ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ഇരുവരെയും കാണാനില്ലെന്ന് പരാതി; വീട്ടുവളപ്പിലെ മണ്ണ് ഇളകിയതും വാഴനട്ടതും ശ്രദ്ധിച്ച് നാട്ടുകാര്‍; കേസില്‍ നിര്‍ണായക വഴിത്തിരിവ്; യുവാവ് അറസ്റ്റില്‍

ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

Update: 2025-07-31 10:23 GMT

ഭുവനേശ്വര്‍: ദാമ്പത്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി വീട്ടുപറമ്പില്‍ കുഴിച്ചുമൂടിയ യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ മയൂര്‍ബഞ്ച് സ്വദേശിയായ ദേബാശിഷ് പാത്രയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കൊലപ്പെടുത്തിയശേഷം കാണാതായെന്ന് യുവാവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ക്ക് തോന്നിയ സംശയമാണ് കേസില്‍ വഴിത്തിരിവായത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം വീടിന് പിറകിലെ പറമ്പില്‍ പ്രതി മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നും സംശയം തോന്നാതിരിക്കാന്‍ ഇവിടെ വാഴനട്ടെന്നും പോലീസ് പറഞ്ഞു.

ഭാര്യ സോനാലി ദലാല്‍(23), ഇവരുടെ മാതാവ് സുമതി ദലാല്‍ എന്നിവരെയാണ് യുവാവ് കൊലപ്പെടുത്തിയത്. ജൂലായ് 19-നായിരുന്നു സംഭവം. രണ്ടുപേരെയും കൊലപ്പെടുത്തിയശേഷം ഇവരെ കാണാനില്ലെന്ന് പറഞ്ഞ് പ്രതി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി നല്‍കിയശേഷം പിന്നീട് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ യുവാവ് എത്തിയില്ല. മാത്രമല്ല, ഇയാളുടെ പെരുമാറ്റത്തില്‍ നാട്ടുകാര്‍ക്കും സംശയംതോന്നി. ഇതിനിടെയാണ് വീട്ടുവളപ്പിലെ മണ്ണ് ഇളകിയതും ഇവിടെ പുതുതായി വാഴനട്ടതും നാട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് പോലീസെത്തി വിശദമായി ചോദ്യംചെയ്തതോടെ പ്രതി കുറ്റംസമ്മതിക്കുകയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയുമായിരുന്നു.

ദമ്പതിമാര്‍ക്കിടയില്‍ നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ദാമ്പത്യപ്രശ്നങ്ങളെത്തുടര്‍ന്ന് സ്വന്തംവീട്ടിലേക്ക് പോയ സോനാലിയെ ജൂലായ് 12-നാണ് അമ്മ ഭര്‍തൃവീട്ടിലേക്ക് തിരികെകൊണ്ടുവന്നത്. പ്രശ്നങ്ങള്‍ പരിഹരിച്ച് ദമ്പതിമാര്‍ ഒരുമിച്ച് ജീവിക്കാനായാണ് അമ്മ മകളെ തിരികെഎത്തിച്ചത്. എന്നാല്‍, 19-ാം തീയതി വീണ്ടും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിനുപിന്നാലെയാണ് ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയെയും ഭാര്യാമാതാവിനെയും പ്രതി കല്ല് കൊണ്ടിടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവസമയം നല്ല മഴയായിരുന്നു. തുടര്‍ന്ന് പ്രതി മൃതദേഹങ്ങള്‍ വലിച്ചിഴച്ച് പുറത്തെത്തിച്ച് പറമ്പില്‍ കുഴിച്ചുമൂടി. സംശയം തോന്നാതിരിക്കാന്‍ ഈ സ്ഥലത്ത് വാഴകള്‍ നട്ടതായും പോലീസ് പറഞ്ഞു.

Tags:    

Similar News