'ജീവിതത്തിലെ ചില നൈരാശ്യങ്ങള്‍ മൂലം' മനീഷും മറ്റുള്ളവവരും ജീവനൊടുക്കി എന്ന എഫ് ഐ ആര്‍; അമ്മയെ കൊന്ന് മക്കള്‍ രണ്ടു പേരും ആത്മഹത്യ ചെയ്യാനും സാധ്യത; അമ്മയുടെ മരണം അറിഞ്ഞ് അവിവാഹിതരായ രണ്ടു മക്കളും ജീവനൊടുക്കിയോ? കേരളാ പോലീസിനെ പരീക്ഷിക്കാന്‍ മറ്റൊരു കൂട്ടമരണം കൂടി; പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകം; കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ സംഭവിച്ചത് എന്ത്?
കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ കൂട്ട ആത്മഹത്യയില്‍ പുറത്തു നിന്നൊരാള്‍ക്ക് പങ്കില്ലെന്ന നിഗമനത്തില്‍ പ്രാഥമിക അന്വേഷണം. സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനിയും അമ്മ ശകുന്തളയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തി മനീഷും സഹോദരിയും ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. അമ്മയുടെ മൃതദേഹത്തിന് മുകളില്‍ വെള്ളത്തുണി വിരിച്ച് പൂക്കള്‍ വെച്ചിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുറിപ്പില്‍ ഹിന്ദിയില്‍ ഉള്ള വരികളാണുളളത്. സഹോദരിയെ അറിയിക്കണം എന്ന് മാത്രമാണ് ഇതിലുള്ളത്. മനീഷിന്റെ ഒരു സഹോദരി വിദേശത്താണ്. അടുക്കളയില്‍ കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലും കണ്ടെത്തി. 2011 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്. കേരളാ പോലീസിന് ഈ അന്വേഷണം കടുത്ത വെല്ലുവിളിയായി മാറാന്‍ ഇടയുണ്ട്.
ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. വീടിന്റെ കതക് പൊളിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ഒരാഴ്ചയായി മനീഷ് ഓഫീസിലെത്തിയിട്ടില്ലായിരുന്നു. അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടത്. പ്രദേശത്ത് ദുര്‍ഗന്ധം ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ മനീഷിന്റെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാന്‍ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. മൃതദേഹം അഴുകിയ നിലയിലാണ്. കഴിഞ്ഞ വര്‍ഷമാണ് സഹോദരി ശാലിനി ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ എക്‌സാം ഒന്നാം റാങ്കോടെ പാസ്സായത്. ഇവര്‍ അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു. അയല്‍ക്കാര്‍ക്ക് ഇവരെ കുറിച്ച് ഒന്നും അറിയില്ല.
ഹിന്ദിയില്‍ എഴുതിയ ഡയറിക്കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് ആത്മഹത്യാ കുറിപ്പാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മനീഷ് രണ്ടാഴ്ചയിലേറെയായി അവധിയിലായിരുന്നു. സഹോദരിയുടെ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്കു പോകണം എന്നായിരുന്നു അവധിക്ക് കാരണമായി പറഞ്ഞിരുന്നത്. ഇവര്‍ക്ക് അയല്‍ക്കാരുമായോ നാട്ടുകാരുമായോ അധികം അടുപ്പമുണ്ടായിരുന്നില്ല. മൂന്നു പേരുടെയും കിടപ്പുമുറികളിലായിരുന്നു മൃതദേഹം. കാക്കനാട് ഈച്ചമുക്കിലെ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സിലെ 114-ാം നമ്പര്‍ വീട്ടിലാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 വയസുള്ള മനീഷ് വിജയ്യുടെ മൃതദേഹം ഹാളിനോട് ചേര്‍ന്നുള്ള വലത്തേ മുറിയിലും 35 വയസുള്ള സഹോദരിയുടേത് വീടിന്റെ പിന്‍ഭാഗത്തെ മുറിയിലും തൂങ്ങിയ നിലയിലുമായിരുന്നു.
80 വയസിനോടടുത്ത് പ്രായമുള്ള മാതാവ് ശകുന്തള അഗര്‍വാളിന്റെ മൃതദേഹം കണ്ടെത്തിയത് വീടിന്റെ ഇടത്തേ മുറിയില്‍ പുതപ്പു കൊണ്ട് മൂടി മൃതദേഹത്തില്‍ പൂക്കള്‍ വര്‍ഷിച്ച രീതിയിലും. മനീഷിന്റെ മുറിയില്‍ നിന്ന് ഹിന്ദിയില്‍ എഴുതിയ ഒരു ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 'ജീവിതത്തിലെ ചില നൈരാശ്യങ്ങള്‍ മൂലം' മനീഷും മറ്റുള്ളവവരും ജീവനൊടുക്കി എന്ന നിലയിലാണ് തൃക്കാക്കര പൊലീസ് തയാറാക്കിയ എഫ്‌ഐആറില്‍ പറയുന്നത്. അവിവാഹിതരായ സഹോദരങ്ങള്‍ മാതാവ് മരിച്ചതിന്റെ ആഘാതത്തില്‍ ആത്മഹത്യ ചെയ്തതാണോ എന്ന സംശയവും ഉണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. അതുകൊണ്ട് തന്നെ അമ്മയുടെ മരണം എങ്ങനെയാണ് സംഭവിച്ചത് എന്ന കാര്യമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.
സാമ്പത്തികമായ പ്രശ്‌നങ്ങളൊന്നും ഈ കുടുംബത്തെ അലട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ ആത്മഹത്യയാണെങ്കില്‍ എന്താണ് അവരെ ഇതിലേക്കു നയിച്ചത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. സഹോദരിയുടെ ആവശ്യാര്‍ഥം മനീഷ് ജാര്‍ഖണ്ഡിലേക്ക് പോയിരുന്നില്ല എന്നും വിവരമുണ്ട്.