരു സ്വകാര്യ മൊബൈല്‍ ഷോപ്പില്‍ മോഷ്ടിച്ച ഐഫോണ്‍ വില്‍ക്കാന്‍ എത്തിയപ്പോഴാണ് റെയില്‍വേ പൊലീസ് ഇയാളെ പിടികൂടുന്നത്. ഇയാളുടെ പേരില്‍ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായ 10 ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കോട്ടയം റെയില്‍വേ പൊലീസ് അറിയിച്ചു.